| Monday, 7th February 2022, 10:06 pm

ഇന്നത്തെ ദിവസം ഒരിന്ത്യക്കാരന് എങ്ങനെ മറക്കാന്‍ പറ്റും; പാകിസ്ഥാനെതിരെയുള്ള ചരിത്രനേട്ടത്തിന്റെ ഓര്‍മകളുമായി ബി.സി.സി.ഐ; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം അനില്‍ കുംബ്ലെ ചരിത്രത്തിന്റെ ഭാഗമായത്. 1999ല്‍ പാകിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകളും കൊയ്താണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.

ദല്‍ഹിയില്‍ വെച്ച് നടന്ന ടെസ്റ്റിലാണ് പാകിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന്റെ മൂര്‍ച്ച ശരിക്കുമറിഞ്ഞത്. ഒരേയൊരു താരത്തിന് മുന്‍പിലായിരുന്നു പാകിസ്ഥാന്‍ തങ്ങളുടെ പത്ത് വിക്കറ്റുകളും അടിയറ വെച്ചത്.

ചരിത്രനേട്ടത്തിന്റെ 23ാം വര്‍ഷത്തില്‍ കുംബ്ലെയുടെ പത്ത് വിക്കറ്റ് നേട്ടങ്ങളുടെ വീഡിയോ പുറത്തിറക്കിയാണ് ബി.സി.സി.ഐ ഈ ദിവസത്തെ ഓര്‍മിച്ചത്.

‘1999ലെ ഇതേ ദിവസമാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ഒരിന്നിംഗ്‌സിലെ പത്ത് വിക്കറ്റുകളും വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായത്. ആ സെന്‍സേഷണല്‍ പ്രകടനത്തെ നമുക്ക് ഓര്‍ക്കാം,’ എന്ന ക്യാപ്ഷനോടെയാണ് ബി.സി.സി.ഐ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു കുംബ്ലെയുടെ പ്രകടനം.

ടെസ്റ്റിന്റ ആദ്യ ഇന്നിംഗ്‌സില്‍ 252 റണ്‍സെടുത്ത ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 172 റണ്‍സില്‍ പുറത്താക്കി. 80 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുമായിറങ്ങിയ ഇന്ത്യ 339 റണ്‍സെടുത്ത് 420 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്ഥാന് മുന്നില്‍ വെച്ചത്.

മികച്ച തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അവര്‍ അനായാസം വിജയലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ചു.

101/0 എന്ന നിലയില്‍ നിന്നും 207ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് പാകിസ്ഥാനെ വീഴ്ത്തിയായിരുന്നു കുംബ്ലെ അന്ന് കരുത്ത് കാട്ടിയത്. ഫലമോ, ഇന്ത്യയക്ക് 212 റണ്‍സിന്റെ കൂറ്റന്‍ ജയം.

26.3 ഓവറില്‍ കേവലം 74 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുംബ്ലെ 10 വിക്കറ്റും കടപുഴക്കിയെറിഞ്ഞത്.

ടെസ്റ്റ് മത്സരത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം കുംബ്ലെ തന്നെയാണ്. 2008ല്‍ വിരമിക്കുന്നതുവരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ 619 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ നലാമതാണ് കുംബ്ലെ. 800 വിക്കറ്റുമായി സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും 708 വിക്കറ്റുകളുമായി ഷെയ്ന്‍ വോണും 640 വിക്കറ്റുകളുമായി ജെയിംസ് ആന്‍ഡേഴ്‌സണുമാണ് കുംബ്ലെയ്ക്ക് മുന്നിലുള്ളത്.

Content Highlight:  ‘A day India will never forget’ – Twitter reminisces Anil Kumble’s ‘Perfect 10’ on the 23rd anniversary of the epic spell

We use cookies to give you the best possible experience. Learn more