| Thursday, 22nd November 2012, 6:06 am

ബാദല്‍ സര്‍ക്കാരിന്റെ സോഷ്യലിസ്റ്റ് അരങ്ങും കേരളത്തിന്റെ കോര്‍പ്പറേറ്റ് അരങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ നടക്കുന്നത് ഇത്തരം മഹത്തായ സ്വപ്‌നങ്ങള്‍ക്ക് എതിരെയുള്ള വേട്ടയാണ്. സാഹിത്യകാരന്‍മാരില്ലാത്ത സാഹിത്യ അക്കാദമിയും നാടകക്കാരനില്ലാത്ത സംഗീത നാടക അക്കാദമിയും നാടന്‍കലാകാരന്‍മാര്‍ ഇല്ലാത്ത ഫോക്‌ലോര്‍ അക്കാദമിയും കച്ചവട ചലച്ചിത്രകാരന്‍മാര്‍ ഭരിക്കുന്ന ചലച്ചിത്ര അക്കാദമിയും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്


എസ്സേയ്‌സ് / ശ്രീജിത്ത് പൊയില്‍ക്കാവ്

അരങ്ങിന്റെ സ്വത്വാന്വേഷണം ഭാരതീയ നാടകവേദിയില്‍ ആരംഭിച്ചിട്ട് അഞ്ചോളം ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ 1967 ല്‍ ശാസ്താംകോട്ട വെച്ച് നടന്ന നാടക കളരി പ്രസ്ഥാനം ആയിരുന്നു മലയാള നാടകവേദിയുടെ സ്വത്വം അന്വേഷിച്ചത്. ജി.ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, സി.എന്‍ ശ്രീകണ്ഠന്‍ നായര്‍, പി.കെ വേണുകുട്ടന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു നാടകകളി. []

ഈ കളരിയില്‍  നിന്നാണത്രെ ആദ്യത്തെ തനത് നാടകമായിരുന്ന “കലി” പിറവി കൊള്ളുന്നത്. അതിന് ശേഷം കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ നിരവധി തനത് നാടകങ്ങള്‍ പിറവി കൊണ്ടു. പക്ഷേ ഇതിലൊന്നും മലയാളിയുടെ യഥാര്‍ത്ഥ തനത് സംസ്‌ക്കാരം ഉണ്ടായിരുന്നില്ല.

കാവാലത്തിന്റെ മിക്ക നാടകങ്ങള്‍ക്കും സവര്‍ണ ഉത്സവാചാരങ്ങളെ മാത്രമേ അനുസ്മരിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ എന്നതും മലയാളിയുടെ നാടകശീലങ്ങളില്‍ കോര്‍പ്പറേറ്റ് സങ്കല്‍പ്പങ്ങള്‍ കുത്തിനിറയ്ക്കാന്‍ ഇടം നല്‍കി എന്നതുകൊണ്ടും മലയാളത്തിലെ ആദ്യ കോര്‍പ്പറേറ്റ് നാടകമായി കാവാലത്തിന്റെ കണക്കാക്കാന്‍ കഴിയുന്നു.

കൂടിയാട്ടവും ശാസ്ത്രീയ സംഗീതവും നൃത്തച്ചുവടുകളും കൊണ്ട് കാവാലം മലയാളത്തിന്റെ തനത് നാടകങ്ങളെ തേടിയപ്പോള്‍ യഥാര്‍ത്ഥ “തനത്” നാടകങ്ങള്‍ അരങ്ങേറിയത് ഗ്രാമീണ അരങ്ങുകളിലായിരുന്നു.

ഗ്രാമീണ അരങ്ങുകളില്‍ അവതരിപ്പിക്കപ്പെട്ട ശക്തമായ വെള്ളരി നാടകങ്ങളെ ചരിത്രത്തിന് പുറത്ത് നിര്‍ത്തുക എന്ന “ഹൈജാക്കിങ്” തന്ത്രവും കാവാലം നാടകങ്ങളില്‍ ഉണ്ടായിരുന്നു. കളരി പ്രസ്ഥാനത്തില്‍ മലയാളത്തിന്റെ സ്വത്വ നാടകവേദി അന്വേഷിച്ചവര്‍ക്കൊന്നും ഭൂരിഭാഗം വരുന്ന സാധാരണക്കാരന്റെ അരങ്ങിനെ കണ്ടെത്താന്‍ ശ്രമിക്കാതെ പോയതും കളരി പ്രസ്ഥാനത്തിന്റെ പ്രതിലോമത വെളിവാക്കുന്നുണ്ട്.

