[share]
ജാതി-മത സംഘടനകള്‍ കേരള രാഷ്ട്രീയത്തിലും പൊതുമണ്ഡലങ്ങളിലും ശക്തമായി ഇടപെടല്‍ നടത്തുന്നതും വിശാല ഹിന്ദുഐക്യത്തിനായി നായരീഴവ സഖ്യത്തിന്റെ സാധ്യതകളെക്കുറിച്ച് പരസ്യ ചര്‍ച്ചകള്‍ നടത്തുന്നതും മതപരമായ ചടങ്ങുകള്‍ക്കും മറ്റും സാമൂഹ്യജീവിതത്തില്‍ വര്‍ദ്ധിച്ച പ്രാധാന്യം ലഭിക്കുന്നതുമെല്ലാം അതിശക്തമായ മതേതര പ്രസ്ഥാനങ്ങളുടെ അഭാവം തന്നെയാണ് സൂചിപ്പിക്കുന്നത്.
രാജ്യത്തിന് അപമാനകരമായ ഗുജറാത്ത് വംശഹത്യയുടെ മുഖ്യസംഘാടകന്‍ നരേന്ദ്ര മോദിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചതും കായല്‍ സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം മോദി ഉദ്ഘാടനം ചെയ്തതും സാധാരണ ജനമനസ്സുകളെ മുറിപ്പെടുത്തിയെങ്കിലും കേരളത്തിലെ പല സാമൂഹ്യ പ്രസ്ഥാനങ്ങളെയും ഇത് ഒട്ടും അലോസരപ്പെടുത്തുകയുണ്ടായില്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്.
എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത് എന്ന കാര്യത്തില്‍ കാര്യമായ വിശകലനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഒക്കെത്തന്നെ തങ്ങളുടെ രാജ്യത്തേക്കുള്ള മോദിയുടെ വരവിനെ നാണക്കേടായി ഇപ്പോഴും പരിഗണിക്കുമ്പോഴും രാഷ്ട്രീയബോധ്യം കൂടുതലുണ്ടെന്ന് പറയുന്ന, ഇടതുപക്ഷബോധം അവകാശപ്പെടുന്ന, കേരളജനത വളരെ നിസ്സംഗതയോടെയാണ് മോദി സന്ദര്‍ശനത്തെ നോക്കിക്കണ്ടത് എന്നത് ലജ്ജിപ്പിക്കേണ്ട വസ്തുതയാണ്.
ബാബറി മസ്ജിദ് വിവാദം കത്തിനില്‍ക്കുകയും മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്ത 90കളില്‍ കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ അതിശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഗ്രാമീണ വായനശാലകളും കൊച്ചുകൊച്ചു ക്ലബ്ബുകളും തുടങ്ങി നഗരങ്ങളിലടക്കം നവോത്ഥാന സദസ്സുകളും മതസൗഹാര്‍ദ്ദ റാലികളും സാംസ്‌കാരിക സംവാദങ്ങളും സംഘടിപ്പിക്കപ്പെടുകയുണ്ടായി.
സോഷ്യലിസ്റ്റുകളും, ഗാന്ധിയന്മാരും, തീവ്ര ഇടതുപക്ഷ സംഘടനകളും മുഖ്യധാരാ ഇടതു സംഘടനകളും ബുദ്ധിജീവികളും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരും ഒക്കെത്തന്നെ ഈ മതേതര-നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി മാറി. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ വേണ്ട ഇഷ്ടികകള്‍ പൂജിച്ച് കൊണ്ടുപോകാനുള്ള “ശിലാപൂജകള്‍” പോലുള്ള പരിപാടികള്‍ കേരളത്തിലെ സംഘപരിവാര്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും അവയ്ക്ക് ജനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്നത് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ ഇടപെടലുകള്‍ കൊണ്ടുതന്നെയായിരുന്നു.
സൈലന്റ്‌വാലി പ്രക്ഷോഭത്തിലൂടെ ആരംഭിച്ച കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ 90കളുടെ ആദ്യകാലത്തെത്തുമ്പോഴേക്കും കേരളത്തിലെ പൊതുമണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള കാലങ്ങളില്‍ വിവിധ പാരിസ്ഥിതിക വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനും ഒരളവുവരെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെക്കൂടി പ്രക്ഷോഭരംഗങ്ങളിലേക്ക് എത്തിക്കുന്നതിനും നിലപാടുകള്‍ എടുപ്പിക്കുന്നതിനും അവര്‍ക്കു സാധിച്ചു.
