വാഷിങ്ടണ്‍: പുതുതായി കണ്ടുപിടിച്ച ശുദ്ധജലമത്സ്യവര്‍ഗത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിട്ടു. []
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഗോളവീക്ഷണമാണ് മത്സ്യത്തിന് ഒബാമയുടെ പേരിടാന്‍ കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
വടക്കന്‍ അമേരിക്കയുടെ കിഴക്കന്‍ഭാഗത്ത് നദിയില്‍നിന്നുള്ള ചാലില്‍ കണ്ടെത്തിയ “ഡാര്‍ട്ടേഴ്‌സ്” മത്സ്യമാണ് “എത്തിയോസ്‌റ്റോമ ഒബാമ” എന്ന പേരില്‍ അറിയപ്പെടുക. “പെര്‍ച്ച്” മത്സ്യകുടുംബത്തിലെ ഏറ്റവും ചെറിയ അംഗങ്ങളാണ് ഈ മത്സ്യങ്ങള്‍.
വേഗമാര്‍ന്ന നീരൊഴുക്കിലെ ചെളിയുടെയും പാറക്കഷണങ്ങളുടെയും അടിയില്‍ പെട്ടെന്ന് ഒളിക്കാന്‍ കഴിവുള്ള മത്സ്യങ്ങളാണ് ഇവ. ആണ്‍മത്സ്യങ്ങള്‍ ഓറഞ്ച് നിറത്തില്‍ പ്രകാശമേറിയവയാണ്.
ഇവയുടെ മുഖത്ത് നീല നിറത്തിലുള്ള മനോഹരമായ കുത്തുകളും വരകളും ദൃശ്യമാണ്. ആണ്‍മത്സ്യങ്ങള്‍ക്ക് 48 മില്ലിമീറ്ററും പെണ്‍മത്സ്യങ്ങള്‍ക്ക് 43 മില്ലിമീറ്ററും വലുപ്പം വരും.
നീരൊഴുക്കില്‍നിന്ന് കണ്ടെത്തിയ മറ്റ് നാല് ഡാര്‍ട്ടേഴ്‌സ് മത്സ്യവിഭാഗങ്ങള്‍ക്ക് അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരായ ടെഡി റൂസ് വെല്‍റ്റ്, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റന്‍, വൈസ് പ്രസിഡന്റായിരുന്ന അല്‍ഗോര്‍ എന്നിവരുടെ പേരും ഇട്ടു.