ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മധുരയില്‍ സര്‍ക്കാര്‍ ചൈല്‍ഡ് ഷെല്‍ട്ടര്‍ ഹോമില്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റ് പുല്‍കിത് ഖരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സമഗ്രമായ അന്വേഷണം ഉറപ്പാക്കണമെന്നും അതിനായി പ്രോട്ടോക്കോള്‍ പ്രകാരം മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുന്നതായും ജില്ലാ മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ചൈല്‍ഡ് ഷെല്‍ട്ടര്‍ ഹോമിലെ ജീവനക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിന്റെ നില ഗുരുതരമായിരുന്നുവെന്നും പിന്നാലെ ആഗ്രയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വികാസ് ചന്ദ് പറഞ്ഞു.
ആഗ്രയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് പോവുന്ന വഴിയില്‍ വെച്ച് കുഞ്ഞ് മരണപ്പെട്ടതായി പോസ്റ്റ് മോര്‍ട്ടം നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണെന്നും അതേസമയം ഡോക്ടര്‍മാരുടെ പ്രാഥമിക നിരീക്ഷണത്തില്‍ ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയതായും ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു.
Content Highlight: A five-month-old baby died in a shelter home in Uttar Pradesh; Order for magisterial inquiry