വിദ്വേഷം പ്രചരിപ്പിച്ചുള്ള ലാഭം വേണ്ട; ഫേസ്ബുക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു
Facebook
വിദ്വേഷം പ്രചരിപ്പിച്ചുള്ള ലാഭം വേണ്ട; ഫേസ്ബുക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 8:06 am

ലണ്ടന്‍: ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് അശോക് ചാന്ദ്വാനി എന്ന ജീവനക്കാരന്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

കെനോഷ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ ‘കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവെയ്പ് തുടങ്ങുന്നു’ എന്ന പോസ്റ്റ് എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു.

സമാന ആരോപണവുമായി കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ ഫേസ്ബുക്ക് വിട്ടിട്ടുണ്ട്. ട്രംപിന്റെ വെടിവെയ്പ് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചതിന് ശേഷം മാത്രം ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് രാജിവെച്ചത്.

വിദ്വേഷം പരത്തി ലാഭം കൊയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അശോക് രാജിക്കത്തില്‍ വ്യക്തമാക്കി.

അതേസമയം ഫേസ്ബുക്കിനെതിരെ ആരോപണം ശക്തമായപ്പോള്‍ വിദ്വേഷ പ്രചരണത്തേയും അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കത്തെയും ഓഡിറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് തയ്യാറായിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ സമീപകാല നീക്കങ്ങള്‍ മാറ്റത്തിനുള്ള സന്നദ്ധതയേക്കാള്‍ പി.ആര്‍ പ്രേരിതമാണെന്നാണ് അശോക് ആരോപിക്കുന്നത്.

സാമൂഹ്യമൂല്യം വളര്‍ത്തുകയെന്ന പ്രഖ്യാപിത ദൗത്യത്തില്‍ നിന്നും ഫേസ്ബുക്ക് പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്.

നേരത്തെ ഇന്ത്യയില്‍ നിന്നും ഫേസ്ബുക്കിനെതിരെ പരാതികളുയര്‍ന്നിരുന്ന. ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് അനുകൂലമായാ്ണ് ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ-വര്‍ഗീയ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിരുന്നില്ല.

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ബി.ജെ.പിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താല്‍പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അന്‍കി ദാസ് ജീവനക്കാരെ അറിയിച്ചത്. സര്‍ക്കാരുമായി ഫേസ്ബുക്കിനു വേണ്ട ഇടപാടുകള്‍ നടത്തുന്നത് ഇവരാണ്.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്തിയിരുന്നു.

ആദ്യമായിട്ടാണ് ആരോപണങ്ങളെ തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇത്തരത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook Hate Spread