അറുപതുകള്‍ക്ക് ശേഷമുള്ള ഭാരതീയ നാടകവേദി പലപ്പോഴും “indiannes In Indian Theatre” (ഭാരത നാടകവേദിയിലെ ഭാരതീയത) എന്ന പേരില്‍ അന്വേഷിച്ചത് ഭാരതീയ ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയെന്നോണം സവര്‍ണ ഹൈന്ദവ നാടകവേദി തന്നെയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിന്റെ നാടകവേദിയിലെ തനത് നാടക വേദിക്കും സംഭവിച്ചത്.

ഈ അന്വേഷണങ്ങള്‍ക്ക് ബദലായിരുന്നു ബാദല്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂന്നാം നാടക വേദി( Third Theatre) മൂന്നാം നാടകവേദിയെന്ന സങ്കല്‍പ്പം തന്നെ ഇന്ന് ഉടലെടുത്തുകൊണ്ടിരിക്കുന്ന ആഗോളവത്ക്കരണ കാലത്തെ അരങ്ങിന് മറുപടിയാണ്. എല്ലാ കെട്ടുകാഴ്ചകള്‍ക്കപ്പുറവും നടന്റെ ശരീരമാണ് നാടകത്തിലെ ശക്തമായ ഉപകരണമെന്നും അത് രാഷ്ട്രീയപരമായി സാമൂഹ്യ നവോത്ഥാനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് മൂന്നാം നാടകവേദിയുടെ ആഹ്വാനം.

തികച്ചും സോഷ്യലിസ്റ്റ് ആശയങ്ങള്‍ പകര്‍ന്ന് ബാദല്‍ സര്‍ക്കാരിന്റെ നാടക ചിന്തകള്‍ വീണ്ടും അവതരിപ്പിക്കപ്പെടേണ്ടതിന്റെ അനിവാര്യത വെളിവാക്കുന്ന ഒരു ശക്തമായ രംഗാവതരണത്തെപ്പറ്റിയാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്.അടുത്തപേജില്‍ തുടരുന്നു

ഈ വിധി പലപ്പോഴും ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം സ്വപ്‌നംകാണുന്നവരോട് മുഴുവന്‍ കോടതി പറയുന്നു. ഭരണകൂടം ഇതുകൊണ്ട് തന്നെയാണ് സ്വപ്‌നങ്ങള്‍ കാണുന്നത് വിലക്കുന്നത്, സ്വപ്‌നങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത്
ബാദല്‍ സര്‍ക്കാരിന്റെ “ഹാട്ടാല നാടുകള്‍ക്കപ്പുറം” എന്ന നാടകം ഈയിടെ കാണാനിടയായി. “ദുട്ടാമല നാട്ക്ക് അപ്പുറം” എന്ന തമിഴ് വിവര്‍ത്തനം തയ്യാറാക്കിയത് പ്രശസ്ത തമിഴ് നാടക സംവിധായകയും ദളിത് ആക്ടിവിസ്റ്റും ആയ ജീവയാണ്. രംഗാവതരണം മൂന്നാം നാടകവേദിയെന്ന സങ്കല്‍പ്പത്തില്‍ പലപ്പോഴും തെന്നിമാറുന്നുണ്ടെങ്കിലും ഒരു “എക്കോ ഫ്രണ്ട്‌ലി” രംഗാവതരണത്തിലൂടെ നാടകം എല്ലാ തത്വചിന്താപരമായ പരിമിതികളേയും മറികടക്കുന്നുണ്ടായിരുന്നു.[]

തികച്ചും ശക്തമായ ഒരു രംഗാവതരണത്തിന് വേണ്ടി യൂണിവേഴ്‌സിറ്റി കാമ്പസിലെ ആല്‍മരത്തിന് താഴെയുള്ള ഒരിടത്തിലായിരുന്നു ദുട്ടാമലകള്‍ക്കപ്പുറം എന്ന നാടകം അവതരിപ്പിക്കപ്പെട്ടത്. ബാദല്‍ സര്‍ക്കാരിനെ ശക്തമായി അടയാളപ്പെടത്തിയ അരങ്ങിനപ്പുറം സംവിധായകനായ ഡോ.കെ.എ ഗുണശേഖരന്‍ പ്രേക്ഷകരിലേക്ക് നിരവധി ധ്വനി പാഠങ്ങളും ഈ നാടകത്തിലൂടെ എത്തിക്കാന്‍ ശ്രമിച്ചു.

“ഇത്രയും അപകടകരമയാ സ്വപ്‌നങ്ങള്‍ കണ്ട ഈ കള്ളന്‍മാരെ തൂക്കിക്കൊല്ലാന്‍ കോടതി വിധിക്കുന്നു.” എന്ന കോടതി ഉത്തരവില്‍ നാടകം അവസാനിക്കുമ്പോള്‍ മദനനും രമണനും പ്രേക്ഷകരില്‍ ഒരു പൊള്ളലായി മാറുന്നു. ബാദല്‍ സര്‍ക്കാരിലൂടെ സഞ്ചരിക്കുമ്പോള്‍ ആസ്വാദകന് കിട്ടുന്നതും ഇത്തരത്തിലുള്ള പൊള്ളലുകളാണ്.

