എ.ഡി. ജി.പി. ശ്രീജിത്ത് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസ്; പുനരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി
Kerala News
എ.ഡി. ജി.പി. ശ്രീജിത്ത് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസ്; പുനരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 2:49 pm

മൂവാറ്റുപുഴ: സാമ്പത്തിക ക്രമക്കേട് കേസിൽ എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി . മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും ട്രാൻസ്പോർട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്തിനെതിരെ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ നടത്തിയ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം.

ശ്രീജിത്തിന്റെ ആശ്രിതനായിരുന്ന രമേശൻ നമ്പ്യാർ എന്ന യുവാവ് 2010-ൽ തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഭൂരിഭാ​ഗം ആരോപണങ്ങളിലും കഴമ്പില്ലെന്നായിരുന്നു റിപ്പോർട്ടിലുള്ളത്. ഇതിനിടെ മൂവാറ്റുപുഴ വിജിലൻസ് കോടതി നിലവിൽ വന്നതോടെ കേസ് ഇവിടേക്ക് മാറ്റി.

വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് രമേശൻ നമ്പ്യാർ അഭിഭാഷകനായ അഡ്വ.കെ.എം ഷാജഹാൻ മുഖാന്തരം 2022 ജൂലൈയിൽ നൽകിയ ഹരജിയിലാണ് കോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശദമായി വാദം കേട്ട കോടതി റിപ്പോർട്ടിൽ ​ഗുരുതരമായ ക്രമക്കേടുകളാണുള്ളതെന്ന് ചൂണ്ടിക്കാട്ടി.

എസ് ശ്രീജിത്തിന് ഐ.സി.ഐ.സി.ഐ ബാങ്കിൽ ഒമ്പത് ബിനാമി അക്കൗണ്ടുകൾ ഉണ്ടെന്നാണ് പരാതിയിൽ പറഞ്ഞിരുന്നതെങ്കിലും, വിജിലൻസ് മൂന്ന് എണ്ണത്തിൽ മാത്രമാണ് അന്വേഷണം നടത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി. ബാക്കി ആറെണ്ണത്തിൽ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലന്ന് കോടതി ചോദിച്ചു. അതുകൊണ്ട് തന്നെ അന്വേഷണം തൃപ്തികരമല്ലെന്നും ബാക്കിയുള്ള അക്കൗണ്ടുകളെ കുറിച്ച് കൂടി അന്വേഷിക്കാനും ഉത്തരവിട്ടു.

അക്കൗണ്ട് ഉടമകളെ കണ്ടെത്താനും എസ്. ശ്രീജിത്തും അക്കൗണ്ട് ഉടമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വഴി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും നിർദേശിച്ചിട്ടുണ്ട്. പുനപരിശോധന റിപ്പോർട്ട് ജൂൺ മൂന്നിന് മുമ്പായി കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടുണ്ട്.

Content Highlight: A.D.G.P sreejith case vigilance court order