Entertainment news
'ഒന്നും പറയാനില്ല, ഫസ്റ്റ് ഹാഫ് സൂപ്പര്‍'; വൈറല്‍ വീഡിയോക്ക് പിന്നാലെ ഡയലോഗും വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 13, 12:24 pm
Wednesday, 13th July 2022, 5:54 pm

മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചായിരുന്നു കരിക്ക് കടന്നുവന്നത്. കരിക്കിന്റെ ഓരോ വീഡിയോയും കാത്തിരുന്ന് കാണുന്ന തരത്തിലേക്ക് പ്രേക്ഷകരെ ഏത്തിക്കുന്ന അത്രയും സ്വീകാര്യത ഇന്ന് കരിക്കിനുണ്ട്. കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സര്‍ക്കസ് എന്ന പേരില്‍ പുറത്തുവന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏതൊരു കരിക്ക് വീഡിയോയെ പോലെയും വൈറലായി കഴിഞ്ഞു.

സാധാരണ കരിക്കിന്റെ വീഡിയോകള്‍ വരുമ്പോള്‍ അതിലുള്ള ഡയലോഗുകള്‍ പലതും ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും സര്‍ക്കസിലെ ഒരു ഡയലോഗും ട്രെന്‍ഡ് ആയി കഴിഞ്ഞു.


ഇത്തവണ അര്‍ജുന്‍ രതന്‍ വീഡിയോയുടെ അവസാനത്തോടെ പറയുന്ന ഡയലോഗാണ് വൈറലായിരിക്കുന്നത്. ‘ഒന്നും പറയാനില്ല, ഫസ്റ്റ് ഹാഫ് സൂപ്പര്‍’ എന്ന ഡയലോഗ് വീഡിയോ ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രോളുകളിലും മീമുകളിലും നിറഞ്ഞു കഴിഞ്ഞു. അതേസമയം പുതിയ വീഡിയോ ഇതുവരെ 30 ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്.

പുതിയ വീഡിയോയില്‍ അനു കെ.അനിയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എപ്പോഴും അനു ഞെട്ടിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിന് മുന്‍പ് അനു കെ. അനിയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Content Highlight : A dailoug in karikku new video gone viral on social media