തുടരുന്ന നരഹത്യ; ഇസ്രഈല്‍ ബന്ദിയാക്കിയ ഡോക്ടര്‍ തടങ്കലിലിരിക്കെ കൊല്ലപ്പെട്ടു: ഫലസ്തീന്‍ മന്ത്രാലയം
World News
തുടരുന്ന നരഹത്യ; ഇസ്രഈല്‍ ബന്ദിയാക്കിയ ഡോക്ടര്‍ തടങ്കലിലിരിക്കെ കൊല്ലപ്പെട്ടു: ഫലസ്തീന്‍ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th September 2024, 9:42 pm

ജെറുസലേം: ഗസയില്‍ നിന്ന് ഇസ്രഈലി സൈന്യം തട്ടിക്കൊണ്ടുപോയ ഡോക്ടര്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടു. അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് സൈന്യം ബന്ദിയാക്കിയ സിയാദ് മുഹമ്മദ് അല്‍ ദലൂമാണ് കൊല്ലപ്പെട്ടത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

അല്‍ ഷിഫ ആശുപത്രിയില്‍ മാര്‍ച്ച് 18ന് നടന്ന റെയ്ഡിലാണ് അല്‍ ദലൂവിനെ സൈന്യം ബന്ദിയാക്കുന്നത്. ഇസ്രഈലിന്റെ തടങ്കലില്‍ വെച്ച് മരിക്കുന്ന മൂന്നാമത്തെ ഡോക്ട്ടറാണ് അല്‍ ദലൂ.

ഏപ്രിലില്‍ ഫലസ്തീന്‍ സര്‍ജനും ഓര്‍ത്തോപീഡിക് മെഡിസിന്‍ പ്രൊഫസറുമായ അദ്നാന്‍ അല്‍ ബര്‍ഷ് ഇസ്രഈലിന്റെ തടങ്കലിലിരിക്കെ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സരിക്കരുതെന്ന സൈന്യത്തിന്റെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് ബര്‍ഷ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

ഡോക്ടറായ ഇയാദ് അല്‍ റാന്റിസിയും ഇസ്രഈല്‍ ഗാര്‍ഡുകളുടെ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കമല്‍ അദ്വാന്‍ ആശുപത്രിയിലെ മെറ്റേണിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായിരുന്നു റാന്റിസി.

ഫലസ്തീനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയും ഹ്യൂമന്‍ റൈറ്റ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും രൂക്ഷമായി പ്രതികരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണം അന്തരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാല യവും പ്രതികരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സിയാദ് മുഹമ്മദ് അല്‍ ദലൂമും ഇസ്രഈലിന്റെ തടങ്കലിലിരിക്കെ കൊല്ലപ്പെടുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം മുന്നിറിലധികം ആരോഗ്യ പ്രവര്‍ത്തകരെയാണ് ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം തട്ടിക്കൊണ്ട് പോയിരിക്കുന്നത്.

ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയെ ലക്ഷ്യം വെച്ച് നിരവധി തവണയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. അല്‍ ഷിഫയില്‍ പല തവണയായി സൈന്യം റെയ്ഡും നടത്തിയിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍, അല്‍ ഷിഫയില്‍ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയതായി വെളിപ്പെടുത്തിയിരുന്നു.

അല്‍ ഷിഫയില്‍ ഉള്‍പ്പെടെ നടത്തിയ ആക്രമണത്തില്‍ ഇസ്രഈലി സൈന്യം കുറഞ്ഞത് 1,151 ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 165 ഡോക്ടര്‍മാര്‍, 260 നഴ്സുമാര്‍, 300 മാനേജ്മന്റ് ഉദ്യോഗസ്ഥര്‍, 184 അസോസിയേറ്റ് പ്രൊഫഷണലുകള്‍, 76 ഫാര്‍മസിസ്റ്റുകള്‍, മറ്റ് 12 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നു.

Content Highlight: A doctor kidnapped by Israeli forces from Gaza was killed while in custody