ആധുനിക വികസന പരിപ്രേക്ഷ്യങ്ങളുടെ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെയും ഭൂമിയിലെ മറ്റ് ജീവജാലങ്ങളുടെയും വക്താക്കളായിക്കൊണ്ട് ഇരകളുടെ കൂടെ നിന്ന് സംസാരിക്കാന്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു എന്നത് വലിയൊരു നേട്ടമായിത്തന്നെ കണക്കാക്കാവുന്നതാണ്. കേവല വൈകാരിക പ്രതികരണങ്ങള്‍ക്കപ്പുറത്ത് ശാസ്ത്രയുക്തികളുടെയും ജനാധിപത്യമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളെ നോക്കിക്കാണാനും അവതരിപ്പിക്കാനും ഈ കൂട്ടായ്മകള്‍ക്ക് സാധിച്ചു.
അടുത്തപേജില്‍ തുടരുന്നു
ആധുനിക വികസന പരിപ്രേക്ഷ്യങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടാ- യിരുന്നെങ്കിലും ആധുനികത മുന്നോട്ടുവച്ച മതേതര-നവോത്ഥാന മൂല്യങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ പൊതുവെ ഇത്തരം സംഘടനകള്‍ വിമുഖത കാണിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ കൂടിച്ചേരലുകളില്‍ എവിടെയും മത-ജാതി സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സംബന്ധിച്ച ചര്‍ച്ചകളോ സംവാദങ്ങളോ ഉണ്ടാകാറില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
പൊതുവില്‍ മുഖ്യധാരാ ഇടതുപക്ഷം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ തങ്ങളുടേതല്ലെന്ന പൊതുബോധത്തിലേക്ക് അറിഞ്ഞോ അറിയാതെയോ ഇത്തരം സംഘടനകള്‍ എത്തിച്ചേരുകയായിരുന്നു. 90കള്‍ വരെ പ്രകടമായി നിന്നിരുന്ന മതേതര സ്വഭാവത്തില്‍ നിന്ന് മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വ്യതിചലിക്കുകയും ജാതി-മത സംഘടനകളുമായും ആള്‍ദൈവ പ്രസ്ഥാനങ്ങളുമായും കൂട്ടുചേര്‍ന്ന് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയും ചെയ്തതോടെ കേരളത്തിന്റെ മതേതര ഇടം ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായി. ഈയൊരു മതേതര ഇടം നിലനിര്‍ത്തുന്നതിലോ തിരിച്ചു പിടിക്കുന്നതിലോ നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ താത്പര്യമെടുത്തില്ല എന്നത് വിമര്‍ശനപരമായി തന്നെ ചൂണ്ടിക്കാട്ടട്ടെ.
പരിസ്ഥിതി-പ്രതിരോധ സംഘടനകളുടെ വളര്‍ച്ചയുടെയും പ്രവര്‍ത്തനരീതികളുടെയും കാര്യത്തില്‍ കേരളത്തിലേതിന് സമാനമായ അന്തരീക്ഷം തെന്നയാണ് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമായി മതേതരാന്തരീക്ഷം കൂടുതല്‍ കലുഷിതമായ സാഹചര്യത്തിലായിരുന്നു അവയ്ക്ക് പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. മാത്രമല്ല, ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘപരിവാറിന്റെ ആസൂത്രിതമായ ഇടപെടലുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ 90കളുടെ മധ്യത്തോടെ നിലവില്‍ വന്ന സര്‍ക്കാരുകള്‍ വളരെ ബോധപൂര്‍വ്വം തന്നെ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന പദ്ധതികളില്‍ ഇടപെടാന്‍ തുടങ്ങിയിരുന്നു.
പരിസ്ഥിതി നശീകരണത്തിന്റെ മുഖ്യ ഇരകള്‍ സാധാരണക്കാരാണ് എന്ന ബോധ്യം പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുന്‍കൈയ്യില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സാധാരണക്കാരുടെ സാന്നിദ്ധ്യം വ്യാപകമാകുന്നതിന് കാരണമായി. നഗരകേന്ദ്രീകൃത മധ്യവര്‍ഗ്ഗങ്ങളുടെയും ബുദ്ധിജീവി വിഭാഗങ്ങളുടെയും മുന്‍കൈയ്യില്‍ രൂപപ്പെട്ട പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളില്‍ വികസന പദ്ധതികളുടെ ഇരകള്‍ നേരിട്ട് പങ്കാളികളാകാന്‍ തുടങ്ങിയെന്നതും പ്രത്യേകം വിലയിരുത്തപ്പെടേണ്ടതാണ്.
90കള്‍ മുതല്‍ ഇങ്ങോട്ട് വളരെ ശക്തമായ രീതിയില്‍ സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയതില്‍ ഈ നഗര മധ്യവര്‍ഗ്ഗ വിഭാഗത്തിന്റെ സ്വാധീനം ശക്തമായി പ്രകടമായിരുന്നു.
