വാഷിങ്ടണ്‍: ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ ട്രംപ് ഭരണകൂടം സൗദിയെ സഹായിക്കുന്നതായി മുന്‍ സി.ഐ.എ ഓഫീസര്‍. ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ യു.എസ് ബോധപൂര്‍വ്വം അടിച്ചമര്‍ത്തിയെന്നാണ് മിഡില്‍ ഈസ്റ്റ് ചുമതലയുള്ള സി.ഐ.എ കേസ് ഓഫീസറായി പ്രവര്‍ത്തിച്ച ബോബ് ബെയര്‍ സി.എന്‍.എന്നിനോടു പറഞ്ഞത്.
“സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ പലപ്പോഴും കണ്ണടച്ചു” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഖഷോഗ്ജി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി പലവട്ടം തങ്ങളുടെ നിലപാട് മാറ്റിയിരുന്നു.
Also Read:ശബരിമലയില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക്: തൃപ്തി ദേശായി
ഖഷോഗ്ജി കോണ്‍സുലേറ്റിനുള്ളില്‍ നിന്നും സുരക്ഷിതനായി മടങ്ങിയെന്നായിരുന്നു തുടക്കത്തില്‍ സൗദി അവകാശപ്പെട്ടത്. എന്നാല്‍ പിന്നീട് കോണ്‍സുലേറ്റിനുള്ളില്‍ അദ്ദേഹം കൊല്ലപ്പെട്ടെന്നും അവിടെവെച്ചുണ്ടായ വാക്കേറ്റം കൊലപാതകത്തിലേക്കു നയിക്കുകയായിരുന്നുവെന്നും സൗദി നിലപാട് തിരുത്തി. എന്നാല്‍ ആസൂത്രിതമായ കൊലയാണ് നടന്നതെന്ന നിലപാടില്‍ തുര്‍ക്കി അധികൃതര്‍ ഉറച്ചുനിന്നിരുന്നു.
ഖഷോഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന ആരോപണവും ശക്തമാണ്.