ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ കഴിഞ്ഞ സീസണിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമായി.
ഈ ജയത്തോടെ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്.സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിനായി. സീസണില്‍ ഇതാദ്യമായാണ് ഹൈദരാബാദ് തോല്‍വി രുചിക്കുന്നത്.
ആദ്യ പകുതിയില്‍ ഹൈദരാബാദിന് പിഴവ് പറ്റിയത് ബ്ലാസ്റ്റേഴ്‌സ് മുതലെടുക്കുകയായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് കോച്ച് മനോലോ മാര്‍ക്കോസ്. തങ്ങള്‍ ഒരു സമനിലയെങ്കിലും അര്‍ഹിച്ചിരുന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരള ബ്ലാസ്റ്റേഴ്‌സിനോട് പരാജയം ഏറ്റു വാങ്ങിയത് ആദ്യ പകുതിയില്‍ ഹൈദരാബാദിന് പിഴവു പറ്റിയത് കൊണ്ടാണ്. ഞങ്ങള്‍ ഒരു പിഴവ് വരുത്താനായി കാത്തിരിക്കുക ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്. അവര്‍ ഉടന്‍ തന്നെ അത് മുതലെടുത്ത് ഗോള്‍ നേടുകയായിരുന്നു. ഞങ്ങള്‍ക്ക് ആദ്യ പകുതിയില്‍ നല്ല മത്സരം കാഴ്ചവെക്കാനായിരുന്നില്ല.
രണ്ടാം പകുതിയിലെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. എന്നാല്‍ ഹൈദരാബാദ് ഒരു പോയിന്റ് എങ്കിലും ഈ കളിയില്‍ അര്‍ഹിക്കുന്നുണ്ട്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്നതും ഞങ്ങള്‍ക്ക് വലിയ തിരിച്ചടിയായി,’ മനോലോ മാര്‍ക്കാേസ് വ്യക്തമാക്കി.
മത്സരത്തിന്റെ 18ാം മിനിട്ടില്‍ ദിമിത്രിയോസ് ആണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോള്‍ നേടിയത്. ആവേശകരമായ ആദ്യപകുതിക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്.
Manolo Marquez 🗣️ : “We lost today and this is part of the sport. You can win, draw or lose & today, in my opinion, the result was not fair. A draw was a fair score for me, but it is true and when opponent scores first, it is always more difficult.” @2014_manel#HyderabadFC#ISLpic.twitter.com/jLfurvIfMK
ഏഴാം മിനിട്ടില്‍ സഹലിന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പാളിയില്ലായിരുന്നെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് ഉറപ്പിച്ചേനേ.
അതേസമയം ഹൈദരാബാദും ആക്രമണത്തില്‍ ഒട്ടും മോശമായിരുന്നില്ല. എന്നാല്‍ ഓഗ്ബെച്ചെയുണ്ടായിട്ടും ഹൈദരാബാദിന്റെ ശ്രമങ്ങള്‍ 45 മിനിട്ടുകളില്‍ ഗോളിന് വഴിമാറിയില്ല.
ജയത്തോടെ ഏഴ് കളിയില്‍ 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രതന്നെ മത്സരങ്ങളില്‍ 16 പോയിന്റുള്ള ഹൈദരാബാദ് തലപ്പത്ത് തുടരുന്നു. 15 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാമത്.