കോഴിക്കോട്: കേരളം നേടിയ വികസനത്തെ കുറിച്ച് ശശി തരൂര്‍ നടത്തിയത് വസ്തുതാപരമായ പ്രതികരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയില്‍ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എം.പി ലേഖനമെഴുതിയതിന് പിന്നാലെയുണ്ടായ വിവാദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നാടിന്റെ വികസനം വലിയ തോതില്‍ ഉണ്ടായിരിക്കുന്നു എന്നത് രാജ്യത്തിനും ലോകത്തിനും മുന്നില്‍ കാര്യങ്ങള്‍ മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കുകയുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. കേരളം നേടിയ വികസനത്തെ കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ഒരു ജനപ്രതിനിധിയില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് തരൂര്‍ പറഞ്ഞിരുന്നു.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. സംരംഭങ്ങള്‍ക്ക് ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്ന് മാത്രമല്ല അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കുമെന്നും രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണമെന്നും കുട്ടികളുടെ ഭാവിക്ക് നിക്ഷേപങ്ങള്‍ അത്യാവശ്യമാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനമെന്നും അദ്ദേഹം വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരിച്ചിരുന്നു.
ആര് ഭരിച്ചാലും കേരളത്തിന് വികസനമാണെന്നും സ്റ്റാര്‍ട്ടപ്പുകള്‍ അത്യാവശ്യമാണെന്നും ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ റിപ്പോര്‍ട്ടിലാണ് താന്‍ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ടതെന്നും നല്ല കാര്യങ്ങളായത് കൊണ്ടാണ് പിന്തുണച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
Content Highlight: A factual response by the People’s Representative on the development achieved by Kerala: Chief Minister