| Tuesday, 6th August 2024, 2:12 pm

ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി: പ്രദേശത്തിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കോല: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കര്‍ണാടകയിലെ ഷിരൂരില്‍ നിന്ന് 55 കിലോ മീറ്റര്‍ അകലെ കടലില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ഗോകര്‍ണത്തിനും കുന്ദാവരയ്ക്കും ഇടയിലുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അര്‍ജുന്റേതാണോയെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പുറത്തെത്തിച്ച ശേഷം ഡി.എന്‍.എ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ലോറി ഉടമ മനാഫും സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. കാലില്‍ വല കുടുങ്ങിയ നിലയില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീര്‍ണാവസ്ഥയിലായതിനാല്‍ ആരുടേതെന്ന് പറയാന്‍ കഴിയില്ല.

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കര്‍ണാടകയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചിരുന്നു. നിലവില്‍ അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് കുറയാത്തതിനാലാണ് തിരച്ചില്‍ പുനരാരംഭിക്കാത്തത്. ഗംഗാവലി പുഴയിലേക്ക് ഇറങ്ങി ഒരാള്‍ക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

We use cookies to give you the best possible experience. Learn more