അയോധ്യയിലെ ഭൂമിപൂജയ്ക്കുശേഷം വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സുഭാഷ് മൊഹല്ലയിലുയര്‍ന്ന മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളെക്കുറിച്ചും മൊഹല്ലയിലെ പള്ളിയുടെമുന്നില്‍ കാവിപതാക ഉയര്‍ത്തിയതിനെക്കുറിച്ചും ആ സംഭവത്തെക്കുറിച്ച് പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ മുസ്ലിം യുവതികള്‍ നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും തങ്ങള്‍ നടത്തിയ ഇന്‍വെസ്റ്റിഗേറ്റിവ് സ്റ്റോറിയുടെ തുടരാന്വേഷണത്തിനു വേണ്ടിയായിരുന്നു കാരവന്‍ മാഗസിന്‍ അസിസ്റ്റന്റ് ഫോട്ടോ എഡിറ്റര്‍ ഷാഹിദ് തന്ത്രയും, കാരവന്‍ കോണ്‍ട്രിബ്യൂട്ടറായ പ്രഭ്ജിത് സിംഗും, മാഗസിനിലെ വനിതാ ജേര്‍ണലിസ്റ്റും ആഗസ്റ്റ് 11ആം തിയതി ഏകദേശം 12 മണിക്ക് മൊഹല്ലയിലെത്തിയത്. ഏകദേശം ഒന്നര മണിക്കൂറോളം മുസ്ലിം വീടുകളില്‍ ഇന്റര്‍വ്യൂ എടുത്ത അവര്‍ ഹിന്ദു ഗല്ലികളിലേക്ക് കടന്നു.
മുസ്ലിം ഗല്ലിയെയും ഹിന്ദു ഗല്ലിയെയും വേര്‍തിരിക്കുന്ന ഗേറ്റിനു മുകളില്‍ ഹിന്ദുരാഷ്ട്രത്തിന്റെ ശിലാസ്ഥാപനത്തില്‍ ആഹ്‌ളാദഭരിതരായ ആളുകള്‍ ഉയര്‍ത്തിയ കാവിക്കൊടി പാറിപ്പറക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയിലെ മുസ്ലിം വിരുദ്ധ കലാപത്തിനു ശേഷമായിരുന്നു ഡല്‍ഹി പൊലീസ് ഇടപെട്ട് മൊഹല്ലയില്‍ ഗേറ്റ് സ്ഥാപിച്ചത്. പ്രഭ്ജിത് സിംഗ് ഗേറ്റിനു സമീപത്ത് നിന്നിരുന്ന സ്ത്രീകളോട് സംസാരിക്കാനരംഭിച്ചു, ഷാഹിദ് കാവിക്കൊടിയുടെയും ഗല്ലിയുടെടെയും ഫോട്ടോകളെടുക്കുവാനും വനിതാ ജേര്‍ണലിസ്റ്റ് ഗല്ലിയുടെ വീഡിയോകളെടുക്കുവാനും ആരംഭിച്ചു. ഇതിനിടയില്‍ രണ്ടാളുകള്‍ അവരുടെയടുത്തേക്ക് വന്നു, അതിലൊരാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി.
”ഇവിടെ വീഡിയോയെടുക്കുവാന്‍ അനുവദിക്കില്ല. കാവിക്കൊടി നാട്ടിയാല്‍ എന്താണ് കുഴപ്പം?,” അയാള്‍ ഷാഹിദിനോദ് കയര്‍ത്തു. അവര്‍ക്ക് പറയാനുള്ളത് ക്യാമറക്ക് മുന്നാകെ പറയാം എന്നും അവരുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാണെന്നും ശാഹിദ് മറുപടി നല്‍കി.
”ഞാന്‍ നിങ്ങളെപ്പോലെയുള്ള താഴ്ന്ന പത്രക്കരോടോന്നും സംസാരിക്കില്ല. നിങ്ങളെയൊക്കെ തല്ലിച്ചതക്കലാണ് പതിവ്,” ബി.ജെ.പിക്കാരന്‍ ഷാഹിദിനോദ് പറഞ്ഞു. തുടര്‍ന്നു അവര്‍ ഗല്ലിയില്‍ നിന്നും പുറത്തേക്കുള്ള രണ്ടു വഴികളും ബ്ലോക്ക് ചെയ്തതിനുശേഷം തങ്ങളുടെ ഫോണുകളെടുത്തു ആളുകളെ വിളിക്കാന്‍ ആരംഭിച്ചു.
