തലക്കുളത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിന്റെ ആശ വര്‍ക്കറായ ശ്രീജയോടൊപ്പമുള്ള ഒരു ദിവസം
ലോകത്തിന് മുഴുവന്‍ മാതൃകയായ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളികളാണ് പ്രാഥമിക ആരോഗ്യപ്രവര്‍ത്തകരായ ആശ വര്‍ക്കര്‍മാര്‍. കൃത്യമായ നിരീക്ഷണസംവിധാനങ്ങളോടെ നടപ്പിലാക്കിയ ക്വാറന്റൈനും ചിട്ടയായ ട്രേസിംഗുമാണ് സമ്പര്‍ക്കം വഴി കൂടുതല്‍ ആളുകളിലേക്ക് കൊവിഡ് പടരാതെ സൂക്ഷിക്കുന്നത്. ഇതിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ആശവര്‍ക്കര്‍മാരെക്കുറിച്ച് അധികമാരും അറിയാറുന്നില്ലെന്ന് മാത്രം.
ഒരു വാര്‍ഡിലെ ക്വാറന്റൈനിലാകുന്ന ഓരോ വ്യക്തിയുടെയും നിരീക്ഷണ ചുമതല ആ വാര്‍ഡിന്റെ ചുമതലയുള്ള ആശവര്‍ക്കര്‍ക്കാണ്. വാര്‍ഡിലെ ഓരോ വീട്ടിലും പുറത്തുനിന്ന് വരുന്ന ആളുകള്‍ക്ക് വീടുകളില്‍ ക്വാറന്റൈനുള്ള സൗകര്യമുണ്ടോ, ഇല്ലെങ്കില്‍ സ്‌റ്റേറ്റ് ക്വാറന്റൈന്‍ സെന്ററില്‍ സൗകര്യമൊരുക്കല്‍, ക്വാറന്റൈനിലുള്ള ദിവസം മുഴുവന്‍ ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കല്‍ തുടങ്ങിയ എല്ലാ നടപടികളും കൃത്യമായി നിറവേറ്റുന്നത് ആശവര്‍ക്കര്‍മാരാണ്. ഇതുകൂടാതെ അതത് വാര്‍ഡുകളില്‍ കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തുന്നതും ഇവര്‍ തന്നെ.
ഒരു മഹാമാരി കാലത്തെ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമായി ഒതുക്കിനിര്‍ത്താവുന്നവരല്ല ആശവര്‍ക്കര്‍മാര്‍. 2005ലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെയും ഭാഗമായി അക്രിഡറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് അഥവാ അടഒഅ നിലവില്‍ വരുന്നത്. ഗ്രാമങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതത് ഗ്രാമങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി പ്രാഥമിക ആരോഗ്യപ്രവര്‍ത്തകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും ശുചീകരണത്തെക്കുറിച്ചുമുള്ള ബോധവത്കരണം, കിടപ്പിലായ രോഗികള്‍ക്കുള്ള സഹായങ്ങള്‍, പ്രാഥമിക മരുന്നുകളുടെ വിതരണം തുടങ്ങി ചുമതലയുള്ള ഗ്രാമത്തിന്റെയോ വാര്‍ഡിന്റെയോ സമ്പൂര്‍ണ്ണ ആരോഗ്യസ്ഥിതിയും അറിയുന്നവരും ഇതിന്റെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സൂക്ഷിക്കുന്നവരും അതുവഴി കമ്മ്യൂണിറ്റിയും സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളും തമ്മിലുള്ള പാലമായി പ്രവര്‍ത്തിക്കുന്നതും യഥാര്‍ത്ഥത്തില്‍ ആശവര്‍ക്കര്‍മാരാണ്. യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഒരു ഗ്രാമത്തിന്റെ ജീവനാഡിയായി മാറുന്നവരാണ് ആശവര്‍ക്കര്‍മാര്‍. ചെങ്ങോട്ടുമലക്കാരുടെ ശ്രീജേച്ചിയെ പോലെ ഓരോ കുടുംബത്തിനും ഏറ്റവും പ്രിയപ്പെട്ടവരാകുന്നവര്‍.
നിപക്കും പ്രളയത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഇപ്പോള്‍ ഈ മഹാമാരിക്ക് മുന്നിലും നാട് വിറങ്ങലിച്ചു നിന്നപ്പോള്‍ ആ നാട്ടിലെ ഓരോ വീട്ടിലേക്കും ഉറച്ചു ചുവടുവെയ്പ്പുകളുമായി കടന്നുചെന്നവരാണ് ഈ ആശവര്‍ക്കര്‍മാര്‍. ഇവര്‍ നല്‍കിയ ആത്മവിശ്വാസത്തിലും ഉറപ്പിലും ആ ഒരു ചിരിയിലും കൈവിട്ടുപോയ ആശകളെ തിരിച്ചുപിടിച്ചവര്‍ ഒട്ടേറെയാണ്. തങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ളതൊന്നും ഈ ജോലിയില്‍ നിന്നും കിട്ടുന്നില്ലെന്നറിഞ്ഞിട്ടും ഇവരില്‍ പലരും ആശവര്‍ക്കര്‍മാരായി തന്നെ ഇപ്പോഴും തുടരുന്നത് നാട് തങ്ങളിലര്‍പ്പിക്കുന്ന ഈ ഒരു പ്രതീക്ഷ നഷ്ടപ്പെടുത്താന്‍ മനസ്സ് വരാഞ്ഞിട്ടായിരിക്കണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക