Posted by Devorise Dixon on Sunday, June 14, 2015
യു.എസിലെ കാലിഫോര്‍ണിയയിലെ വാട്‌സില്‍ ഒരു ഉപഭോക്താവിന് കെ.എഫ്.സി ഫ്രൈഡ് ചിക്കനു പകരം ഫ്രൈഡ് റാറ്റ് (വറുത്ത എലി)യെ നല്‍കിയെന്നാണ് ആക്ഷേപം. ഡെവോറിസ് ഡിക്‌സണ്‍ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ രണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതാണ് കെ.എഫ്.സിക്ക് വിനയായത്. ചിത്രത്തില്‍ എലിയെപ്പോലെ തോന്നുന്ന നീണ്ട വാലുള്ള ഒരു ജീവിയെയാണ് കാണുന്നത്.
കെ.എഫ്.സിയിലേക്ക് ഇതു തിരിച്ചുനല്‍കി മാനേജരുമായി സംസാരിച്ചപ്പോള്‍ അവര്‍ ഇത് എലിയാണെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ചു എന്ന കുറിപ്പിനൊപ്പമാണ് ഈ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്.
ഫെയ്‌സ്ബുക്കില്‍ 108,000 ത്തോളം പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.
അതേസമയം ആരോപണങ്ങള്‍ തള്ളി കെ.എഫ്.സി രംഗത്തെത്തിയിട്ടുണ്ട്. “കെ.എഫ്.സി ഉപഭോക്താവിന്റെ പരാതി ഗൗരവമായി പരിഗണിക്കുന്നുണ്ട്, ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഞങ്ങളുടെ ചിക്കന്‍ കഷണങ്ങള്‍ ചിലപ്പോള്‍ രൂപത്തിലും വലുപ്പത്തിലും മാറ്റമുണ്ടാവാറുണ്ട്. നിലവില്‍ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെ ശരിവെക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ മിസ്റ്റര്‍ ഡിക്‌സണെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. അദ്ദേഹത്തിനോട് ഈ ഉല്പന്നവുമായി റസ്റ്റോറന്റില്‍ പരിശോധനയ്ക്ക് എത്താനോ 1-800 എന്ന നമ്പറില്‍ കെ.എഫ്.സിയെ വിളിക്കാനോ അപേക്ഷിക്കുന്നു.” കെ.എഫ്.സിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
ഡിക്‌സണുമായി ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിട്ടും അദ്ദേഹം തങ്ങളോട് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ സംസാരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ആരോപിച്ച് കെ.എഫ്.സി ഒരു ഉപഭോക്താവിന് കമന്റും ഇട്ടിട്ടുണ്ട്. ഉല്പന്നം പരിശോധിക്കാന്‍ തങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടും ഉപഭോക്താവ് സഹകരിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു.