| Wednesday, 13th November 2024, 8:50 am

മെട്രോ പാസ് ഇളവ് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ പ്രക്ഷോഭം അടിച്ചമർത്തി ദൽഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.എഫ്.ഐ ) നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ, മെട്രോ പാസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിർമാൺ ഭവനിൽ നടത്തിയ പ്രകടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് ദൽഹി പൊലീസ് അടിച്ചമർത്തി.

ദൽഹി മെട്രോയിൽ വിദ്യാർഥി കൾക്ക് യാത്രാ ഇളവ് ആവശ്യപ്പെട്ട് സമരം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തല്ലിച്ചതക്കുകയായിരുന്നു. നിർമാൺ ഭവനിലേക്ക് ചൊവ്വാഴ്ച രാവിലെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്തവരെയാണ് പൊലീസ് മർദിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 30 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദൽഹിയിലെ അറുപതിനായിരം വിദ്യാർത്ഥികളുടെ ഒപ്പ് ശേഖരിച്ച് അധികൃതർക്ക് നൽകാനായിരുന്നു മാർച്ച്. അധികൃതരെ കാണാനും വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പൊലീസ് അനുവദിച്ചില്ല.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കടക്കം വിദ്യാഭ്യാസം സാധ്യമാക്കുന്നതിൻ്റെ ഭാഗമായാണ് യാത്രാ ഇളവ് ആവശ്യപ്പെടുന്നതെന്ന് എസ്.എഫ്.ഐ പ്രസ്‌താവനയിൽ പറഞ്ഞു.

‘മെട്രോ പാസ് പോലെയുള്ള അടിസ്ഥാനപരമായ ഒന്ന് എന്ന ഞങ്ങളുടെ ആവശ്യം പോലും അവർ തടയുന്നു. അധികാരികൾക്ക് വിദ്യാർത്ഥികൾ എത്രമാത്രം ഭീഷണിയാണെന്ന് വ്യക്തമാണ്,’ എസ്.എഫ്.ഐ ദൽഹി പ്രസിഡൻ്റ് സൂരജ് പറഞ്ഞു.

60,000ത്തിലധികം വിദ്യാർത്ഥികൾ ഈ ക്യാമ്പയിനെ പിന്തുണച്ച് ഒപ്പുവച്ചു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സമരത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുകയും ചെയ്തു. 60,000ത്തിലധികം വിദ്യാർത്ഥികളുടെ ശബ്ദത്തിന് അർത്ഥമില്ലെന്നാണ് അവർ ഞങ്ങളോട് പറയുന്നത്,’ ജെ.എൻ.യു, എസ്‌.യു വൈസ് പ്രസിഡൻ്റ് അവിജിത് ഘോഷ് പറഞ്ഞു.

പ്രദേശത്ത് പ്രതിഷേധിക്കുകയോ മാർച്ച് നടത്തുകയോ ചെയ്യരുതെന്ന് വിദ്യാർത്ഥികളോട് പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ഞങ്ങൾ അവരോട് ജന്തർ മന്തറിലേക്ക് പോകാൻ പറഞ്ഞു, പക്ഷേ അവർ വി.ഐ.പി ഏരിയയിൽ മാർച്ച് ചെയ്തു,’ ഓഫീസർ പറഞ്ഞു.

Content Highlight: A demonstration for concessional metro passes by hundreds of students led by sfi at Nirman Bhavan was cut short abruptly by Delhi Police

We use cookies to give you the best possible experience. Learn more