ഗോക്കളെയും മേച്ചില്‍പ്പുറങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ജലം-പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍, വനവല്‍ക്കരണത്തിനായുള്ള മുേന്നറ്റങ്ങള്‍ എന്നിവയിലൊക്കെ വളരെ വ്യാപകമായി തന്നെ മതചിഹ്നങ്ങള്‍ – പ്രത്യേകിച്ചും ഹൈന്ദവ ബിംബങ്ങള്‍ – ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് ഇക്കാലയളവിലായിരുന്നു.
വനവല്‍ക്കരണ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്ഷേത്രങ്ങളില്‍ നിന്നും പൂജിച്ച മരത്തൈകള്‍ നല്‍കുന്നത് പലപ്പോഴും സാധാരണ സംഭവങ്ങളായി മാറി. ഗോസംരക്ഷണത്തിനായി കൃഷ്ണപൂജ നടത്തുന്നതും ജല സംരക്ഷണത്തിനായി വരുണ പൂജ നടത്തുന്നതും പരിസ്ഥിതി പ്രവര്‍ത്തനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈവക അനുഷ്ഠാനങ്ങള്‍ക്കൊക്കെയും “ശാസ്ത്രീയ യുക്തികള്‍” നിരത്താനും അതിന്റെ വക്താക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല.
ഈ രീതിയില്‍ സംഘടിപ്പിക്കപ്പെടുന്ന ജല-വന സംരക്ഷണ പരിപാടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും ഫണ്ടുകള്‍ നല്‍കാനും അന്നത്തെ സംഘപരിവാര്‍ സര്‍ക്കാര്‍ തയ്യാറായതും ചേര്‍ത്തുവായിക്കേണ്ടതാണ്.
പരിസ്ഥിതി സംരക്ഷണത്തില്‍ – പ്രതിരോധ സമരങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ “ശാസ്ത്രീയ യുക്തികള്‍” അതിന്റെ വക്താക്കള്‍ മുന്നോട്ടുവെക്കുന്നതിങ്ങനെയാണ്. സൃഷ്ടി-സ്ഥിതി-സംഹാരം എന്നിവയുടെ സാക്ഷാത്കാരം എന്ന നിലയ്ക്കാണ് മനുഷ്യന്‍ പ്രകൃതിയെ കാണുന്നത്, അതുകൊണ്ടുതന്നെ പ്രകൃതി ആരാധന മേല്‍പ്പറഞ്ഞവയോടുള്ള ആരാധനയുടെ ഭാഗമാണ്. പ്രകൃതിയോടുള്ള ഭയഭക്തി ബഹുമാനത്തില്‍ നിന്നും മാത്രമേ പ്രകൃതിസംരക്ഷണം സാധ്യമാവുകയുള്ളൂ. ഇതാണ് അവര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തം.
അടുത്തപേജില്‍ തുടരുന്നു
ഹൈന്ദവ മതബിംബങ്ങളെ പരിസ്ഥിതി സംരക്ഷണ സമരങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് വര്‍ത്തമാനകാലത്ത് വ്യാപകമായിരിക്കുന്നു. തെഹ്‌രി അണക്കെട്ടിനെതിരായി നടക്കുന്ന പ്രക്ഷോഭവും ചിപ്‌കോ ആന്ദോളനും ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. ഈ രണ്ട് പ്രസ്ഥാനങ്ങളിലും പ്രക്ഷോഭപ്രവര്‍ത്തനങ്ങളുടെ പല ഘട്ടങ്ങളിലും ഭാഗവത വായനകളും രാഖി കെട്ടുന്നതുപോലുള്ള ചടങ്ങുകളും സാധാരണമായി നടക്കാറുണ്ട്.
തീവ്ര ഹൈന്ദവതയുടെ വക്താക്കള്‍ക്ക് ഇത്തരം പ്രക്ഷോഭങ്ങളുടെ തലപ്പത്തേക്ക് കടന്നുവരുന്നതിന് ഇത് സഹായകമായി മാറി എതാണ് വാസ്തവം. “പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ ഹൈന്ദവ ദര്‍ശനങ്ങളുടെ അടിസ്ഥാനാശയങ്ങളുടെ പ്രയോഗവല്‍ക്കരണം” എന്ന നിലയ്ക്കാണ് ചിപ്‌കോ പ്രസ്ഥാനത്തെ തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കള്‍ പരിഗണിച്ചിരിക്കുന്നത്.
