| Tuesday, 15th October 2019, 10:45 am

നോട്ടുനിരോധനത്തെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ നൊബേല്‍ ജേതാവിനെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി എടുത്തത് നാലുമണിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാലുമണിക്കൂര്‍.. ലോകത്തിലെ ഏറ്റവും ഉന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ വംശജനെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിവന്ന സമയമാണിത്. നാലുമണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ് വന്നത്.

ആശയവിനിമയത്തില്‍ സാങ്കേതികത ഇത്രയും വളര്‍ന്ന കാലത്താണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സാമ്പത്തിക നൊബേല്‍ ലഭിച്ച ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയെ അഭിനന്ദിക്കാന്‍ നാലുമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നത്.

നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന എട്ടാമത്തെ മാത്രം ഇന്ത്യന്‍ വംശജനാണ് അഭിജിത് എന്നതും ഓര്‍ക്കണം.

രാത്രി ഏഴുമണിക്കു ശേഷമാണ് മോദിയുടെ ട്വീറ്റ് വന്നത്. പ്രധാനമന്ത്രിക്കു പുറമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവരും അഭിജിത്തിനെ അഭിനന്ദിച്ചു.

എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള അഭിനന്ദന പ്രവാഹം ഇവരിലേക്കു മാത്രമായി ചുരുങ്ങുകയായിരുന്നു. ഇതു സാമൂഹ്യമാധ്യമങ്ങളില്‍ ചോദ്യമായി മാറിക്കഴിഞ്ഞു.

മോദിസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ മുന്‍പു വിമര്‍ശിച്ചതാണ് അഭിജിത്തിനോടുള്ള ഈ സമീപനത്തിന്റെ കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും അഭിജിത്തിന്റെ തലയാണ്. ഇതും മോദിയെ നാലുമണിക്കൂര്‍ ചിന്തിപ്പിച്ചിരിക്കണം എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് അഭിജിത് പറഞ്ഞിരുന്നു.

ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ടു നിരോധനമാണെന്ന് പലര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

നോട്ടു നിരോധിച്ചതു വഴി സാമ്പത്തിക ഇടപാടുകളില്‍ ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ആവശ്യമായ പണം കൈവശമില്ലാത്തതുമൂലമാണിത് സംഭവിച്ചതെന്നും ഇവിടെ പണ ലഭ്യത അത്യധികം കുറവാണെന്നും അഭിജിത് മുമ്പ് ഹാര്‍വാഡ് സര്‍വകലാശാലയില്‍ അവതരിപ്പിച്ച ഒരു പേപ്പറില്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഴിമതി കുറയ്ക്കുക എന്നതായരുന്നല്ലോ സര്‍ക്കാര്‍ നോട്ടു നിരോധനം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഇവിടെ അനധികൃതമായി ആളുകള്‍ക്ക് പ്രത്യേകിച്ച് ഒരു തെളിവുകളുമില്ലാതെ പണം നല്‍കുന്നതിന് സഹായിക്കും.

മാത്രമല്ല, അനധികൃതമായി പണം കൈവശം വെച്ചവര്‍ക്ക് അത് ഒരു പ്രോത്സാഹനമായി ഇത് മാറും. അതായത് ഒറ്റത്തവണ പിഴ ഈടാക്കുന്ന പോലെ അവര്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാനുമാവും എന്നും അഭിജിത് പറഞ്ഞിരുന്നു.

രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് ന്യായ് എന്ന പദ്ധതി.

ചുരുങ്ങിയത് 2500 രൂപ പ്രതിമാസം നല്‍കുന്ന രീതിയിലാണ് അഭിജിത് പദ്ധതി വിഭാവനം ചെയ്തതെങ്കിലും പ്രതിമാസം ആറായിരം രൂപയാക്കി കോണ്‍ഗ്രസ് വര്‍ധിപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടുകൂടി ആ പദ്ധതിയും അപ്രത്യക്ഷമായി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്ന യു.പി.എ അധികാരത്തില്‍ വരുമെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതോടെ ന്യായ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more