ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ അഞ്ച് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആറും പതിമൂന്നും പതിനാറും വയസ്സുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ആണ്‍കുട്ടികളെയും തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സംഭവം നടക്കുന്നത്.
മൂന്ന് ആണ്‍കുട്ടികളും ചേര്‍ന്ന് പെണ്‍കുട്ടിയെ വീടിന് മുകളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പൊലീസ് സൂപ്രണ്ട് എസ്.പി വിക്രാന്ദ് വീര്‍ വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികളില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യല്‍ തുടരുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യോഗേന്ദ്ര ബഹാദൂര്‍ സിംഗ് പറഞ്ഞു.
Content Highlight: A five-year-old girl was raped by three boys in Uttar Pradesh