ചിപ്‌കോ പ്രസ്ഥാനത്തിന് ലഭിച്ച പ്രചരണപരമായ മുന്‍കൈ ആഗോളതലത്തില്‍ ഉപയോഗപ്പെടുത്തപ്പെട്ടത് ശ്രദ്ധേയമാണ്. ഹിന്ദുമത ദര്‍ശനത്തിന്റെ അടിത്തറയില്‍ തന്നെ പാരിസ്ഥിതികാവബോധം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന പ്രസ്താവനകളും പ്രചരണങ്ങളും ഇതോടെ വ്യാപകമാക്കപ്പെട്ടു. ഹൈന്ദവ പ്രപഞ്ചഘടനാ ശാസ്ത്രത്തില്‍ (Hindu Cosmology) പ്രകൃതിയെ മഹത്വവല്‍ക്കരിക്കുന്നത് സംബന്ധിച്ച സൈദ്ധാന്തിക വാചാടോപങ്ങളും പ്രബന്ധങ്ങളും നിത്യേനയെന്നോണം പെരുകാന്‍ തുടങ്ങി.
ഈയൊരവസരത്തെ ഇന്ത്യയിലെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തിയത് വളരെ ആസൂത്രിതമായാണ്. ഇന്ത്യയിലെ നവസാമൂഹ്യ പ്രസ്ഥാനങ്ങളിലെ മുന്‍നിര വക്താക്കള്‍ ഒന്നുകില്‍ ഈ ആസൂത്രിത നീക്കം അറിയാതെ പോയി, അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് മൗനംദീക്ഷിച്ചു.
ഹൈന്ദവ ബോദ്ധ്യങ്ങളിലൂന്നിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ആദ്യകാല ബി.ജെ.പി ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു. ബദരീനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജി.ബി. പന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ഇക്കോളജിയിലെ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ മരത്തൈകള്‍ ക്ഷേത്ര പൂജാരി പൂജിച്ച് പ്രസാദമായി വിതരണം ചെയ്യുന്ന പരിപാടികള്‍ ആരംഭിച്ചു.
വൃന്ദാവനത്തിന്റെ പുനഃസ്ഥാപനത്തിനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ഖജനാവില്‍ നിന്ന് പണം അനുവദിച്ചു. കാവുകളുടെ സംരക്ഷണത്തിനായി ക്ഷേത്രങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു. സനാതന ധര്‍മ്മത്തിലെ പാരിസ്ഥിതിക ബോധ്യങ്ങളെക്കുറിച്ച് പാഠപുസ്തകങ്ങളിലൂടെ കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇതര പരിസ്ഥിതി സംഘടനകളുടെ പരിപാടികളിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും ഇടപെടാന്‍ തുടങ്ങി. ഇന്ത്യയിലെ ഐ.ഐ.ടികളില്‍ വേദഗണിതങ്ങള്‍ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പോലും ഉയന്നുവന്നത് ഈ കാലത്തായിരുന്നു.
ഇന്ത്യയിലെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ പാരിസ്ഥികാവബോധം പ്രബലമാകുന്നതും കൊച്ചുകൊച്ചു പ്രസ്ഥാനങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ആരംഭിക്കുന്നതും തിരിച്ചറിഞ്ഞ ഹൈന്ദവതയുടെ വക്താക്കള്‍ ഇത്തരം സംഘങ്ങള്‍ക്കിടയില്‍ പതുക്കെ പതുക്കെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വളരെ നിരപുദ്രവമെന്ന് തോന്നാവുന്ന ഇടപെടലുകളിലൂടെയായിരുന്നു ഇവ.
എന്നാല്‍ മണ്ണ്, വെള്ളം, വായു തുടങ്ങിയ തികച്ചും മതേരതരമായ വിഭവങ്ങളുടെ സംരക്ഷണങ്ങള്‍ക്കായി മതേതരമായി സംഘടിപ്പിക്കപ്പെടേണ്ട പ്രസ്ഥാനങ്ങള്‍ തീവ്ര ഹൈന്ദവതയുടെ വലയില്‍ ചെന്നുചാടുകയായിരുന്നു. ഇതിന് ആവശ്യമായ സൈദ്ധാന്തിക പശ്ചാത്തലം രൂപപ്പെടുത്തിയെടുക്കാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള സനാതനികളുടെ ഏജന്റുമാര്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജ്ജിച്ച 90കളില്‍ തന്നെയായിരുന്നു തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചത് എന്നതും നാം ഓര്‍ക്കണം.
