ഭിന്നലിംഗക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി 'അവളിലേക്കൊരു ദൂരം'
Daily News
ഭിന്നലിംഗക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി 'അവളിലേക്കൊരു ദൂരം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 26, 04:22 pm
Tuesday, 26th July 2016, 9:52 pm

തിരുവനന്തപുരം: ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളും, പ്രതിസന്ധികളും സമൂഹം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്. അതിപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും, അവഗണനയ്ക്കും ഇന്നും പരിഹാരം കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ നമുക്കുമുന്നില്‍ വരച്ചുകാട്ടുകയാണ് “അവളിലേക്കൊരു ദൂരം” എന്ന ഡോക്യുമെന്ററി.

സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരുന്ന ഭിന്നലിംഗക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് ഡോക്യുമെന്ററിയില്‍ വരച്ചു കാട്ടുന്നത്. ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫോട്ടോഗ്രാഫര്‍ പി. അഭിജിത്താണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

ഒരു ഭിന്നലിംഗ കുടുംബത്തിന്റെ പച്ചയായ ജിവിതയാഥാര്‍ത്ഥ്യങ്ങളാണ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കൂടാതെ സെലിബ്രിറ്റികളായ സൂര്യയും, ഹരിണിയും തങ്ങളുടെ ജീവിതത്തെകുറിച്ച് മറയില്ലാതെ ഡോക്യുമെന്ററിയിലൂടെ തുറന്നു പറയുന്നു. ഭിന്നലിംഗ വിഷയത്തില്‍ വര്‍ഷങ്ങളോളം പഠനം നടത്തിയാണ് അഭിജിത്ത് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഡോക്യൂമെന്ററിയുടെ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.