| Tuesday, 17th January 2023, 6:20 pm

ഒന്നാമതെത്തുന്നു, കുറച്ചുനേരം കഴിയുന്നു, ഓസ്‌ട്രേലിയ പടിയിറക്കുന്നു; മണിക്കൂറുകള്‍ മാത്രം ഒന്നാം റാങ്കുകാരായി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ വീണ്ടും ഒരിക്കല്‍ക്കൂടി ഒന്നാം സ്ഥാനക്കാരാവാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ആ മേധാവിത്വം തുടരാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. മണിക്കൂറുകള്‍ മാത്രം ഇന്ത്യയെ ഒന്നാം സ്ഥാനക്കാരായി ഇറിക്കാന്‍ അനുവദിച്ച് ഓസ്‌ട്രേലിയ വീണ്ടും ഐ.സി.സി പട്ടികയില്‍ മുമ്പിലെത്തിയിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്തതോടെയാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരായിരിക്കാന്‍ സാധിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ വിജയം ഓസീസിനെ വീണ്ടും പട്ടികയുടെ തലപ്പത്തേക്കെത്തിച്ചു.

ഐ.സി.സി റാങ്കിങ് അപ്‌ഡേഷന്റെ ഭാഗമായാണ് ഇന്ത്യക്ക് അല്‍പനേരം വീണ്ടും പഴയ ഇന്ത്യയാകാന്‍ സാധിച്ചത്.

115 എന്ന റേറ്റിങ്ങും 3,690 പോയിന്റുമായിരുന്നു ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യക്കുണ്ടായിരുന്നത്. രണ്ടാമതുള്ള ഓസീസിനാകട്ടെ 3,231 പോയിന്റും 111 എന്ന റേറ്റിങ്ങും. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വന്നപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

നിലവില്‍ ഒന്നാമതുള്ള ഓസ്‌ട്രേലിയക്ക് 3,668 പോയിന്റും 126 റേറ്റിങ് പോയിന്റുമാണുള്ളത്. ഓസ്‌ട്രേലിയയേക്കാള്‍ മൂന്ന് ടെസ്റ്റ് അധികം കളിച്ച ഇന്ത്യക്ക് 115 റേറ്റിങ് പോയിന്റും 3,690 പോയിന്റുമാണുള്ളത്.

പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരുമാണ് ഇനി ഏറ്റുമുട്ടാനുള്ളത്. ഫെബ്രുവരിയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാല് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തും.

ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍മായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ ഈ പരമ്പരയിലെ ആധികാരിക വിജയം ഇന്ത്യക്ക് അനിവാര്യമാണ്. ഓസ്‌ട്രേലിയ ഇതിനോടകം ഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു.

മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കും നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്കും ഫൈനല്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ ബാക്കിയുണ്ടെന്നിരിക്കെ വിജയം മാത്രമേ ഇന്ത്യക്ക് തുണയാകൂ.

ഐ.സി.സി ടെസ്റ്റ് റാങ്കിങ് പട്ടികയുടെ പൂര്‍ണ രൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയുടെ പൂര്‍ണ രൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlight: A few hours later, Australia ousted India from the top spot in Test cricket

We use cookies to give you the best possible experience. Learn more