സ്ത്രീകളും യുവാക്കളുമടക്കം ഏകദേശം ഇരുപതോളമാളുകള്‍ അവിടെയെത്തി. അവര്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി സംസാരിക്കുകയും ക്യാമറ ഫൂട്ടേജ് ഡിലീറ്റ് ചെയ്യുവാനും പറഞ്ഞു. ഫൂട്ടേജ് ഡിലീറ്റ് ചെയ്യുവാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ ഷാഹിദിനെയും പ്രഭ്ജിതിനെയും മര്‍ദിക്കുവാന്‍ ആരംഭിച്ചു. ഇതിനിടയില്‍ അവര്‍ പോലീസിനെ വിളിച്ചു.
ആള്‍കൂട്ടം പ്രഭ്ജിതിനോടും ഷാഹിദിനോടും ID കാര്‍ഡ് കാണിക്കുവാന്‍ ആവശ്യപ്പെട്ടു. സാഗര്‍, സാഗര്‍ എന്ന് മര്‍ദനത്തിനിടയില്‍ പ്രഭ്ജിത് ഷാഹിദിനെ വിളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മുസ്ലിം വിരുദ്ധ കലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും സുരക്ഷിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഷാഹിദ് ഉപയോഗിച്ച നാമമായിരുന്നു സാഗര്‍ എന്ന കാശ്മീരി പണ്ഡിറ്റ്. മുസ്ലിം നാമം പോലും ജീവന് ഭീഷണിയാവുന്ന തരത്തിലേക്ക് പരിണമിച്ചിരുന്നു കലാപാനന്തര ഡല്‍ഹി. ആള്‍ക്കൂട്ടം പിന്നെയും ID കാണിക്കുവാന്‍ ആവശ്യപ്പെട്ടു. ID കാര്‍ഡ് കാണിച്ചതോടെ ആള്‍ക്കൂട്ടത്തിന് ഷാഹിദ് മുസ്ലിമാണ് എന്ന് മനസ്സിലായി. ‘തൂ തോ കട്ടുവാ മുല്ലാഹേ ‘(മാര്‍ക്കം കൂടിയ മുസ്ലിം) എന്നാക്രോശിച്ച സംഘം ഷാഹിദിന്റെ തലയിലും, കഴുത്തിന്റെ പിന്‍വശത്തും മര്‍ദിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് സംഘം ആള്‍ക്കൂട്ടത്തെ വിളിച്ചു കൂട്ടുവാനും ആരംഭിച്ചു. മര്‍ദനത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച വനിതാ ജേര്‍ണലിസ്റ്റ് സാഹസികപരമായി ഗേറ്റിന്റെ മറുവശത്തു എത്തി. അവളെ പുറത്താക്കി ഗേറ്റടച്ച സംഘം ഷാഹിദിനെയും പ്രഭ്ജിതിനെയും മര്‍ദിക്കാന്‍ ആരംഭിച്ചു.
ഇതിനിടയില്‍ കാവി കുര്‍ത്ത ധരിച്ച വ്യക്തി സ്ത്രീകളോട് ഷാഹിദിന്റെ കഴുത്തില്‍ തൂക്കിയിട്ട ക്യാമറ തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയാണ്. നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കുകയില്ല’, കൈയില്‍ വെളുത്ത ബാന്‍ഡേജിട്ട അയാള്‍ ഷാഹിദിനോട് പറഞ്ഞു. ഒരു സ്ത്രീ ക്യാമറയുടെ സ്ട്രാപ്പ് ഉപയോഗിച്ചു ഷാഹിദിന്റെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു.
അവര്‍ ക്യാമറ പൊട്ടിക്കുവാനായി തുനിഞ്ഞപ്പോള്‍ ഷാഹിദ് ഫൂട്ടേജ് ഡിലീറ്റ് ചെയ്യാന്‍ സമ്മതിച്ചു. അവരുടെ മുന്നില്‍ വെച്ച് ഏഴു മുസ്ലിം സ്ത്രീ കളുടെ ഇന്റര്‍വ്യൂവും ഒരു ഹിന്ദു സ്ത്രീയുടെ ഇന്റര്‍വ്യൂവും അന്നെടുത്ത ഫോട്ടോയും ഷാഹിദ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ഷാഹിദിന്റെ 64 ജി.ബി മെമ്മറികാര്‍ഡും അക്രമസക്തരായ ആ ഹിന്ദു തീവ്രവാദികള്‍ പിടിച്ചെടുത്തു.