ആധുനിക വികസനത്തിന്റെ പ്രതിലോമതയെ സംബന്ധിച്ച ബോധ്യങ്ങള്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമെന്ന തിരിച്ചറിവിനെ മുതലെടുക്കാന്‍ തീവ്ര ഹിന്ദുത്വം പരിശ്രമിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. അത്തരമൊരു തിരിച്ചറിവിന് സൈദ്ധാന്തിക പശ്ചാത്തലമൊരുക്കുക എന്ന ജോലിയാണ് അവര്‍ക്ക് നിര്‍വ്വഹിക്കുവാനുണ്ടായിരുന്നത്.
ആധുനികത സൃഷ്ടിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടികള്‍ വേദങ്ങളിലും പുരാണങ്ങളിലും ഉണ്ടെന്നും ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാന നിഗമനങ്ങള്‍ ഏറെക്കുറെയും ഹിന്ദു പ്രപഞ്ചഘടനാ ശാസ്ത്രത്തില്‍ കണ്ടെത്താമെന്നുമുള്ള വാദങ്ങള്‍ ഉയര്‍ത്താന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ആധുനിക ശാസ്ത്രത്തെ തള്ളിക്കളഞ്ഞുകൊണ്ട് വേദിക് സയന്‍സിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കവും ശക്തമായി.
ഭൂമിയുടെ ഉത്പത്തി സംബന്ധിച്ച കാലഗണനകള്‍ക്ക് വേദ ഗ്രന്ഥങ്ങളുമായുള്ള സാദൃശ്യങ്ങളെ ഉദ്‌ഘോഷിക്കുവാനും അവര്‍ മറന്നില്ല. വേദോപനിഷത്തുകളും പുരാണങ്ങളും ഭഗവത് ഗീതയും പാരിസ്ഥിതിക ആത്മീയതയുടെ പ്രഘോഷണങ്ങളായി ചിത്രീകരിക്കപ്പെട്ടു.
അടുത്തപേജില്‍ തുടരുന്നു
ആധുനിക ശാസ്ത്രം മനുഷ്യവിരുദ്ധമാണെന്ന ചിന്താഗതി പരത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ അണിചേരുന്നുണ്ട്. ആധുനിക വികസനത്തിന്റെ മനുഷ്യ-പ്രകൃതി വിരുദ്ധ സ്വഭാവത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ആധുനിക ശാസ്ത്രം ഇതിന് വഴിയൊരുക്കുന്നുവെന്ന് വാദിക്കുന്നവരില്‍ ഇന്ത്യയിലെ പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരുമുണ്ട്.
വന്ദനാ ശിവ, ക്ലോഡ് അള്‍വാരസ്, ആഷിഷ് നന്ദി തുടങ്ങിയവര്‍ ആധുനിക ശാസ്ത്രത്തിന്റെ പ്രകൃതി-മനുഷ്യവിരുദ്ധതയെ തുറുകാട്ടിക്കൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്തു. ഹരിത വിപ്ലവം പോലുള്ള കാര്‍ഷിക മേഖലയിലെ പരീക്ഷണങ്ങളും വ്യവസായവല്‍ക്കരണവും സൃഷ്ടിച്ച പാരിസ്ഥിതിക-സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആധുനിക ശാസ്ത്രത്തിന്റെ സാംഗത്യത്തെത്തന്നെ ചോദ്യം ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ആധുനിക ശാസ്ത്രം ഒരു ജ്ഞാന സിദ്ധാന്തം എന്ന നിലയില്‍ ഹിംസ (Epistemological Violence) അടങ്ങിയ ഒന്നാണെന്നുവരെ ഇവര്‍ സമര്‍ത്ഥിക്കുന്നുണ്ട്. വന്ദനാ ശിവ, ക്ലോഡ് അല്‍വാരിസ്, ആഷിഷ് നന്ദി എന്നിവര്‍ക്ക് ഇന്ത്യയിലെ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക വക്താക്കള്‍ എന്ന നിലയില്‍ ഒരു സ്വീകാര്യതയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ചിന്താപദ്ധതികളിലും അവരുടെ വീക്ഷണങ്ങള്‍ക്ക് മേല്‍ക്കെ ലഭിക്കുന്നുമുണ്ട്.
വന്ദനാ ശിവ അടക്കമുള്ള ആളുകള്‍ മുന്നോട്ടുവെക്കുന്ന ആധുനിക ശാസ്ത്ര നിരാസത്തിന്റെ വേരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് അക്കാരണം കൊണ്ടുതന്നെ പ്രധാനപ്പെട്ട ഒന്നാണ്.
“പരിണാമ സിദ്ധാന്തം ഒരു സിദ്ധാന്തം മാത്രമാണെും അതിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നും പരിണാമ സിദ്ധാന്തം പഠിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാമെന്നും” ഒക്കെയുള്ള മുന്നറിയിപ്പുകള്‍ ജീവശാസ്ത്ര പുസ്തകങ്ങളില്‍ അച്ചടിച്ചുചേര്‍ക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആരാണ് ഈ വിഭാഗം? തീര്‍ച്ചയായും ബൈബിള്‍ ഉത്പത്തി കഥകളുടെ വക്താക്കള്‍ ഇതിലുണ്ട്.
