തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനോടും അമ്മയോടും തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി. പൊലീസില്‍ നിന്നും മോശമായ പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ ഡി.വൈ.എസ്.പി തലത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേതാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
യുവതിക്കെതിരെ പോത്തന്‍കോട് സ്റ്റേഷനില്‍ ഒരാള്‍ സിവില്‍ തര്‍ക്കം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് രാവിലെ കുഞ്ഞിനോടൊപ്പം സ്റ്റേഷനിലെത്തിയ തന്നെ 10 മണിമുതല്‍ ഒരു മണിവരെ കാത്തുനിര്‍ത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. അപമാനിക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടത്. അന്വേഷണത്തിന് റൂറല്‍ ജില്ലാ പൊലീസ് മേധാവി നേതൃത്വം നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. സംഭവദിവസം പോത്തന്‍കോട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രേഖാമൂലം പരാതിയില്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം പരാതിയില്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈപ്പറ്റിയിട്ടുണ്ട്. യുവതി കുഞ്ഞുമായി സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് മറ്റൊരു ഡി.വൈ.എസ്.പിയെ കൊണ്ട് കേസില്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.
Content Highlight: A differently-abled child and mother were mistreated; Human Rights Commission against Pothankot Police