ന്യൂദല്‍ഹി: ബലാത്സംഗത്തിന് ഇരയായവര്‍ക്ക് ക്ലാസെടുക്കുകയല്ല അവരെ സഹായിക്കുകയാണ് വേണ്ടതെന്ന് സഹപ്രവര്‍ത്തകരോട് ഒരു പൊലീസുകാരന്‍. ലൈംഗിക പീഡനങ്ങളെയും ബലാത്സംഗങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് എട്ട് ദല്‍ഹി സ്വദേശികളെഴുതിയ തുറന്ന കത്തിന്റെ അഞ്ചാംഭാഗത്താണ് ഒരു പൊലീസുകാരന്റെ തന്റെ സഹപ്രവര്‍ത്തകരോട് ഇങ്ങനെ പറയുന്നത്.
അദ്ദേഹത്തിന്റെ കത്ത് ഇങ്ങനെ:
പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ,
2012 ഡിസംബര്‍ 16ലെ രാത്രി മറയ്ക്കാന്‍ അത്ര എളുപ്പം കഴിയില്ല. ആറ് പുരുഷന്മാര്‍ ക്രൂരന്മാരായപ്പോള്‍ ഏറെ സ്വപ്‌നങ്ങളുള്ള ഒരു യുവ പ്രഫഷണലിനെ നമുക്ക് നഷ്ടപ്പെട്ടു.
ഇതേത്തുടര്‍ന്ന് ദേശവ്യാപകമായുണ്ടായ പ്രതിഷേധത്തിനുശേഷം നമ്മുടെ നിയമത്തില്‍ പുതിയവ കൂട്ടിച്ചേര്‍ക്കുകയും ഭേദഗതികള്‍ വരുത്തുകയും ചെയ്തു. പക്ഷെ എനിക്കു തോന്നുന്നത് സ്ത്രീകളോടുള്ള നമ്മുടെ മനോഭാവം നമ്മള്‍ മാറ്റിയില്ലെങ്കില്‍ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നാണ്.
ദല്‍ഹി പൊലീസിന്റെ ചരിത്രം പരിശോധിക്കുകയെന്ന റിസര്‍ച്ചിന്റെ ഭാഗമായി ഞാന്‍ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും ഓഫീസര്‍മാരെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. പലരും എന്റെ ബാച്ചിലുള്ളവരും സബ് ഇന്‍സ്‌പെക്ടര്‍മാരും കോണ്‍സ്റ്റബിള്‍മാരുമൊക്കെയായിരുന്നു. അവരെല്ലാം യുക്തിയോടെ പ്രവര്‍ത്തിക്കുന്നവരാണെന്നു കണ്ടെങ്കിലും എന്റെ ചില ചിന്തകളും അനുഭവങ്ങളും ഇവിടെ പങ്കുവെയ്ക്കുകയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്നു.
നിയമപാലകരായ നമ്മള്‍ ബലാത്സംഗത്തിന് ഇരയായവരെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അവര്‍ക്ക് നമ്മളില്‍ വിശ്വാസമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇരകളില്‍ പലരും പൊലീസ് സ്റ്റേഷനില്‍ വന്ന് പരാതി പറയാന്‍ ഇഷ്ടമില്ലാത്തവരാണ്. അത് പേടികൊണ്ട് മാത്രമല്ല. നമ്മളില്‍ ചിലര്‍ മോശമായി പെരുമാറുമെന്ന ധാരണകൊണ്ട് കൂടിയാണ്.
ഇരകളെ കുറ്റംപറയാന്‍ പറ്റില്ല. കാരണം അന്വേഷണ ഉദ്യോഗസ്ഥരെന്ന നിലയില്‍ അവരുടെ വിശ്വാസം നേടിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മള്‍ അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുമെന്നും അവര്‍ ആരായാലും അവരുടെ സാഹചര്യം എന്തായാലും അവരുടെ വസ്ത്രമെന്തായാലും അവര്‍ക്ക് കഴിയാവുന്ന സഹായമെല്ലാം നമ്മള്‍ ചെയ്യുമെന്ന വിശ്വാസം അവരിലുണ്ടാക്കേണ്ടതുണ്ട്.
