ഇത് 'യുവയുഗം'; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നാലാമത്തെ അരങ്ങേറ്റക്കാരനും ഒരുങ്ങി
Sports News
ഇത് 'യുവയുഗം'; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നാലാമത്തെ അരങ്ങേറ്റക്കാരനും ഒരുങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 1:03 pm

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചതോടെ മുഹമ്മദ് സിറാജിനെയും ആകാശ് ദീപിനേയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി മുകേഷ് കുമാര്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും സെലക്ടര്‍മാരും ടീം മാനേജ്മെന്റും ആകാശിനെ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2024 രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മുകേഷ് 10 വിക്കറ്റ് നേടിയപ്പോള്‍, അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റാണ് ആകാശ് വീഴ്ത്തിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വിശ്രമത്തിലായിരുന്ന മുഹമ്മദ് സിറാജിന്റെ പകരക്കാരനായി വന്ന മുകേഷിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. മറുവശത്ത്, അതേ മത്സരത്തില്‍ നിന്ന് ജസ്പ്രീത് ബുംറ ഒമ്പത് വിക്കറ്റുകളാണ് നേടിയത്.

2019-ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ആകാശ് ദീപ് കളിച്ചത്. 23.58 ശരാശരിയിലും 3.03 ഇക്കോണമി റേറ്റിലും 104 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ആകാശ് കളിക്കുകയാണെങ്കില്‍, പരമ്പരയില്‍ ഇന്ത്യയുടെ നാലാമത്തെ അരങ്ങേറ്റക്കാരനാകാന്‍ താരത്തിന് സാധിക്കും. രജത് പാട്ടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ എന്നിവരാണ് നേരത്തെ അരങ്ങേറിയവര്‍.

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തുന്നത്. രാജ്കോട്ടില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് 434 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്സിലാണ് നടക്കുക. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

 

Content Highlight: A fourth debutant is also set for the Test against England