നിയമ പോരാട്ടങ്ങളില്‍ ഇവരെ സഹായിക്കുന്നതിന് ഇസ്‌കോ (ISKCON-International Society of Krishna Consciousness) പോലുള്ള വേദിക് ഉത്പത്തി”ശാസ്ത്ര”ത്തിന്റെ (Vedic Creationism) വക്താക്കളുമുണ്ട്. ഈ രണ്ടു കൂട്ടര്‍ക്കും പുറമെ ഇന്റലിജന്റ് ഡിസൈന്‍ സിദ്ധാന്തക്കാരും പരിണാമ സിദ്ധാന്തത്തിന്റെ സാധുതയെ വെല്ലുവിളിച്ചുകൊണ്ട് സൈദ്ധാന്തിക വാചകക്കസര്‍ത്തുകള്‍ നടത്തുന്നുണ്ട്. പ്രപഞ്ചോത്പത്തിയുടെ പിന്നില്‍ ധിഷണാപരമായ ഒരു രൂപകല്‍പ്പന ഉണ്ടെന്നും ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം ശരിയല്ലെന്നുമാണ് ഇന്റലിജെന്റ് ഡിസൈന്‍ സിദ്ധാന്തക്കാരുടെ വാദം.
പരിണാമ സിദ്ധാന്തത്തെ കോടതികളില്‍ പോലും ചോദ്യം ചെയ്യാന്‍ തയ്യാറായിരിക്കുന്ന ഈ മൂന്ന് വിഭാഗങ്ങള്‍ പ്രപഞ്ചോത്പത്തി സംബന്ധിച്ച് തികച്ചും വിഭിന്നങ്ങളായ മൂന്ന് സിദ്ധാന്തങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ബൈബിളിനെ ആധാരമാക്കിയുള്ള ഉത്പത്തി സിദ്ധാന്തക്കാര്‍ക്ക് ഭൗമോല്‍പ്പത്തി 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം സംഭവിച്ച ഒന്നാകുമ്പോള്‍ വേദോല്‍പ്പത്തി സിദ്ധാന്തക്കാരായ ഹിന്ദു ക്രിയേഷനിസ്റ്റുകള്‍ ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. മാത്രമല്ല, ബൈബിളിനെ ആസ്പദമാക്കിയുള്ള ഉത്പത്തി സിദ്ധാന്തം സ്‌കൂളുകളില്‍ പഠന വിഷയമാക്കുന്നത് ഒരു മതത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്നതിനാണെന്ന ആരോപണവും അവര്‍ ഉയര്‍ത്തുന്നുണ്ട്.
കൂട്ടത്തില്‍ താരതമ്യേന പുതിയ കൂട്ടരായ ഇന്റലിജെന്റ് ഡിസൈന്‍ സിദ്ധാന്തക്കാര്‍ പക്ഷേ ശാസ്ത്രവക്താക്കളായിട്ടാണ് സ്വയം അവതരിപ്പിക്കുന്നത്. ഭൂമിയുടെ വയസ്സ് 4.32 ബില്യണ്‍ വര്‍ഷങ്ങളാണെ അനുമാനത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറുമാണ്. എന്നാല്‍ പ്രകൃതി നിര്‍ദ്ധാരണത്തിലൂടെയുള്ള (Natural Selection) പരിണാമ സാധ്യതകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. വില്യം ഡെംബ്‌സ്‌കി, ജൊനാതന്‍ വെല്‍സ്, മൈക്ക്ള്‍ ബെഹെ, മൈക്ക്ള്‍ ക്രെമോ എന്നിവരാണ് ഇന്റലിജെന്റ് ഡിസൈന്‍ സിദ്ധാന്തത്തിന്റെ പ്രധാന സൈദ്ധാന്തികന്മാര്‍.
ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളെയും ആധുനികതയുടെ മൂല്യങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങള്‍ ഒക്കെയും രൂപപ്പെട്ടുവരുന്നത് പാശ്ചാത്യ യൂണിവേഴ്‌സിറ്റികളില്‍ നിന്നാണ് എന്നത് നാം മനസിലാക്കേണ്ടതുണ്ട്. ഹൈന്ദവ മിത്തോളജിയെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ചോത്പത്തി വാദങ്ങളുമെല്ലാം പുതിയ രീതിയില്‍ ശാസ്ത്ര സിദ്ധാന്തങ്ങളായി അവതരിപ്പിച്ചുകൊണ്ടുള്ള നൂറുകണക്കിന് പ്രബന്ധങ്ങളാണ് ദിനംപ്രതി പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം ആധുനിക ശാസ്ത്രത്തിന്റെ വിശകലനരീതിതെന്നയാണ് ഈ വിഭാഗം ഉപയോഗിക്കുന്നത് എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്.