നമ്മളിലുള്ള വിശ്വാസം കൊണ്ടാണ് അവര്‍ നമ്മെ സമീപിക്കുന്നത്. അത് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയെന്നതാണ് നമുക്ക് മുമ്പിലുള്ള വെല്ലുവിളി. പൊലീസ് സ്റ്റേഷനില്‍ വന്നത് അബദ്ധമായി എന്ന തോന്നലുണ്ടാക്കി നമുക്കവരെ നിരാശപ്പെടുത്താതിരിക്കാം.
നമ്മളെ സംബന്ധിച്ച് മറ്റനേകം കേസ് ഫയലുകള്‍ക്കു മുകളില്‍ വരുന്ന ഒരു കേസ് ഫയല്‍ മാത്രമായിരിക്കാം അത്. പക്ഷെ അവള്‍ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം പേറിവരുന്നവളാണെന്ന പരിഗണന നമ്മള്‍ നല്‍കണം.
നമ്മളെ സമീപിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവളുടെ മനസായിരിക്കും അവള്‍ക്ക്. ആദ്യ പ്രതികരണമെന്ന നിലയില്‍ അവളെ ആശ്വസിപ്പിക്കേണ്ടതുണ്ട്. അവള്‍ക്ക് അല്പം വെള്ളം നല്‍കാം. ശേഷം അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാം.
Don”t Miss: നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്നാരോപണം; എഴുത്തുകാരനെതിരെ പൊലീസ് കേസ്
നിങ്ങളോട് സംസാരിക്കാന്‍ അവള്‍ എത്രത്തോളം ധൈര്യം സംഭരിച്ചിരിക്കുമെന്ന് ചിന്തിക്കുക. ഓരോ തവണ സംസാരിക്കുമ്പോഴും നിങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്ന ചിന്ത ഒരായിരം തവണ അവളുടെ മനസില്‍ കടന്നുവരും.
ലൈംഗിക പീഡനം അപ്രതീക്ഷിതമായ ഒന്നാണ്.
മുന്‍കരുതലുകളിലൂടെ അവള്‍ക്ക് ബലാത്സംഗം തടയാമായിരുന്നു, ബലപ്രയോഗിച്ച് എതിര്‍ക്കാമായിരുന്നു, അവര്‍ കൊടുത്തത് കുടിക്കാതിരിക്കാമായിരുന്നു തുടങ്ങിയ ചിന്തപോലും നമ്മളിലുണ്ടാവരുത്. ബലാത്സംഗം ബലാത്സംഗമാണ്. ഇത് അവള്‍ക്ക് ക്ലാസെടുക്കാനുള്ള സമയമല്ല. പരാതിക്കാരിയെന്ന നിലയിലുള്ള അവരുടെ അവകാശങ്ങളും നിയമനടപടികളും അവള്‍ക്കു വിശദീകരിച്ചുകൊടുക്കുക. ആ റേപ്പിസ്റ്റിനെ നേരിടാന്‍ നമ്മള്‍ക്കാവുമെന്ന് അവരെ ബോധ്യപ്പെടുത്താം.
നമുക്ക് പെട്ടെന്ന് ചെയ്യേണ്ട നിയമനടപടികളുണ്ടെന്ന് എനിക്കറിയാം. മൊഴിയെടുക്കല്‍, വൈദ്യ പരിശോധന, അന്വേഷണം എന്നിങ്ങനെ. പക്ഷെ അല്പം സമയവും ഇടവും നമ്മള്‍ അവര്‍ക്കു കൂടി നല്‍കണം. അവള്‍ എത്രത്തോളം സഹകരിക്കും എന്നത് വ്യത്യസ്തമായിരിക്കും. അവള്‍ മരവിച്ചുപോയ അവസ്ഥയിലാവാം, ഷോക്കിലാവാം. എന്താണ് സംഭവിച്ചതെന്നു പറയാന്‍ ബുദ്ധിമുട്ടിയെന്നുവരാം. ദേഷ്യപ്പെട്ടേക്കാം. എന്നാലും നമുക്ക് ക്ഷമയോടെയിരിക്കാം.
