| Saturday, 21st September 2024, 8:03 am

പൊലീസിന് ഒരു ദിവസത്തേക്ക് ലീവ് നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തി കാണിക്കാം; ബി.ജെ.പി. എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഒരു ദിവസത്തേക്ക് പൊലീസിന് അവധി നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തിയെന്താണന്ന് താന്‍ കാണിക്കാമെന്ന് വെല്ലുവിളിച്ച് മഹാരാഷ്ട്രയിലെ കാന്‍കാവില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. നിതേഷ് റാണ. ഇനി ‘ലവ്ജിഹാദ്’ കേസുകള്‍ കാണുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എം.എല്‍.എ ഒരു പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

അങ്ങനെ ചെയ്യുമ്പോള്‍ തന്നെ വിളിച്ചാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും താന്‍ സുരക്ഷയൊരുക്കുമെന്നും നിതേഷ് റാണ ഉറപ്പ് നല്‍കി. മഹാരാഷ്ട്രയിലെ സാന്‍ഗലില്‍ നടത്തി വിദ്വേഷ, ഭീഷണി പ്രസംഗത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തു വിട്ടു. പിന്നാലെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. എന്നാല്‍ ഒരു എം.എല്‍.എ എന്ന നിലയിലല്ല, ഒരു ഹിന്ദു എന്ന നിലയിലാണ് ഇത്തരത്തില്‍ സംസാരിച്ചത് എന്നായിരുന്നു നിതേഷ് റാണ പിന്നീട് വിശദീകരിച്ചത്.

‘ ഒരു എം.എല്‍.എ അല്ലെങ്കില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല ഞാന്‍ സംസാരിച്ചത്. ഒരു ഹിന്ദു എന്ന നിലയില്‍ ഹിന്ദുക്കളെ കുറിച്ചാണ് സംസാരിച്ചത്. അതെന്റെ മതപരമായ കടമയാണ്. നമ്മുടെ മതം വെല്ലുവിളി നേരിടുകയാണ്. ഹിന്ദുമതത്തിനെതിരെ കല്ലെറിയുന്നത് പോലെ ഞാന്‍ മതത്തിന് വേണ്ടി നിലകൊള്ളുന്നു, അതിന് വേണ്ടി പോരാടുന്നു,’ നിതേഷ് റാണ പറഞ്ഞു.

അതേസമയം നിതേഷ് റാണയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ രംഗത്തെത്തി. ഇതേ കാര്യം താനാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ജയിലിലായേനെയെന്ന് വാരിസ് പത്താന്‍ പറഞ്ഞു. 24 മണിക്കൂര്‍ പോലീസിന് മാറ്റി നിര്‍ത്തൂ എന്നും അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയണമെന്നും എ.ഐ.എം.ഐ.എം നേതാവ് പറഞ്ഞു.

നിതേഷ് റാണയുടേത് പ്രകോപനപരമായ പരാമര്‍ശമാണെങ്കിലും അദ്ദേഹത്തിനെതിരെ കേസെടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പാടി വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതേഷ് റാണ ആദ്യമായല്ല വിദ്വേഷ പരാമര്‍ശം നടത്തുന്നതെന്നും ഈ മാസം ഒന്നിന് ഹിന്ദുക്കള്‍ കൂട്ടമായി പള്ളികളിലേക്ക് കയറി മുസ്‌ലിങ്ങളെ ഒന്നൊന്നായി കൊല്ലണമെന്നും നിതേഷ് റാണ പറഞ്ഞിരുന്നതായി വാരിസ് പത്താന്‍ കൂട്ടിച്ചേര്‍ത്തു.

content highlights: A day’s leave for the police can show the power of the Hindus; BJP MLA’s hate speech

We use cookies to give you the best possible experience. Learn more