| Saturday, 2nd June 2018, 5:50 pm

എച്ച്.ഐ.വി പോസിറ്റീവ് കുട്ടികള്‍ക്കുള്ള മരുന്നിന്റെ സ്റ്റോക്ക് ഇല്ല; രോഗികള്‍ ദുരിതത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തൊട്ടാകെ എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ ഉപയോഗിക്കുന്ന മരുന്നിന്റെ ലഭ്യത കുറയുന്നു. ആന്റിറിട്രോവൈറല്‍ തെറാപ്പിക്ക് ഉപയോഗിക്കുന്ന ലാമിവ്യുടിന്‍ അബാക്കവിര്‍ എന്നിവയുടെ മിശ്രിതമായ മരുന്നിനാണു കുറവ് നേരിടുന്നത്. ഇന്ത്യയിലാകെ 16,500 കുട്ടികളാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.

ഉത്തര്‍പ്രദേശ്, ആസാം, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായും മറ്റു പല സംസ്ഥാനങ്ങളിലും ഭാഗികമായും ഈ മരുന്നിന്റെ ലഭ്യത നിലച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാന്‍ എന്ന അന്താരാഷ്ട്ര മരുന്ന് കമ്പനി മാത്രമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. കമ്പനിയും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇത്തരമൊരു അവസ്ഥ സൃഷ്ട്ടിക്കുന്നതെന്നാണ് എയ്ഡ്സ് രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്.

നിപയില്‍ ജാഗ്രതയുമായി ഖത്തര്‍; കേരളത്തിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം

ഫെബ്രുവരിയില്‍ തന്നെ ഓര്‍ഡര്‍ കൊടുത്തിട്ടും കമ്പനി മരുന്ന് എത്തിക്കുന്നതില്‍ കാലതാമസം വരുത്തുകയാണെന്നാണ് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ നിലപാട്. മരുന്നുകള്‍ അയച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ എത്തുമെന്നും മൈലാന്റെ വക്താവ് അറിയിച്ചു.

ദിവസവും നിശ്ചിത ഇടവേളകളില്‍ ഉപയോഗിക്കേണ്ടതാണ് ആന്റിറിട്രോവൈറല്‍ തെറാപ്പിയിലെ മരുന്നുകള്‍. ഇവ ഉപയോഗിക്കാതിരിക്കുന്നത് രോഗിയുടെ ശരീരത്തില്‍ മരുന്നുകളോടുള്ള പ്രതിരോധം സൃഷ്ടിക്കും. ഇത് പിന്നീടുള്ള ചികിത്സയെ വളരെ പ്രതികൂലമായി ബാധിക്കും. പുറത്തുള്ള വിപണിയില്‍ ഈ മരുന്ന് ലഭിക്കാത്തതും രോഗികളുടെ സ്ഥിതി ഗുരുതരമാക്കുന്നു.

എത്രയും വേഗം ഇതിനൊരു പരിഹാരമുണ്ടാകും എന്ന പ്രതീക്ഷയിലാണ് രോഗബാധിതരായ കുട്ടികളും അവരുടെ മാതാപിതാക്കളും.

We use cookies to give you the best possible experience. Learn more