അടുത്തപേജില്‍ തുടരുന്നു
“വിശ്വമംഗള ഗോ ഗ്രാമയാത്ര”, “നദീവന്ദനം” തുടങ്ങി ഉത്തരേന്ത്യയില്‍ മാത്രം അരങ്ങേറിക്കൊണ്ടിരുന്ന പല പരിപാടികളും കേരളത്തില്‍ അവതരിപ്പിക്കപ്പെടാന്‍ തുടങ്ങിയത് അടുത്ത കാലങ്ങളിലാണ്. കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് സാധിച്ചില്ലെങ്കിലും കേരളത്തിന്റെ സെക്യുലര്‍ ബോധത്തിന്റെ ജാഗ്രതക്കുറവ് സമാനമായ പല പരിപാടികളും പതുക്കെയെങ്കിലും സംഘടിപ്പിക്കപ്പെടുന്നതിലേക്ക് നയിക്കുകയുണ്ടായി.
പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചുപിടിക്കല്‍, നാടന്‍ ജനുസ്സുകളെ സംരക്ഷിക്കല്‍ തുടങ്ങി പ്രത്യക്ഷത്തില്‍ സ്വീകാര്യമായ പല ഉദ്ദേശലക്ഷ്യങ്ങളും മേല്‍പ്പറഞ്ഞ പരിപാടികളുടെ ഭാഗമാക്കി മാറ്റാന്‍ സംഘാടകര്‍ ശ്രമിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധാത്മക്കളായ നിരവധി പേരുടെ പിന്തുണ ഇതുവഴി ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.
പരിസ്ഥിതിയുടെ ആത്മീയത, നക്ഷത്ര മരങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ കേരളത്തിലെ പുത്തന്‍ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ അജണ്ടകളിേലക്കും സ്ഥാനം പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. “ബൈബിളിന്റെ ഹരിതവായന”, “ഖുര്‍- ആന്റെ ഹരിതദര്‍ശനം”, “ഗീതയുടെ ഹരിതവ്യാഖ്യാനം” എന്നിവയെല്ലാം ഇന്ന് കേരളത്തില്‍ സാമാന്യമായിക്കൊണ്ടിരിക്കുകയാണ്. നിരവധി പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത യുക്തിബോധത്തെ തീര്‍ത്തും തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ രീതിയില്‍ പുത്തന്‍ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ പലതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മതേതര ഇടം ശക്തമായ ഇടപെടലുകളുടെ അഭാവത്താല്‍ ശൂന്യമായി കിടക്കുന്നു എന്നതുകൊണ്ടുതന്നെ ആ ശൂന്യതയിലേക്ക് കടന്നുവരാന്‍ തക്കംപാര്‍ത്തിരിക്കുന്നത് മത തീവ്രവാദങ്ങളുടെ വക്താക്കളായിരിക്കും എതില്‍ സന്ദേഹമൊന്നുമില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഏറ്റവും പുതിയ പ്രസ്താവന. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ അവര്‍ നിശ്ചയിച്ചതിനര്‍ത്ഥം കേരളത്തില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വളക്കൂറുള്ള മണ്ണ് നാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.
സംഘപരിവാരത്തിന്റെ കേരള അജണ്ടയുടെ ഭാഗമായി ഈ വര്‍ഷം കോഴിക്കോട് നടന്ന സോമയാഗം ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ബാബാ രാംദേവ് തൊട്ട് അമൃതാനന്ദമയി മഠത്തിന്റെ അടക്കം പങ്കാളിത്തമുണ്ടായിരുന്ന സോമയാഗത്തിലെ അതിഥികളും സംഘാടകരും ഒക്കെയാകാന്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല എന്നത് അങ്ങേയറ്റം ദുഃഖകരമായ സംഗതിയാണ്.
