മണ്ണുമാന്തി യന്ത്രവുമായെത്തിയ തൊഴിലാളി ദളിതന്‍; മര്‍ദിച്ചതിന് പിന്നാലെ അയിത്തം കല്‍പിച്ച് ഗ്രാമത്തിലെ ക്ഷേത്രങ്ങള്‍ അടച്ചു
national news
മണ്ണുമാന്തി യന്ത്രവുമായെത്തിയ തൊഴിലാളി ദളിതന്‍; മര്‍ദിച്ചതിന് പിന്നാലെ അയിത്തം കല്‍പിച്ച് ഗ്രാമത്തിലെ ക്ഷേത്രങ്ങള്‍ അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2024, 1:51 pm

ബെംഗളൂരു: മണ്ണുമാന്തി യന്ത്രവുമായി ഗ്രാമത്തിലെത്തിയ തൊഴിലാളി ദളിതനായതിന്റെ പേരില്‍ അയിത്തം കല്‍പിച്ച് ഗ്രാമത്തിലെ ക്ഷേത്രങ്ങള്‍ അടച്ചു. ദളിതനായ തൊഴിലാളി പ്രവേശിച്ചതിന്റെ പേരിലുള്ള ശുദ്ധീകരണ പൂജകള്‍ക്കായിട്ടാണ് ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ അടച്ചത്. ചിക്മംഗളൂരുവിലെ തരികരെ താലൂക്കിലെ ഗെരുമരടി വില്ലേജിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.

തിങ്കളാഴ്ചയാണ് സമീപ ഗ്രാമത്തില്‍ താമസിക്കുന്ന മാരുതി എന്ന യുവാവ് മണ്ണുമാന്തി യന്ത്രവുമായി ഗൊല്ലാരട്ടി ഗ്രാമത്തിലേക്ക് ജോലിക്കെത്തിയത്. മാരുതി ദളിത് വിഭാഗത്തില്‍പെട്ട യുവാവാണ്. ഗ്രാമത്തില്‍ പ്രവേശിച്ചതിന് സവര്‍ണവിഭാഗത്തില്‍പെട്ട ഗ്രാമീണര്‍ മാരുതിയെ മര്‍ദിക്കുകയും അദ്ദേഹത്തില്‍ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട മാരുതി ക്ഷേത്രത്തിന് സമീപത്ത് ഇരുന്നത് അനുചിതമായെന്നും ആക്രമികള്‍ പറഞ്ഞു. പിന്നീടാണ് ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ ശുദ്ധീകരണ പൂജക്കായി അടച്ചത്.

മാരുതിക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഗ്രാമത്തില്‍ ദളിത് സംഘടനകളുടെ റാലി നടന്നിരുന്നു. റാലി ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രദേശത്ത് ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥയുമുണ്ടായതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷം പ്രതിഷേധക്കാരായ ദളിത് സംഘടനക്കാര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും ശ്രമിച്ചു. തഹസില്‍ദാറും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്.

മര്‍ദനമേറ്റ മാരുതി തരികരെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തരികരെ പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എസ്.സി, എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമാണ് 15 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം മാരുതിക്കെതിരായ അക്രമം ജാതിവിവേചനത്തിന്റെ ഭാഗമായുണ്ടായതല്ലെന്നും വ്യക്തിപരമാണെന്നും ഗൊല്ല സമുദായ നേതാവ് ഹനുമനപ്പ പറഞ്ഞു. പണ്ട് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് ദളിതര്‍ക്ക് വിലക്കുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്നും ഹനുമപ്പ പറഞ്ഞു.

content highlights: A Dalit laborer who came with an earthmoving machine; After the beating, the temples of the village were closed by imposing a curfew