പിന്നീട് ഏകദേശം 20 മിനിറ്റോളം ഏകദേശം അമ്പതോളം ആളുകള്‍ വരുന്ന ആള്‍കൂട്ടം ഷാഹിദിനെ മര്‍ദിച്ചു. ഷാഹിദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രഭ്ജിതിനും മര്‍ദനമേറ്റു. ‘സാലെ ജാന്‍ സെ മാര്‍ദെഗ’ ( കൊന്നു കളയും ****) എന്നലറിവിളിച്ചുകൊണ്ടായിരുന്നു ആ സംഘം ഷാഹിദിനെ മര്‍ദിച്ചത്. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ മാത്രമാണ് സാരമായ പരിക്കുകളില്ലാതെ ഷാഹിദ് രക്ഷപ്പെട്ടത്. ഇതിനിടയില്‍ രണ്ടു പോലീസുകാര്‍ സംഭവസ്ഥലത്തെത്തി. പോലീസുകാരുടെ സാന്നിധ്യത്തിലും ആള്‍കൂട്ടം മര്‍ദനം തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ എത്തി ഷാഹിദിനെയും പ്രഭ്ജിതിനെയും ഭജന്‍പുര സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇതേ ഭജന്‍പുര സ്റ്റേഷനില്‍ നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചായിരുന്നു ഷാഹിദും പ്രഭ്ജിതും ആഗസ്ത് 10ആം തിയതി കാരവന്‍ മാഗസിനില്‍ റിപ്പോര്‍ട്ട് ചെയ്തത് .
ഇതിനിടയില്‍ പ്രാണരക്ഷാര്‍ത്ഥം തൊട്ടടുത്ത ഗല്ലിയിലേക്ക് ഓടിക്കയറിയ വനിതാ ജേര്‍ണലിസ്റ്റ് അവിടെ കൂടി നില്‍ക്കുന്ന സ്ത്രീകളുടെയടുത്തേക്ക് നടന്നു. ആ ഗേറ്റ് ലക്ഷ്യമാക്കി ഒരുപാട് ആളുകള്‍ പോകുന്നത് കണ്ടപ്പോള്‍ ആ ജേര്‍ണലിസ്റ്റ് ഗേറ്റിനടുത്തേക്ക് നടന്നു. തന്റെ സഹപ്രര്‍ത്തകരെ വെറുതെ വിടാന്‍ അഭ്യര്‍ത്ഥിച്ച ആ മാധ്യപ്രവര്‍ത്തകയെ രാഖി ധരിച്ച ഒരു കൗമാരക്കാരന്‍ ബലം പ്രയോഗിച്ചു ഗേറ്റിനുള്ളിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. ഗേറ്റിനു മറുവശത്തു നിന്ന ചില യുവതികളുടെ സഹായത്താല്‍ അവിടെനിന്നും രക്ഷപ്പെട്ട യുവതി തൊട്ടടുത്ത ഗല്ലിയിലേക്ക് കടന്നു. അവിടുത്തെ ഒരു തിണ്ണയില്‍ ഇരുന്ന് സമാശ്വസിക്കുന്ന അവളുടെ അടുത്തേക്ക് ഇരുപത്തിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സംഘം ചെറുപ്പക്കാര്‍ വന്നു. അവര്‍ അവളുടെ ഫോട്ടോയും വിഡിയോയും എടുക്കാന്‍ ആരംഭിച്ചപ്പോള്‍ അവള്‍ അവിടെ നിന്നും രക്ഷപ്പെടാനാരംഭിച്ചു. ‘ദിക്കാഓ, ദിക്കാഓ,’എന്ന് അശ്‌ളീല ചുവകലര്‍ന്ന കമന്റുകള്‍ നടത്തി സംഘം അവളെ പിന്തുടര്‍ന്നു.