ചില കേസുകളില്‍ അവളുടെ കുടുംബം വരെ ഇതിന് അവളെ കുറ്റപ്പെടുത്തിയേക്കും. പക്ഷെ നമ്മള്‍ അവളെ പിന്തുണയ്ക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സീലംപൂര്‍ സബ്ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സമയത്ത് വന്ന ഒരു കേസ് ഞാനോര്‍ക്കുന്നു. പരാതിയുമായി ഒരുയുവതി സ്റ്റേഷനില്‍ വന്നു. പക്ഷെ മൊഴി നല്‍കാന്‍ അവര്‍ക്കു മടി. ഒരു വനിതാ ഓഫീസര്‍ അവരെ മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി തനിച്ചു സംസാരിച്ചു. എന്താണ് ഒന്നും പറയാത്തതെന്നു ചോദിച്ചപ്പോള്‍ അമ്മയുടെ മുമ്പില്‍ വെച്ച് തനിക്കിതു പറയാന്‍ പറ്റില്ലെന്ന് അവര്‍ പറയുകയായിരുന്നു.
അവളെ അസ്വസ്ഥയാക്കുന്ന അരോചകമായ ചോദ്യങ്ങള്‍ നമുക്ക് ഒഴിവാകാം. നമുക്ക് ചിലപ്പോള്‍ അത് സാങ്കേതികമായ ചോദ്യമാവാം. പക്ഷെ അവളെ സംബന്ധിച്ച് അത് ബലാത്സംഗത്തേക്കാള്‍ ക്രൂരമാവും.
2012 ഡിസംബര്‍ 16നുശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യുന്നത് ദല്‍ഹിയിലാണ്. അതില്‍ നമുക്ക് അഭിമാനിക്കാം. കാരണം അതിനര്‍ത്ഥം സ്ത്രീകള്‍ക്ക് ഇത്തരം സംഭവങ്ങള്‍ ധൈര്യമായി പരാതിപ്പെടാനുളള സാഹചര്യം നമ്മളുണ്ടാക്കിയെന്നതാണ്. മറ്റൊരു തരത്തില്‍ നമ്മള്‍ അവരെ ശാക്തീകരിച്ചു എന്നു പറയാം.
പലരും ദല്‍ഹിയെ “റേപ്പ് കാപ്പിറ്റല്‍” എന്നു വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബലാത്സംഗക്കേസുകള്‍ കൂടിയത് ഇത്തരം സംഭവങ്ങള്‍ കൂടിയതുകൊണ്ടല്ല, മറിച്ച് കൂടുതല്‍ സ്ത്രീകള്‍ പരാതി പറയാന്‍ ധൈര്യമായി മുന്നോട്ടുവരുന്നതുകൊണ്ടാണ്. നമ്മള്‍ ഇതിനെ ഒരു അഭിനന്ദനമായി പരിഗണിക്കണം. എന്നിരുന്നാലും ഇനിയുമേറെ ചെയ്യണം. അതിനുള്ള ശ്രമങ്ങളുണ്ടാവണം
ഒന്നുകില്‍ നമുക്ക് അപക്വമായി പെരുമാറി ഇരയെ വേദനിപ്പിക്കാം അല്ലെങ്കില്‍ മാനസികമായും ശാരീരികമായും തിരിച്ചുവരാന്‍ അവളെ സഹായിക്കാം. ഈ ജീവിതകാലത്തിനിടെ ഈയൊരു ദുരന്തത്തെ അവള്‍ അതിജീവിച്ചെന്നും ഇല്ലെന്നും വരാം. പക്ഷെ നമ്മുടെ ഭാഗത്തുനിന്നു ലഭിക്കുന്ന ചെറിയൊരു ആശ്വാസം അവളുടെ മനസില്‍ എക്കാലത്തുമുണ്ടാവും. തീരുമാനമെടുക്കേണ്ടത് നമ്മളാണ്.
ജയ് ഹിന്ദ്
ദല്‍ഹി പൊലീസ് മ്യൂസിയത്തില്‍ ഇന്‍സ്പക്ടര്‍ (റിസര്‍ച്ച്) ആയി നിയമിതനായ രാജേന്ദര്‍ കല്‍കലാണ് ലേഖകന്‍.