നിലമ്പൂര്‍: നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ പ്രസവ വാര്‍ഡിന്റെ അവസ്ഥ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. പ്രസവ വാര്‍ഡില്‍ ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര ബെഡോ സൗകര്യങ്ങളോ ഇല്ല. വാര്‍ഡിലുളളത് ആകെ 14 ബെഡുകള്‍, ഇതില്‍ രണ്ടെണ്ണം എസ്.സി,എസ്.ടി സംവരണമാണ്. ചുങ്കത്തറ സ്വദേശി സിന്ധുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പ്രസവ വാര്‍ഡെന്ന് ഇതിനെ ഇപ്പോള്‍ വിളിക്കാന്‍ പറ്റില്ലെന്നും നരക വാര്‍ഡാണിതെന്നും സിന്ധു പറഞ്ഞു. ആശുപത്രിയില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്ക് നിലത്ത് പാ വിരിച്ച് കിടക്കാനുള്ള സൗകര്യം പോലും ആശുപത്രിയില്‍ ഇല്ലെന്നും കുറിപ്പില്‍ പറയുന്നു. ആകെ മൂന്ന് ടോയ്‌ലറ്റ് മാത്രമാണുള്ളതെന്നും ഇത് മൂലം ആശുപത്രിയില്‍ എത്തുന്ന ഗര്‍ഭിണികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തിയായി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഭരണപക്ഷവും പ്രതിപക്ഷവും ഇടപെടുന്നില്ലെന്നും സിന്ധു വിമര്‍ശിച്ചു.
നിലമ്പൂര്‍ ഗവണ്‍മെന്റാശുപത്രിയുടെ പ്രസവവാര്‍ഡിന് ഇനിയും സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍
സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ജീവനുകള്‍ നഷ്ടമാവും. ‘ഒരു നിവൃത്തിയും ഇല്ലെങ്കില്‍ നിറവയറുമായി ഗര്‍ഭിണികള്‍ റോഡിലേക്കിറങ്ങും, അത് നാടിന് തീര്‍ത്താല്‍ തീരാത്ത നാണകേടാവും,’ സിന്ധു പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ഈ വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിന് താഴെ
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.
‘എട്ട് വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ബ്ലോക്കിന് അനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ചിരുന്നു. നിര്‍മ്മാണം ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ പകുതിയില്‍ നിര്‍ത്തി പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ നിര്‍മ്മാണ തുകയില്‍ വലിയ വ്യത്യാസം വന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. ഇതിലൂടെ തന്നെ ആശുപത്രികളിലെത്തുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള നിലമ്പൂരുകാര്‍ നേരിടുന്ന വിഷമത്തിന് പരിഹാരം കാണാന്‍ കഴിയും,’മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഞാനിതെഴുതുന്നത് നിലമ്പൂര്‍ ഗവണ്‍മെന്റാശുപത്രിയുടെ പ്രസവ വാര്‍ഡില്‍ നിന്നാണ്, പ്രസവ വാര്‍ഡ് എന്നല്ല നരകവാര്‍ഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക. ഒരാള്‍ക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ കഷ്ടപ്പെടുന്ന ബെഡ്ഡില്‍ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗര്‍ഭിണികളാണ്, ആകെ ഉള്ളത് പതിനാലു ബെഡ്ഡ,് അതില്‍ രണ്ടെണം എസ്.ടി,എസ്.സി സംവരണ ബെഡ്
ഇന്നലെ മാത്രം വന്നത് 35 അഡ്മിഷന്‍, അതില്‍ 90 ശതമാനവും പൂര്‍ണ്ണ ഗര്‍ഭിണികള്‍, വേദന തുടങ്ങിയവരും, ഓപ്പറേഷനുള്ളവരും, വെള്ളം പോയി തുടങ്ങിയതും. അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവര്‍, നിലത്തുപോലും പാ വിരിച്ചു കിടക്കാന്‍ ഇടമില്ല, പരിമിതമായ സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങള്‍ ഈ തിരക്കിനിടയില്‍ എത്തിക്കാന്‍ പെടാപ്പാടുപെടുന്ന ജീവനക്കാര്‍, നഴ്‌സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം
പ്രസവിക്കാനുള്ളവരും, പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷന്‍ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളില്‍. വയറു കഴുകിയവരും ഓപ്പറേഷന്‍ കഴിഞ്ഞവര്‍ക്കും കക്കുസില്‍ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത്, അതില്‍ തന്നെ ഒരൊറ്റ യൂറോപ്യന്‍ ക്ലോസറ്റ് മാത്രം
ഇത്രയും സ്ത്രീകള്‍ പ്രസവിക്കാനായി, വെറും രണ്ടേ രണ്ടു ടേബിള്‍ മാത്രം, ഇന്നലെ രാത്രി സിസ്റ്റര്‍ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവര്‍ ഒന്നു പ്രസവിച്ചു തീരട്ടെ , ഗതിയില്ലെങ്കില്‍ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന്, അവരെ കുറ്റം പറയാന്‍ പറ്റില്ല മൂന്നോ നാലോ പേര്‍ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാല്‍ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നില്‍ക്കേണ്ടി വരും.
വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാന്‍ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാന്‍ മരണം വരെ മറക്കില്ല, തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നില്‍പ്പു തുടരുന്നു. ഈ നരകത്തില്‍ നിന്നും നിലമ്പൂര്‍ ഗവണ്‍മെന്റാശുപത്രിയുടെ പ്രസവവാര്‍ഡിന് ഇനിയും മോചനം വന്നില്ല എങ്കില്‍ ഒരു ദിവസം വേണ്ടവിധത്തില്‍ സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ജീവനുകള്‍ നഷ്ടമാവും. ഒരു നിവൃത്തിയും ഇല്ലെങ്കില്‍ നിറവയറുമായി ഗര്‍ഭിണികള്‍ റോഡിലേക്കിറങ്ങും ,അത് നാടിനു തീര്‍ത്താല്‍ തീരാത്ത നാണക്കേടാവും’
സിന്ധു സൂരജ്
ചുങ്കത്തറ
നിലമ്പൂര്‍ ഗവണ്‍മെന്റാശുപത്രിയുടെ പ്രസവവാര്‍ഡില്‍ നിന്നും
എന്റെ പോസ്റ്റു വായിച്ചു കമന്റിടാന്‍ ഞാന്‍ ആവശ്യപെടാറില്ല പക്ഷേ ഈയൊരു പോസ്റ്റിന് ഒരു കുത്തെങ്കിലും നല്‍കണം, അപേക്ഷയാണ്.
Contenthighlight: A facebook post pointing out the deplorable condition of the maternity ward of the nilambur gvt hospital is being discussed