| Saturday, 27th July 2019, 12:37 pm

സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കേരള ഹൈക്കോടതി. പിന്നോക്കാവസ്ഥ സംബന്ധിച്ച് നിശ്ചിത പരിധിക്കുള്ളില്‍ നടത്തേണ്ട സാമൂഹിക-സാമ്പത്തിക സര്‍വ്വേ നടത്തുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

എല്ലാ പത്തു വര്‍ഷം കൂടുമ്പോഴും സംവരണ ലിസ്റ്റ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സീനിയര്‍ അഡ്വക്കറ്റ് വി.കെ.ബീരാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള ഒ.ബി.സി ലിസ്റ്റ് പുനപരിശോധിക്കാത്തത് പ്രഥമദൃഷ്ട്യാ തന്നെ സര്‍ക്കാരിന്റെ പരാജയമാണെന്ന് മനസിലാവുന്നതായി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

സാധാരണക്കാര്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതിനാലാണ് താന്‍ ഹരജിയുമായി മുന്നോട്ടുവന്നതെന്ന് അഡ്വ. വി.കെ ബീരാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ശാസ്ത്രസാഹിത്യപരിഷത്ത് 1996 മുതല്‍ ഒരു പഠനം നടത്തിയിരുന്നു. കേരളം എങ്ങനെ ജീവിക്കുന്നു എങ്ങനെ ചിന്തിക്കുന്നു എന്നതാണ് ആ പഠനം. അതില്‍ സര്‍ക്കാര്‍ ഉദ്യോഗമുള്ളവര്‍ പിന്നാക്ക വിഭാഗത്തില്‍ വളരെ കുറവാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇത് പറഞ്ഞിരുന്നു. 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും സമാനമായ പരാമര്‍ശമുണ്ടായിരുന്നു.’

അത് മാത്രമല്ല 27 കൊല്ലം മുന്‍പ് വന്ന സുപ്രീംകോടതി ഉത്തരവും നടപ്പാക്കിയിട്ടില്ല. സാമ്പത്തിക പരാധീനതയല്ല സര്‍ക്കാര്‍ ഉദ്യോഗം എന്ന് പറഞ്ഞാല്‍, ഭരണത്തിലെ പങ്കാളിത്തമാണ്. ഭരണത്തിലും ജുഡീഷ്യറിയിലും മതിയായ പ്രാതിനിധ്യം വേണം. 27 വര്‍ഷമായിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും ബീരാന്‍ ഡൂള്‍ന്യുസിനോട് പറഞ്ഞു.

‘സോഷ്യലിസം രാഷ്ട്രീയക്കാര്‍ പറയുന്നുണ്ടെങ്കിലും പ്രവൃത്തിയില്‍ അതൊന്നുമില്ല. പിന്നാക്കക്കാര്‍ക്കുള്ള സര്‍ക്കാര്‍ ഉദ്യോഗം ഔദാര്യമല്ല. ഭരണഘടനയിലെ മൗലികാവകാശങ്ങളാണ്. ആദ്യം ഞാന്‍ സുപ്രീംകോടതിയിലാണ് പോയത്. അപ്പോള്‍ സുപ്രീംകോടതിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കാന്‍ പറഞ്ഞത്.’

ഹരജിയില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട് അവലോകനം നടത്തിയിട്ടില്ല എന്ന്. സോഷ്യോ-ഇക്കണോമിക് ഡാറ്റാ ശേഖരിക്കണം അതും ചെയ്തിട്ടില്ല. വിരമിച്ച ജഡ്ജിമാരാണ് കമ്മീഷനായിട്ടുണ്ടാകുക.

ജസ്റ്റിസ് ശിവരാജനായിരുന്നു കമ്മീഷന്റെ ചുമതല. ആ സമയത്ത് തന്നെയാണ് സോളാര്‍ കമ്മീഷന്റെ ചുമതലയും അദ്ദേഹത്തിന് നല്‍കിയത്. പിന്നീട് രണ്ട് വര്‍ഷമായി അതിന്റെ പിറകെ പോയി.

വോട്ട് ബാങ്ക് ഉദ്ദേശിച്ചാണ് സര്‍ക്കാരുകള്‍ നടപടികളുമായി മുന്നോട്ടുപോകാത്തത്. മുന്നാക്കവിഭാഗക്കാര്‍ക്ക് ഭരണതലത്തില്‍ സ്വാധീനം ഉണ്ട്. അവരെ പിണക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാകില്ല. 73 കമ്മ്യൂണിറ്റികളുണ്ട് പിന്നാക്ക വിഭാഗത്തില്‍. ഈഴവ വിഭാഗമൊഴിച്ച് മറ്റുള്ളവര്‍ക്കൊന്നും കാര്യമായ പരിഗണന കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോടിയേരിയുടെ ലേഖനമുണ്ടായിരുന്നല്ലോ ദേശാഭിമാനിയില്‍. ബ്രാഹ്മണര്‍ക്ക് വലിയ സഹായം ചെയ്യണം എന്നൊക്കെയാണല്ലോ കോടിയേരി പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണരുടെ പ്രാതിനിധ്യം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വളരെ കൂടുതലാണെന്ന് അഡ്വ. ബീരാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്നായിരുന്നു കോടിയേരി ദേശാഭിമാനിയില്‍ ജൂലൈ 26 ന് എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഇത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും തുടര്‍നടപടിയെടുപ്പിക്കാമെന്നും ഉറപ്പുനല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more