| Saturday, 16th November 2024, 7:47 pm

40 വര്‍ഷം തടവ്; ഫലസ്തീന്‍ അനുകൂലിയായ ഇടതുപക്ഷ നേതാവിനെ മോചിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: 40 വര്‍ഷങ്ങള്‍ക്ക് ശേഷം ലെബനന്‍-ഫലസ്തീന്‍ അനുകൂലിയായ രാഷ്ട്രീയ പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സ്. ജോര്‍ജ് ഇബ്രാഹിം അബ്ദല്ലയെ മോചിപ്പിക്കാനാണ് ഫ്രാന്‍സ് കോടതി ഉത്തരവിട്ടത്.

1987ലാണ് ജോര്‍ജ് ഇബ്രാഹിമിനെ ജീവപര്യന്തം തടവിന് ഫ്രാന്‍സ് വിധിക്കുന്നത്. യു.എസ് മിലിട്ടറി അറ്റാച്ച് ചാള്‍സ് റോബര്‍ട്ട് റേയുടെയും ഇസ്രഈല്‍ നയന്തന്ത്രജ്ഞന്‍ യാക്കോവ് ബാര്‍സിമാര്‍റോവിന്റെയും കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 1982ല്‍ ജോര്‍ജ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലെബനന്‍ ഗ്രാമമായ കൊബായത്തിലാണ് ജോര്‍ജ് ഇബ്രാഹിമിന്റെ ജനനം. ലെബനന്‍ ആക്ടിവിസ്റ്റായ അദ്ദേഹം അറസ്റ്റിലായതിന് പിന്നാലെ താനൊരു കുറ്റവാളിയല്ലെന്നും ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി നിലയുറച്ച വ്യക്തിയാണെന്നും പറഞ്ഞിരുന്നു.

ജീവപര്യന്തം തടവിനെ ചോദ്യം ചെയ്ത് 11 തവണ ജോര്‍ജ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് 1999ല്‍ ജോര്‍ജ് ഇബ്രാഹിം മോചനത്തിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ തടവുശിക്ഷ വീണ്ടും തുടരുകയായിരുന്നു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇടതുപക്ഷ പ്രവര്‍ത്തകനായ ജോര്‍ജ് ഇബ്രാഹിമിനെ ഡിസംബര്‍ ഏഴിന് മോചിപ്പിക്കും. ജോര്‍ജിനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂട്ടമാരുടെ വാദം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.

അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂട്ടമാര്‍ അറിയിച്ചു. പ്രോസിക്യൂട്ടര്‍മാരുടെ നീക്കം ജോര്‍ജ് ഇബ്രാഹിമിന്റെ മോചനത്തിനുള്ള സമയം വൈകിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

1960 മുതല്‍ 1970 വരെയുള്ള കാലയളവില്‍ വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തിരുന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ പി.എഫ്.എല്‍.പിയുടെ ഭാഗമായിരുന്നു ജോര്‍ജ് ഇബ്രാഹിം. 1978ല്‍ ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആധിനിവേശത്തിനിടെ ജോര്‍ജിന് സമരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പിന്നീട് 1988 കളോടെ ജോര്‍ജും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേര്‍ന്ന് ഫലസ്തീന്‍ അനുകൂല സായുധ സംഘമായ ലെബനീസ് ആംഡ് റെവല്യൂഷണറി ഫാക്ഷന്‍സ് (എല്‍.എ.ആര്‍.എഫ്) സ്ഥാപിക്കുകയും ചെയ്തിരുന്നു.

എല്‍.എ.ആര്‍.എഫിന് ഫ്രാന്‍സിലെ ആക്ഷന്‍ ഡയറക്ട്, ഇറാനിലെ റെഡ് ബ്രിഗേഡ്, ജര്‍മനിയിലെ റെഡ് ആര്‍മി തുടങ്ങിയ ഇടതുപക്ഷ സായുധ സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടുകളുടെയും 1981, 1982 വര്‍ഷങ്ങളില്‍ ഫ്രാന്‍സില്‍ നടന്ന ഒന്നിലധികം ആക്രമണങ്ങളുടെ ഉത്തരവാദിത്തം എല്‍.എ.ആര്‍.എഫ് ഏറ്റെടുത്തതും അടിസ്ഥാനമാക്കിയാണ് ജോര്‍ജ് ഇബ്രാഹിമിനെ ഫ്രാന്‍സ് തടവിലാക്കിയത്.

ജോര്‍ജിന്റെ തടവ് മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്രാന്‍സിലെ നിരവധി അവകാശ സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞ വ്യക്തി കൂടിയാണ് ജോര്‍ജ് ഇബ്രാഹിം.

Content Highlight: A French court ordered the release of a Lebanese politician who had been imprisoned for 40 years

We use cookies to give you the best possible experience. Learn more