ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഗവര്‍ണര്‍ക്ക് മാപ്പുകത്ത് നല്‍കിയതിന് പിന്നാലെ കൊലക്കേസില്‍ തടവിലായിരുന്ന മുന്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് മോചനം. സമാജ്‌വാദി പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ തടവിലായിരുന്ന ബി.ജെ.പി നേതാവ് ഉദയ്ഭന്‍ കര്‍വാരിയക്കാണ് മോചനം ലഭിച്ചത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ് കര്‍വാരിയയുടെ മാപ്പപേക്ഷ അംഗീകരിച്ചത്.
1996 ഓഗസ്റ്റില്‍ പ്രയാഗ്രാജില്‍ വെച്ച് ജവഹര്‍ യാദവ് എന്ന എസ്.പി നേതാവിനെയാണ് കര്‍വാരിയയും സംഘവും കൊലപ്പെടുത്തിയത്. കേസില്‍ ശിക്ഷിക്കെപ്പെട്ട നാല് പ്രതികളില്‍ ഒരാളായിരുന്നു ഉദയ്ഭന്‍ കര്‍വാരിയ. ജവഹര്‍ യാദവിന് നേരെ വെടിയുതിര്‍ത്താണ് സംഘം കൊലപാതകം നടത്തിയത്.
തുടര്‍ന്ന് 2019ല്‍ കാര്‍വാരിയയെ ജീവപര്യന്തം തടവിന് ശക്ഷിക്കുകയും ചെയ്തു. നാല് പ്രതികളില്‍ രണ്ട് പേര്‍ കര്‍വാരിയയുടെ സഹോദരങ്ങളാണ്. കപില്‍മുനി കര്‍വാരിയ, സൂരജ്ഭന്‍ കര്‍വാരിയയ്ക്കും പുറമെ ഇവരുടെ ഒരു സഹായിക്കെതിരെയും 1996ല്‍ കേസെടുത്തിരുന്നു. കര്‍വാരിയ സഹോദരങ്ങള്‍ 2015ല്‍ കീഴടങ്ങുകയായിരുന്നു.
യോഗി സര്‍ക്കാരില്‍ നിന്ന് ശുപാര്‍ശ സ്വീകരിച്ചതിന് ശേഷമാണ് കാര്‍വാരിയയുടെ മാപ്പപേക്ഷ ഗവര്‍ണര്‍ അംഗീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ജയിലിലെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് പ്രയാഗ്രാജ് സീനിയര്‍ പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും ബി.ജെ.പി നേതാവിനെ വിട്ടയക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ല്‍ യു.പി സര്‍ക്കാര്‍ കര്‍വാരിയയ്ക്ക് മാപ്പ് നല്‍കിയിരുന്നു. എന്നാല്‍ അലഹബാദ് കോടതി സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു,. നിലവില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയെ വെറുതെവിട്ട നടപടിക്കെതിരെ ജവഹര്‍ യാദവിന്റെ പങ്കാളി വിജ്മ യാദവ് വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരം ഒരു ഗവര്‍ണര്‍ക്ക് തടവിലുള്ളവര്‍ക്ക് മാപ്പ് നല്‍കാനും ചില കേസുകളില്‍ ശിക്ഷകള്‍ സസ്‌പെന്‍ഡ് ചെയ്യാനും ഇളവ് ചെയ്യാനും അധികാരമുണ്ട്. ഇതുപ്രകാരമാണ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ കര്‍വാരിയയുടെ മാപ്പപേക്ഷ അംഗീകരിച്ചത്.
Content Highlight: A former BJP MLA who was convicted in the case of killing a SP leader was released from jail on the pardon of the Governor