പുല്‍വാമ ഭീകരാക്രമണം; മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി
Pulwama Terror Attack
പുല്‍വാമ ഭീകരാക്രമണം; മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 8:57 am

ന്യൂദല്‍ഹി: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി. ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സന്ദര്‍ശനം ഒരു ദിവസത്തേക്കു ചുരുക്കിയതായാണു റിപ്പോര്‍ട്ട്.

ഞായറാഴ്ച മാത്രമേ സല്‍മാനും ഒപ്പമുള്ള വ്യവസായ സംഘവും ഇസ്ലാമാബാദില്‍ എത്തുകയുള്ളു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.

17-ന് ആരംഭിക്കേണ്ടിയിരുന്ന സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനം നീട്ടിവച്ചതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ വിഘടനവാദി സംഘടനയായ ജെയ് സിന്ധ് മുത്തഹിദ മഹസ് ( ജെ.എസ്.എം.എം) ചെയര്‍മാന്‍ ഷാഫി ബുര്‍ഫത് പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിച്ചാല്‍ പാക് സര്‍ക്കാരിന്റെ ഭീകരവാദ നിലപാടുകള്‍ക്ക് അനുകൂലമാണെന്ന് വിലയിരുത്തപ്പെടുമെന്നും ഷാഫി ബുര്‍ഫത് പറഞ്ഞു.

Read Also : രാജ്യസ്‌നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികള്‍ ഉറഞ്ഞു തുള്ളുന്നുണ്ട്; സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയുമെന്നും എം.ബി രാജേഷ്

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സംഘടനയായ ജെ.എസ്.എം.എം രാജ്യത്ത് നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് “സിന്ധ്ദേശ്” എന്ന പേരില്‍ രാജ്യം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും പത്തോളം ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുമെന്ന് പാക്കിസ്ഥാന്‍ ഇന്‍വെസ്റ്റ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഹാറൂണ്‍ അല്‍ശരീഫ് നേരത്തെ പറഞ്ഞിരുന്നു.

Read Also : പുല്‍വാമ ഭീകരാക്രമണം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിക്കരുതെന്ന് പാക് വിഘടനവാദി നേതാവ്

കഴിഞ്ഞ വര്‍ഷം ഒക്ടടോബറില്‍, സൗദി അറേബ്യ പാക്കിസ്ഥാന് 600 കോടി ഡോളര്‍ കടം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ചൈന തുറമുഖം നിര്‍മിക്കുന്ന പാക്കിസ്ഥാനിലെ ഗ്വാദറില്‍ 1000 കോടി ഡോളര്‍ ചെലവിട്ട് റിഫൈനറിയും പെട്രോ കെമിക്കല്‍ കോംപ്ലക്‌സും നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചു. പുല്‍വാമ ഭീകരാക്രമണത്തോടെ പാക് സൗദി ബന്ധം കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നാണ് നയതന്ത്ര വിധഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.



അതേസമയം ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഈ മാസം 19,ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ മുന്നോടിയായി വിവിധ മേഖലകളില്‍ ഒപ്പുവെക്കുന്ന കരാറുകള്‍ സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ശാസ്ത്രം, സാങ്കേതിക വിദ്യ, കാര്‍ഷിക മേഖല, സ്പേസ്, സുരക്ഷ, പ്രതിരോധം. തീവ്രവാദ വിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെക്കുന്നതെന്നും അംബസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്.