സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍? നിര്‍ണായക വെളിപ്പെടുത്തല്‍
Kerala News
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍? നിര്‍ണായക വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th November 2022, 9:09 am

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ നാല് വര്‍ഷത്തിന് ശേഷം നിര്‍ണായക വെളിപ്പെടുത്തല്‍. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് വെളിപ്പെടുത്തല്‍.

പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് വെളിപ്പെടുത്തല്‍ നടത്തിയ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു.

ആശ്രമം കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രകാശ് മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് പറയുന്നു.

‘അവന്‍(പ്രകാശ്) ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ആശ്രമം കത്തിച്ച സംഭവത്തില്‍ തിരുവനന്തപുരം ജഗതിയില്‍ നിന്നും ഇവന്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വര്‍ഷം അവസാനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതോടെ അവന്‍ അസ്വസ്ഥനായിരുന്നു.

 

കൂട്ടുകാരനെ പൊലീസ് പിടിച്ച് രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇവന്‍ എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നീട് കുറച്ചുദിവസത്തിന് ശേഷമായിരുന്നു ആത്മഹത്യ. അവന്റെ മരണശേഷം ഈ കൂട്ടുകാര്‍ എന്നു പറയുന്ന ആരേയും ഇങ്ങോട്ട് കണ്ടിട്ടില്ല.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളില്‍ പ്രകാശിനെ ഒപ്പമുള്ളവര്‍ മര്‍ദിച്ചിരുന്നു. കൊച്ചുകുമാര്‍, വലിയ കുമാര്‍, രാജേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അവനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകള്‍. ഇവര്‍ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയം,’ പ്രശാന്ത് പറഞ്ഞു.

2018 ഒക്ടോബര്‍ 27നാണു സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണമുണ്ടാവുന്നത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. ശബരിമല വിവാദത്തിനിടെയായിരുന്നു ആക്രമണമുണ്ടായിരുന്നത്.

ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.

CONTENT HIGHLIGHT:  A crucial revelation after four years in the burning of Swami Sandipanandagiri’s ashram