മനുഷ്യര്‍ക്കുവേണ്ടി നിവര്‍ന്നു നില്‍ക്കുക
Movie Day
മനുഷ്യര്‍ക്കുവേണ്ടി നിവര്‍ന്നു നില്‍ക്കുക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2012, 10:10 am

ഡോക്യുമെന്ററി റിവ്യൂ / യു.ഷൈജു

സ്വസ്ഥമായി ജീവിക്കുന്ന ജനതക്ക് മാത്രമല്ല അസ്വസ്ഥമായവര്‍ക്കു കൂടി സുരക്ഷയും സൗകര്യങ്ങളും ഒരുക്കേണ്ടവരാണ് ഭരണകൂടങ്ങള്‍. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ കൂടിയായ ഒരു രാജ്യത്ത് ജനപക്ഷ നയത്തിന് കൂടുതല്‍ പ്രസക്തിയും പ്രധാന്യവുമാണുള്ളത്.[]

ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഭൂരിഭാഗം ജനകീയ പോരാട്ടങ്ങളും ജനം തന്നെ തെരഞ്ഞെടുത്ത സര്‍ക്കാറിന് എതിരേയാണ്. തങ്ങളുടെ ജീവന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി തുറന്നിട്ട സമരമുഖങ്ങള്‍ക്കു നേരെ ആര് മുഖം തിരിക്കുന്നു എന്ന് ആകുലപ്പെടാതെ സമരങ്ങളുടെ രൂപത്തിനും ഭാവത്തിനും തികഞ്ഞ സര്‍ഗാത്മകത കൈവരിക്കുകയാണ്.

ഒരു പ്രശ്‌നത്തിന്റെ മര്‍മത്തെ അതിന്റെ കൃത്യമായ അളവില്‍ അടയാളപ്പെടുത്തുന്ന പുതിയ സങ്കേതങ്ങള്‍ നല്ലമാര്‍ഗങ്ങളാവുകയാണ്. ഇത്തരമൊരു മാര്‍ഗത്തെ ഏറെ ഭംഗിയായി ആവിഷ്‌കരിച്ച ഒന്നാണ് ഗെറ്റപ് സ്റ്റാന്‍ഡപ് എന്ന ഡോക്യുമെന്ററി.

കേരളത്തിന്റെ അതിര്‍ത്തി പങ്കുവെക്കുന്ന തമിഴ്‌നാട്ടിലെ കൂടംകുളം ദേശത്ത് നടക്കുന്ന ജനങ്ങളുടെ ആരവങ്ങളെ തന്റെ ഫ്രെയിമില്‍ പകര്‍ത്തി സമരത്തിന് കരുത്തുകൂട്ടുകയാണ് പ്രശസ്ത ഡോക്യുമെന്റേറിയന്‍ ശ്രിമിത്. രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒറ്റ പരിഹാരം ആണവ നിലയമാണെന്ന ഭരണകൂടത്തിന്റെ നിലപാടുകള്‍ക്കുമുന്നില്‍ ഒരു ജനത തങ്ങളുടെ ജീവനു വേണ്ടികേഴുന്ന കാഴ്ചകളെ ശ്രീമിത് തന്നെയാണ് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത്.

ന്യൂക്ലിയര്‍ എനര്‍ജി എന്ന കാഴ്ചപ്പാടുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ പട്ടികയും അത് ഇപ്പോഴും ഉണ്ടാക്കികൊണ്ടിരിക്കുന്ന ഫലങ്ങളും വരഞ്ഞിടുകയാണിവിടെ. ഒരു സമൂഹത്തിലെ മുഴുവന്‍ ജനതയും, കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഒരേ സ്വരത്തില്‍ തങ്ങളുടെ ആവശ്യത്തെ ഉച്ചത്തില്‍ വിളിച്ചു പറയുന്ന നേര്‍കാഴ്ചയുടെ ചിത്രീകരണമാണിതില്‍.

ലോകത്തെ നടുക്കിയ ആണവദുരന്തങ്ങളുടെ പട്ടിക പറഞ്ഞ് ഭയപ്പെടുത്തുക എന്നതിനപ്പുറം ഒരു പ്രക്രിയ എങ്ങനെ മനുഷ്യ ശരീരത്തിന് ആഘാതമേല്‍പ്പിക്കുന്നു എന്ന് ഏറെ ശാസ്ത്രീയമായി പറഞ്ഞു തരുന്നു. റേഡിയേഷന്‍ അടക്കം രോഗങ്ങളുമായി ഒരു തലമുറക്ക് മാത്രമല്ല, വരും തലമുറക്കുകൂടി ജീവിതഭാരമായിരിക്കുമെന്ന തെളിവുകള്‍, ഇന്ത്യയില്‍ തന്നെയുണ്ടായ ആണവ അപകടങ്ങളുടെ തിയതികളും കാരണങ്ങളും പറയുന്ന പട്ടിക, ചെര്‍ണോബില്‍, ഫുക്കൂഷിമ ദുരന്തങ്ങളുടെ വൈകാരികതയുണര്‍ത്തുന്ന ദൃശ്യങ്ങള്‍, കൂടംകുളം യാഥാര്‍ത്ഥ്യമായാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്ത സാധ്യതകള്‍ ഇങ്ങനെ ഗവേഷണ സാധ്യതകളെ ഉപയോഗപ്പെടുത്തിയ ക്രിയാത്മകമായ ചട്ടയാണ് ഗെറ്റപ്പ് സ്റ്റാന്റപ്പ്.

