|

ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ പൊലീസ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്തതായി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിക്കപ്പെടുന്നതില്‍ വകുപ്പുതല അന്വേഷണം നേരിട്ട് മുസാഫര്‍നഗര്‍ സ്റ്റേഷനിലെ മുന്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍. സബ് ഇന്‍സ്പെക്ടര്‍ അജയ് ബലിയാനാണ് കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍.

ഭോപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദളിത് യുവതിയെ സബ് ഇന്‍സ്പെക്ടര്‍ അജയ് കണ്ടതിനും ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) അഭിഷേക് സിങ് വിഷയത്തില്‍ പ്രതികരിച്ചു. നിലവില്‍ ബലിയാന്‍ മീററ്റിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ല്‍ ബന്ധുക്കളുമായുള്ള സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സിക്രി പൊലീസ് സ്റ്റേഷനെ യുവതി സമീപിച്ചത്. അന്നേദിവസം സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടര്‍ അജയ് ബലിയാനെ കാണുകയും തന്നെ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു.

പിന്നീട് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സബ് ഇന്‍സ്പെക്ടര്‍ 2023 ഡിസംബര്‍ വരെ ലൈംഗികമായി തന്നെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നുവെന്നും യുവതി ചൂണ്ടിക്കാട്ടി.

കേസിന്റെ അന്വേഷണം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (റൂറല്‍) സഞ്ജയ് സിങ്ങിന് കൈമാറിയതായും അന്വേഷണത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അജയ് ബലിയാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രതിക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ്.എസ്.പി പറഞ്ഞു.

Content Highlight: A Dalit woman was allegedly raped by a police inspector in Uttar Pradesh