കള്ളപ്പണം വെളുപ്പിക്കല്‍; അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി
national news
കള്ളപ്പണം വെളുപ്പിക്കല്‍; അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2023, 11:41 am

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ ഫിനാഷ്യല്‍ ലൈസന്‍സും ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍ലസും റദ്ദാക്കി. അദാനി ഗ്രൂപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് എട്ടു മാസം മുന്‍പ്, അതായത് 2022 മെയ് മാസത്തിലാണ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയത്.

മൗറീഷ്യന്‍ ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മീഷനാണ് എമേര്‍ജിംഗ് ഇന്ത്യ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (EIFM) ബിസിനസ്, നിക്ഷേപ ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നത്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനികള്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ച ഫണ്ടുകളെ കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതടക്കമുള്ള നിരവധി നിയമലംഘനങ്ങള്‍ ആരോപിച്ചാണ് എഫ്.എസ്.സി എന്‍ഫോഴ്‌സ്‌മെന്റ് കമ്മിറ്റി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

ലൈസന്‍സ് റദ്ദാക്കിയത് സ്ഥിരമായാണെന്നും ബാധ്യതകള്‍ തീര്‍പ്പാക്കാനുള്ള അവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നുവെന്നും ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് എഫ്.എസ്.സി വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

 

‘ഒരു ലൈസന്‍സ് റദ്ദാക്കുമ്പോള്‍ അത് സ്ഥിരമായിത്തന്നെയായിരിക്കും. ഈ റദ്ദാക്കലിന് പിന്നാലെ അവരുടെ ബിസിനസ് ക്രമാനുസാരമായി പിരിച്ചുവിടുന്നതിനും ബാധ്യതകള്‍ തീര്‍ക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ആരംഭിക്കാന്‍ ലൈസന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ എഫ്.എസ്.സി വക്താവ് പറഞ്ഞു.

സ്വതന്ത്ര ഓഹരി ഉടമകളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് വക്താവിന്റെ മറുപടി.

‘സ്വതന്ത്ര, വ്യക്തിഗത ഓഹരി ഉടമകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരിക്കലും അഭിപ്രായം പറയാന്‍ സാധിക്കില്ല,’ അദാനി ഗ്രൂപ്പിന്റെ വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയടക്കമുള്ളവരുടെ രഹസ്യ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആര്‍.പി) എന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിഴല്‍ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നുമാണ് ഒ.സി.സി.ആര്‍.പി പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.

അദാനി കുടുംബവുമായി ദീര്‍ഘകാല ബിസിനസ് ബന്ധമുള്ള തായ്‌വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാന്‍ അലി എന്നിവരാണ് 2013-18 കാലയളവില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികള്‍. ഇവര്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. ഇവരുടെ ഓഹരി വിഹിതം കൂടി പരിഗണിച്ചാല്‍, പ്രൊമോട്ടര്‍മാര്‍ ലിസ്റ്റഡ് കമ്പനികളുടെ 75 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കരുതെന്ന നിയമം അദാനി ഗ്രൂപ്പ് ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡര്‍ബര്‍ഗും ഈ വര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ അനുമാനങ്ങള്‍ ശരിവെക്കുന്ന രേഖകളാണ് ഒ.സി.സി.ആര്‍.പിക്ക് ലഭിച്ചത്.

കടലാസ് കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

 

2013 സെപ്റ്റംബറില്‍ വെറും എട്ടു ബില്യണ്‍ ഡോളറായിരുന്ന അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം 260 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് നിക്ഷേപത്തട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കുകയും തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ അദാനി തന്നെ വാങ്ങുകയും ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി പണം തട്ടുകയും ചെയ്തെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

 

 

Content Highlight: A firm linked to Adani Investors has lost its license in Mauritius for money laundering