| Friday, 19th January 2024, 5:15 pm

പുത്തന്‍പള്ളി വടക്കുംനാഥന്റെ മണ്ണില്‍; തിരിച്ചുപിടിക്കുമെന്ന ഹിന്ദുത്വ നേതാവിന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി നേതാവായ സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ അഡ്വക്കേറ്റ് കൃഷ്ണരാജ് 2020ല്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വ്യാപകമായി പങ്കുവെക്കപ്പെടുന്നു. വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ വസ്തുവകകളും സ്ഥലങ്ങളും സംബന്ധിച്ച കൃഷ്ണരാജിന്റെ കുറിപ്പാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തന്‍പള്ളി അടക്കമുള്ള ഇതര മത സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നും ഈ സ്ഥലങ്ങള്‍ അടുത്ത കാലങ്ങളിലായി തിരിച്ചുപിടിക്കുമെന്നാണ് കൃഷ്ണരാജ് കുറിപ്പില്‍ അവകാശപ്പെട്ടിരുന്നത്.

വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് തൃശൂര്‍ റോമന്‍ കത്തോലിക്കാ രൂപതയുടെയും ആര്‍ച്ച് ബിഷപ്പിന്റെയും പുത്തന്‍പള്ളി സ്ഥിതി ചെയ്യുന്നതെന്നും, ഇതിനുപുറമെ തൃശൂര്‍ സെന്റ് തോമസ് കോളേജും ഹോസ്റ്റലും വടക്കുംനാഥന്റെ വസ്തുവിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും കൃഷ്ണരാജ് വാദം ഉയര്‍ത്തിയിരുന്നു.

മതേതരം പൂത്തുലഞ്ഞപ്പോള്‍ വടക്കുംനാഥന്റെ പറമ്പില്‍ പള്ളിയും രൂപതയും കോളേജും പൊങ്ങിയെന്നും തുടര്‍ന്ന് അവ റോമന്‍ കത്തോലിക്കാ രൂപതയുടെയും ആര്‍ച്ച് ബിഷപ്പിന്റെയും അഭിമാനമായിമാറിയെന്നും കൃഷ്ണരാജ് പറഞ്ഞു. എന്നാല്‍ ഹിന്ദുക്കളും ദേവസ്വം ബോര്‍ഡും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കാര്യങ്ങള്‍ മനസിലാക്കിയ ഹിന്ദുക്കള്‍ക്ക് മതേതരത്വത്തിന്റെ അസുഖമുള്ളതിനാല്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട് മിണ്ടാതെ കണ്ണടച്ച് പാല് കുടിച്ചുവെന്നും കൃഷ്ണരാജ് ആരോപണം ഉയര്‍ത്തി.

ഇതിന്റെ പശ്ചാത്തലത്തില്‍ വടക്കുംനാഥന്റെ വസ്തുവകകളും ഓരോ ഇഞ്ച് ഭൂമിയും തിരികെ പിടിച്ച് നല്‍കുമെന്നായിരുന്നു കൃഷ്ണരാജിന്റെ പ്രഖ്യാപനം. സര്‍ക്കാരിന്റെ ഒത്താശയില്‍ കള്ള ഉടമസ്ഥ രേഖകള്‍ കൈക്കലാക്കിക്കൊണ്ട് വടക്കുംനാഥന്റെ വസ്തുക്കള്‍ കയ്യേറി മാളികകളും പള്ളികളും പണിഞ്ഞു വാഴുന്നോര്‍ ചെവിയില്‍ നുള്ളി കാത്തിരുന്നോളൂവെന്നും കൃഷ്ണരാജ് പറഞ്ഞിരുന്നു.

കൃഷ്ണരാജ് ഏതറ്റം വരെ പോയാലും തൃശൂരില്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. അയോധ്യയില്‍ തോറ്റതിന്റെ പേരില്‍ കേരളത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും കൃഷ്ണരാജ് സംഘപരിവാറിന്റെ അടിമയാണെന്നും വിമര്‍ശനമുണ്ട്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃശ്ശൂരിലെ പള്ളിയില്‍ സുരേഷ് ഗോപി സ്വര്‍ണകിരീടം സമര്‍പ്പിച്ചതിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും മനസിലാവുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Content Highlight: A Facebook post posted by Advocate Krishnaraj in 2020 regarding Vadakkumnath Temple is being discussed

We use cookies to give you the best possible experience. Learn more