അവിടെ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചൊരു മധ്യവയസ്‌കന്‍ അവളുടെ മുന്നിലെത്തി. തലയില്‍ കുടുമയുള്ള അയാള്‍ മുണ്ടുപൊക്കി അവളുടെ നേര്‍ക്ക് തന്റെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു സ്വയം ഭോഗം ചെയ്യാന്‍ ആരംഭിച്ചു. അവിടെ നിന്നും ഓടിയകന്ന അവള്‍ക്ക് ഷാഹിദിന്റെ ഫോണ്‍ കാള്‍ ലഭിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്നും എത്രയും പെട്ടെന്ന് ഭജന്‍പുര സ്റ്റേഷനിലെത്തണം എന്നും ഷാഹിദ് ആവശ്യപ്പെട്ടു.
പ്രദേശവാസികളോട് സ്റ്റേഷനിലേക്കുള്ള വഴി ചോദിക്കുന്നതിനിടയില്‍, മൂന്നു സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറംഗ സംഘം തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നത് കണ്ടു. അവളെ പിന്തുടര്‍ന്നെത്തിയ അക്രമകാരികള്‍ ക്രൂരമായി മര്‍ദിക്കാന്‍ ആരംഭിച്ചു. കൂട്ടത്തിലുള്ള ഒരു സ്ത്രീ അവളുടെ മുടി കൂട്ടിപ്പിടിച്ചു തലയിലും കവിളത്തും ക്രൂരമായി തല്ലി. കാവി വസ്ത്രം ധരിച്ച ബി.ജെ.പി നേതാവായിരുന്നു ആ സംഘത്തെ നയിച്ചത്. ഇതിനിടയില്‍ ഒരു പോലീസുകാരന്‍ അവരുടെ ഇടയിലേക്ക് വന്നു. പോലീസുകാരന്റെ മുന്നില്‍ വെച്ച് അവര്‍ മാധ്യമപ്രവര്‍ത്തകയുടെ സൗണ്ട് റെക്കോര്‍ഡര്‍ ബലമായി പിടിച്ചുവാങ്ങി. തന്നെ സ്റ്റേഷനിലേക്കെത്തിക്കണം എന്ന് അഭ്യര്‍ത്ഥിച്ച മാധ്യമപ്രവത്തകയോട് പ്രശ്‌നം അവരുടെയിടയില്‍ വെച്ച് തന്നെ ഒത്തുതീര്‍പ്പാക്കുവാന്‍ പോലീസുകാരന്‍ ഉപദേശിച്ചു. പിന്നീട് രണ്ടാമത് വന്ന ഒരു പോലീസുകാരന്റെ സഹായത്താലാണ് അവള്‍ ഭജന്‍പുര സ്റ്റേഷനിലെത്തിയത്.
തുടര്‍ന്ന് ഷാഹിദും പ്രഭ്ജിതും ചേര്‍ന്ന് ഒരു പരാതിയും വനിതാ മാധ്യമപ്രവര്‍ത്തക വേറൊരു പരാതിയും സമര്‍പ്പിച്ചു. എന്നാല്‍, പ്രദേശവാസികളുടെ പരാതിയും കണക്കിലെടുത്തതിന് ശേഷം മാത്രമേ FIR രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുകയുള്ളു എന്ന നിലപാടിലാണ് പോലീസ്. കാരവന്‍ ജേര്ണലിസ്റ്റുകള്‍ക്കെതിരെ പ്രദേശവാസികളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ ബി.ജെ.പിക്കും ഡല്‍ഹി പോലീസിനുമുള്ള പങ്കിനെ കുറിച്ചുള്ള അനേകം റിപ്പോര്‍ട്ടുകളാണ് ഷാഹിദ് തന്ത്രയും പ്രഭ്ജിത് സിംഗും കാരവന്‍ മാഗസിനിലൂടെ പ്രസിദ്ധീകരിച്ചത്. അയോദ്ധ്യയിലെ ഭൂമി പൂജക്ക് ശേഷം പടക്കം പൊട്ടിച്ചും, കാവിക്കൊടി നാട്ടിയും, മുസ്ലിങ്ങളെ തെറിവിളിച്ചും ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടുന്ന വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ഈ അതിക്രമം പ്രദേശവാസികളായ മുസ്ലിങ്ങളെ കൂടുതല്‍ ഭയചകിതരാക്കിയിരിക്കുകയാണ് .
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Hightlights: Mob attacked The Caravan Journalists in Delhi, A detailed Report