ആന്ധ്രയില്‍ ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ദേഹത്ത് മൂത്രമൊഴിച്ചു
national news
ആന്ധ്രയില്‍ ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ദേഹത്ത് മൂത്രമൊഴിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 19, 10:40 am
Wednesday, 19th July 2023, 4:10 pm

ഓങ്കോള്‍: യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള ഓങ്കോളില്‍ ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി. മോത നവീന്‍ എന്ന യുവാവിനെ ഒമ്പത് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു.

ജൂണ്‍ 19ന് രാത്രി ഒമ്പത് മണിയോടെ നടന്ന ക്രൂരമായ അതിക്രമത്തിന്റെ വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഓങ്കോള്‍ പൊലീസ് അഞ്ച് ദിവസം മുമ്പ് എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം സ്വമേധയാ കേസെടുത്തിരുന്നു.

കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റിലായതായി ഓങ്കോള്‍ എസ്.പി മലിക ഗാര്‍ഗ് പറഞ്ഞായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന പ്രതിയായ മന്നം രാമാഞ്ജനേയലു ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. അക്രമികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

നവീനിന്റെ സുഹൃത്തായിരുന്ന മന്നം രാമാഞ്ജനേയലു ആണ് ആക്രമിക്കാന്‍ മുന്നിട്ടിറങ്ങിയത്. രാമാഞ്ജനേയലുവിന്റെ മറ്റൊരു സുഹൃത്തിന്റെ ബന്ധുവായ പെണ്‍കുട്ടി നവീനൊപ്പം ജീവിതം തുടങ്ങാനായി വീട് വിട്ടിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെ പേരിലാണ് മര്‍ദിച്ചതെന്നാണ് പരാതി.

നേരത്തെ ദളിത് യുവാവിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിക്ക് പിന്നാലെ പോക്‌സോ കേസ് ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നുവെന്നും പൊലീസ് സുപ്രണ്ട് പറഞ്ഞു.

അതിന് ശേഷവും മോത നവീന്‍ പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യ പ്രതിയായ രാമാഞ്ജനേയലു പ്രശ്‌നം പറഞ്ഞ് തീര്‍ക്കാമെന്ന വ്യാജേന നവീനെ വിളിച്ചുവരുത്തിയ ശേഷം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചവശനാക്കിയതും ദേഹത്ത് മൂത്രമൊഴിച്ചതും.

സംഭവത്തിന് പിന്നാലെ ആശുപത്രിയിലായിരുന്ന നവീന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അക്രമികള്‍ ദേഹത്ത് മൂത്രമൊഴിച്ചതൊന്നും പരാതിയില്‍ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ആശുപത്രി വിട്ടതോടെ കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇത് ജാതി വെറിയോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണമാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്.പി ഗാര്‍ഗ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: a dalit man attacked and urinated at ongole in andhra pradesh