നൂറാം ടെസ്റ്റില്‍ വിരാട് നൂറടിക്കില്ല, 45ല്‍ പുറത്താവും, ആരാധകന്റെ പ്രവചനത്തില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം; പ്രവചനം ശരിവെച്ച് 45ല്‍ ഔട്ടായി കോഹ്‌ലി
Sports News
നൂറാം ടെസ്റ്റില്‍ വിരാട് നൂറടിക്കില്ല, 45ല്‍ പുറത്താവും, ആരാധകന്റെ പ്രവചനത്തില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം; പ്രവചനം ശരിവെച്ച് 45ല്‍ ഔട്ടായി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th March 2022, 4:44 pm

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പദവിയിലിരിക്കെയായിരുന്നു വിരാട് ടീമിന്റെ നായകസ്ഥാനം രാജിവെക്കുന്നത്. കരിയറിലെ നൂറാം ടെസ്റ്റിന് ശേഷം സ്ഥാനമൊഴിയാമെന്ന ബി.സി.സി.ഐയുടെ വാക്കുകളെ അവഗണിച്ചായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം.

ഇപ്പോഴിതാ താരം തന്റെ നൂറാം ടെസ്റ്റ് കളിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയാണ് താരം തന്റെ കരിയറിലെ നൂറാം ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടുന്നത്.

നൂറാം ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് ഏറെ നാളുകളായുള്ള സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിടണമെന്നായിരുന്നു കോഹ്‌ലിയും ആരാധകരും ഒരുപോലെ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കി സ്‌കോര്‍ 45ല്‍ നില്‍ക്കുമ്പോള്‍ താരം പുറത്താവുകയായിരുന്നു.

ശ്രീലങ്കന്‍ താരം ലസിത് എംബുല്‍ഡെനിയയെറിഞ്ഞ ഫുള്ളര്‍ ഡെലിവറിയില്‍ വിരാട് പുറത്തായപ്പോള്‍ വിരാടും ഡ്രസ്സിംഗ് റൂമും ഒരുപോലെ ഞെട്ടലിലായിരുന്നു.

 

എന്നാല്‍, മത്സരത്തിന് മുന്‍പ് ഒരു ക്രിക്കറ്റ് ആരാധകന്റെ പ്രവചനത്തിലാണ് ക്രിക്കറ്റ് ലോകം ഒന്നാകെ വണ്ടറടിച്ചിരിക്കുന്നത്. നൂറാം ടെസ്റ്റില്‍ വിരാട് നേടാന്‍ പോവുന്ന സ്‌കോറും, വിരാടിന്റെ വിക്കറ്റ് വീഴ്ത്തുന്ന ബൗളറുടെ പേരുമടക്കമായിരുന്നു Sruthi #100 എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പ്രവചനം ട്വീറ്റ് ചെയ്യപ്പെട്ടത്.

‘നൂറാം ടെസ്റ്റില്‍ വിരാട് സെഞ്ച്വറി നേടില്ല, 45 റണ്‍സായിരിക്കും താരം നേടുക. മനോഹരമായ നാല് കവര്‍ ഡ്രൈവുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറക്കും. എംബുല്‍ഡെനിയ വിരാടിന്റെ വിക്കറ്റ് വീഴ്ത്തും. വിക്കറ്റ് വീണത് വിശ്വസിക്കാനാവാതെ വിരാട് ഒരു നിമിഷം തരിച്ചു നില്‍ക്കും,’ എന്നായിരുന്നു ട്വീറ്റ് ചെയ്തത്.

പ്രവചനം സത്യമാവുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. വ്യക്തിഗത സ്‌കോര്‍ 45ഉം, ടീം സ്‌കോര്‍ 170ലും നില്‍ക്കവെയാണ് വിരാട് പുറത്താവുന്നത്. പുറത്താക്കിയത് എംബുല്‍ഡെനിയയും. വിക്കറ്റ് വീണ അമ്പരപ്പില്‍ വിരാട് തരിച്ചു നില്‍ക്കുന്ന വിഷ്വല്‍സും കുറഞ്ഞ സമയം കൊണ്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

ആദ്യ ഇന്നിംഗ്‌സിലെ 78ാം ഓവര്‍ പിന്നിടുമ്പോള്‍ 315റണ്‍സിന് 5 വിക്കറ്റ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 82 റണ്‍സുമായി പന്തും 32 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.

Content Highlight: A Fan’s Tweet Goes Viral Predicting Virat Kohli’s Score And Wicket In His 100th Test