കാടിനകത്ത് ആറ് കിലോമീറ്റര്‍ ദൂരം ഉള്ളിലുള്ള പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ വിവരം പുറത്തറിയുന്നതിനും കുമാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും കാലതാമസമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകീട്ട് ആറ് മണിക്ക് അപകടം നടന്നെങ്കിലും ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കുമാരനെ കാടിനകത്ത് നിന്ന് പുറത്തെടുക്കാനായത്. പിന്നീട് ജീപ്പ് റോഡിലെത്തിച്ച്, അവിടെ നിന്നാണ് കുമാരനെ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.
കൊല്ലത്തിരുമേട് സ്റ്റേഷനില്‍ നിന്നും പെരിങ്ങല്‍ക്കുത്ത് കോളനിക്ക് സമീപം പരിശോധന നടത്തുന്നതിന് വേണ്ടി പോയ വാച്ചര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന ആളാണ് കുമാരന്‍. പരിശോധന നടത്തുന്നതിനടിയില്‍ പെട്ടെന്നൊരു മോഴയാന വാച്ചര്‍മാര്‍ക്കിടയിലേക്ക് വരികയായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുമാരന്‍ താഴെ വീഴുകയും പിന്നാലെ എത്തിയ ആന കുമാരനെ തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.
ആന പ്രദേശത്ത് നിന്ന് മാറിയതിന് ശേഷം മാത്രമാണ് കൂടെയുണ്ടായിരുന്നവര്‍ക്ക് കുമാരനെ മുളകൊണ്ട് കെട്ടിയ താത്കാലിക സംവിധാനത്തില്‍ ചുമന്ന് പുറത്തെത്തിക്കാനായത്. കുമാരന്റെ മൃതദേഹം നിലവില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.
content highlights: A forest watcher was trampled to death by a wild elephant in Athirapalli