പരിസ്ഥിതി സംരക്ഷണം-പ്രകൃതി ജീവനം-പ്രകൃതി കൃഷി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു ഫെബ്രുവരി പകുതിയില്‍ കോഴിക്കോട് നഗരത്തില്‍ സോമയാഗം നടന്നത്. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഈ യാഗത്തിന്റെ സംഘാടകര്‍. ജാതിമേല്‍ക്കോയ്മയേയും സമ്പത്തിനേയും അടിസ്ഥാനമാക്കി പ്രാചീന-മധ്യകാല കാലഘട്ടങ്ങളില്‍ അരങ്ങേറിയിരുന്ന യാഗങ്ങളും യജ്ഞങ്ങളും ബലികളും ഒക്കെ പലരീതിയില്‍ വ്യത്യസ്തകളോടെ പുനരവതരിപ്പിക്കപ്പെടുകയാണ്. ആധുനിക കാലത്തിനനുയോജ്യമായ ചേരുവകള്‍ അവയില്‍ നിറക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.
എന്നാലും യാഗത്തിനുള്ള യജമാനന്മാരും ഋത്വിക്കുകകളുമൊക്കെ കലര്‍പ്പില്ലാത്ത ബ്രാഹ്മണര്‍ തന്നെയായിരിക്കും. ബ്രാഹ്മണ്യത്തിന്റെ ആധികാരികതയെ ആധുനിക കാലം നാള്‍ക്കുനാള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിയുടെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിന്റെയും മറവില്‍ അവയൊക്കെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് പണം ചെലവഴിച്ച് നടന്ന സോമയാഗ ധൂര്‍ത്തിനെതിരെ കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. തീര്‍ച്ചയായും കോഴിക്കോട് നഗരത്തില്‍ ചില സംഘടനകളും വ്യക്തികളും നടത്തിയ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നില്ല.
[] “ജനങ്ങളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതിനും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും” ഉദ്ദേശിച്ചുകൊണ്ട് നക്ഷത്രവനങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്ന് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ പിന്തുണകൂടി ഈ പരിപാടിക്ക് ലഭിക്കുന്നുണ്ട്. പഞ്ചാംഗങ്ങളില്‍ വിവരിച്ചിരിക്കുന്ന 26 നക്ഷത്രങ്ങള്‍ക്കും അനുരൂപമായ വിവിധ മരങ്ങള്‍ താന്താങ്ങളുടെ നക്ഷത്രത്തിനനുസരിച്ച് വെച്ചുപിടിപ്പിക്കലാണ് പരിപാടിയുടെ മുഖ്യ ഇനം.
“ഒരാളുടെ നക്ഷത്രത്തിനനുസരിച്ചുള്ള മരത്തിനു കീഴില്‍ ധ്യാനം നടത്തുകയാണെങ്കില്‍ മാനസിക പിരിമുറുക്കവും മറ്റും കുറയ്ക്കാന്‍ സാധിക്കും” എന്നുള്ള “ശാസ്ത്രീയ” നിഗമനങ്ങളും ഇതോടൊപ്പം അതിന്റെ വക്താക്കള്‍ വിളമ്പുന്നുണ്ട്. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് കോര്‍പ്പറേഷന്റെ കാര്‍മ്മികത്വത്തിലായിരുന്നു 2010ല്‍ നക്ഷത്രവനം പരിപാടിക്ക് തുടക്കമിട്ടത്. ടി.ബി.ജി.ആര്‍.ഐയിലെ ശാസ്ത്രജ്ഞന്മാരുടെ സഹായവും ഇതിന് ലഭിക്കുകയുണ്ടായി.
ലോകത്ത് മനുഷ്യന് തിരിച്ചറിയാന്‍ കഴിഞ്ഞ ഏതാണ്ട് 3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയില്‍ സസ്യജാലങ്ങളുണ്ട്. ഇവയില്‍ ഏതാനും മരങ്ങളെ നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് സംരക്ഷിക്കാമെന്ന് ചിന്തിക്കുന്നതിലെ യുക്തിരാഹിത്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കരുത്. ഒരുവേള നിങ്ങള്‍ യൂറോപ്യന്‍ ശാസ്ത്രയുക്തിയുടെ അടിമയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.
പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍, മനുഷ്യസമൂഹം വഴിയിലുപേക്ഷിച്ചുപോയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരികെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ വ്യക്തമായ ബോധ്യങ്ങളോടെ ചെറുക്കേണ്ടതുണ്ട്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കു ജാതി/മത/വര്‍ഗ്ഗീയ ചിന്തകള്‍ നമ്മുടെ സാമൂഹ്യശരീരത്തെ കാര്‍ന്നുതിന്നും മുമ്പ് അവയെ പ്രതിരോധിക്കാന്‍ നാം സന്നദ്ധരാകണം. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നല്ല, മറിച്ച് ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന കൊച്ചുകൊച്ചു പ്രസ്ഥാനങ്ങളില്‍ നിന്നാണ് അതിനുള്ള കരുത്ത് പ്രതീക്ഷിക്കുന്നത്.
കടപ്പാട്: കേരളീയം മാസിക