ഒരു പ്രശ്‌നത്തെ ആവതരിപ്പിക്കുമ്പോള്‍ അതിന്റെ ഒരു വശം മാത്രം കാണിക്കുക എന്ന സ്ഥിരം ശൈലിയെ ഇവിടെ സംവിധായകന്‍ തിരുത്തുന്നുണ്ട്. രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി കൂടംകുളം ആണവ നിലയം എന്ന സങ്കല്‍പ്പത്തെ കുറിച്ചു പറയുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമും നിരത്തുന്ന ന്യായവാദങ്ങളെ അതുപേലെ തന്നെ ചൂണ്ടിക്കാട്ടിയിട്ടാണ് അതിന് എതിര്‍വാദങ്ങളെ കണ്ടെത്തുന്നത്.

രാജ്യത്തിനു വേണ്ട വൈദ്യുതി ഉല്‍പാദനത്തിന് എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചതിനും പരിഗണിച്ചതിനും ശേഷമാണോ ആണവ മാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്ന ചോദ്യമെറിഞ്ഞുകൊണ്ട് സഞ്ചരിക്കുന്ന ദൃശ്യഭാഷ നിരവധി നിര്‍ണായക ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.

വികസനത്തിന്റെ മുന്‍ഗണനാക്രമം, അതിന്റെ വൃത്തത്തില്‍ വരുന്ന ജനതയുടെ സുരക്ഷ, ആരാണ് ജനങ്ങള്‍, എന്താണ് സുരക്ഷ, ദുരന്തങ്ങളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി ഇനിവരുന്ന ദുരന്തങ്ങള്‍, ഇങ്ങനെ ഒരു ജനതയുടെ ആകുലതകളെ അടയാളപ്പെടുത്തുകയാണ്. സമരത്തിന്റെ ചരിത്രം  അതിന്റെ വര്‍ത്തമാനം എന്നിവ പറഞ്ഞുകൊണ്ട് തമിഴ്ജനതയുടെ സമരവീര്യത്തെ അവരുടെ ഭാഷയില്‍ പറഞ്ഞും കാണിച്ചുമാണ് 34 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ശ്രീമിത് സംവിധാനിച്ചിരിക്കുന്നത്

നെയ്തലിന്‍ പാടല്‍

ആണവ ദുരന്തത്തില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന തമിഴ്ജനതയുടെ ആവശ്യത്തെ സംഗീതത്തിന്റെ അകമ്പടിയിലെ ആവിഷ്‌കാരമാണ് ശ്രീമിതിന്റെ നെയ്താലിന്‍ പാടല്‍ (Costal lilles). ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി എത്രയോ വഴിയുണ്ടെന്ന ദുര്‍ബല ജനതയുടെ ബലമുള്ള മറുപടിയുമായി അണുനിലയത്തെ എതിര്‍ക്കുന്ന പോരാട്ടത്തിന്റെ വിജയത്തെ ഏഴ് മിനുട്ട് ദൈര്‍ഘ്യത്തിലെ സംഗീത ശബ്ദത്തിലൂടെ സൂചിപ്പിക്കുന്നു.

സുരക്ഷ, സുരക്ഷാ എന്ന് ആവര്‍ത്തിക്കുന്നവര്‍ക്ക് മുന്നില്‍ എന്ത് സുരക്ഷയെന്ന് മറു ചോദ്യമുയര്‍ത്തി ഭരണകൂടങ്ങള്‍ക്കുനേരെ തങ്ങളുടെ പ്രശ്‌നത്തെ വൈകാരികമായി പറയുന്ന കാഴ്ചകള്‍ക്കും ഒരു സംഗീത സംവിധാനത്തില്‍ ഇടം നല്‍കുമ്പോള്‍ അതും ഒരു സമരാവിഷ്‌കാരമാവുകയാണ.  ഗെറ്റപ് സ്റ്റാന്റപിനൊപ്പം ഇതുകൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് സമര സര്‍ഗാത്മകതയുടെ പുതിയ ഇടമൊരുക്കുകയാണ്. കൂടംകുളം സമരത്തിലെ സജീവ സാന്നിധ്യമായ പെപ്‌സി ഗണേശന്‍ ആണ് നൈതലിന്‍ പാടലിന്റെ സംഗീതവും രചനയും ആലാപനവും നിര്‍വഹിച്ചത്.

പ്രതികരണ ബോധത്തിന്റെ പുതുകാല മാധ്യമങ്ങളുടെ ഇടപെടല്‍ ഏതുതലമുറയെയും സമരസജ്ജരാക്കും. ജനങ്ങള്‍ തലമുറകള്‍ ഭേദമന്യേ പ്രതികരണ ബോധത്തിലേക്ക് വളരുമ്പോള്‍ യഥാര്‍ഥ രാഷ്ട്രീയം വളരും. അതിനാകണം നമ്മുടെ ശേഷികള്‍ എന്നതാണ് ഗെറ്റപ് സ്റ്റാന്റപ് പറഞ്ഞുതരുന്നത്.