ഹട്ടാമലയ്ക്കപ്പുറത്തെ സോഷ്യലിസ്റ്റ് രാജ്യം

ബാദല്‍ സര്‍ക്കാരിന്റെ “ഹട്ടാമല” ഒരു സ്വപ്‌ന രാജ്യമാണ്. പണവും പദവികളും കോര്‍പ്പറേറ്റ് സ്വപ്നങ്ങളുമില്ലാത്ത ഈ സ്വപ്‌ന രാജ്യത്ത് എത്തിപ്പെടുന്ന രണ്ട് കള്ളന്‍മാരാണ് രമണനും മദനനും.

ഹട്ടാമലയിലും ഇവര്‍ പോലീസുകാരെ പേടിക്കുന്നു. അടുത്തുള്ള പോലീസ് സ്‌റ്റേഷന്‍ ഇവര് ഹട്ടാമലയില്‍ അന്വേഷിക്കുമ്പോള്‍ പോലീസ് സ്‌റ്റേഷനും കള്ളന്‍മാരുമെല്ലാം ഇവര്‍ക്ക് മുത്തശ്ശി കഥകളില്‍ മാത്രമാണ് കേട്ട് കേള്‍വി. പണം ഇതുവരെ ഹട്ടാമലയില്‍ ആരും കണ്ടെത്തിയിട്ടില്ല.

പണവും സ്വര്‍ണവും രത്‌നങ്ങളും എല്ലാം ഹട്ടാമലയിലെ ലൈബ്രറിയിലാണ് സ്വീകരിക്കുന്നത്. ആവശ്യക്കാര്‍ക്ക് അത് ഉപയോഗിക്കാം. പക്ഷേ ഹട്ടമാലക്കാര്‍ക്ക് പ്രിയം പൂക്കള്‍കൊണ്ടുള്ള ആദരങ്ങളാണ്.

പക്ഷേ ഹട്ടാമലയിലെത്തിയ കള്ളന്‍മാര്‍ ലൈബ്രറി കൊള്ളയടിക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ അതിലൊരാള്‍ക്ക് ഹട്ടാമല വിട്ട് പോകാനേ തോന്നുന്നില്ല. എന്നാല്‍ രണ്ടാമത്തെ കള്ളന്‍ ആ സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കൊണ്ട് നാടുവിടാന്‍ തീരുമാനിക്കുകയും അവിടെ രണ്ട് കള്ളന്‍മാരും തമ്മില്‍ സംഘര്‍ഷത്തില്‍ എത്തിച്ചേരുകയും ചെയ്യന്നു.

ഈ സംഘര്‍ഷത്തില്‍ ഇവര്‍ തിരിച്ചറിയുന്നു തങ്ങള്‍ കണ്ടത് ഒരു സ്വപ്‌നമായിരുന്നുവെന്ന്. ഈ സ്വപ്‌നം കോടതിയില്‍ ഇവര്‍ പറയുന്നു. മോഷണത്തേക്കാള്‍ അപകടകരമായ സ്വപ്മാണ് ഇവര്‍ കണ്ടതെന്നും അതിനാല്‍ ഇവരെ തൂക്കിക്കൊല്ലണമെന്നും കോടതി വിധി നിര്‍ണയിക്കുന്നു.

ഈ വിധി പലപ്പോഴും ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം സ്വപ്‌നംകാണുന്നവരോട് മുഴുവന്‍ കോടതി പറയുന്നു. ഭരണകൂടം ഇതുകൊണ്ട് തന്നെയാണ് സ്വപ്‌നങ്ങള്‍ കാണുന്നത് വിലക്കുന്നത്, സ്വപ്‌നങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത്.അടുത്തപേജില്‍ തുടരുന്നുടി.എം എബ്രഹാം എന്ന നാടകക്കാരനെ മാറ്റി നിര്‍ത്തിയാല്‍ സംഗീത നാടക അക്കാദമിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും രാഷ്ട്രീയക്കാരുടെ വിളയാട്ടമാണ് നടക്കുന്നത്

സ്വപ്‌നങ്ങള്‍ കാണുന്നത് വിലക്കുന്ന അക്കാദമികള്‍

ഹട്ടാമല നാടുകളിലെ സ്വപ്‌നങ്ങള്‍ കണ്ടവരെ വിലക്കുന്ന കേരളത്തിലെ ഭരണകൂട അക്കാദമികളുടെ കഥകളാണ് ഇനി പറയാനുള്ളത്. തൃശൂരിലെ സാഹിത്യ അക്കാദമി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വൈകുന്നേരം അഞ്ചുമണിവരെയാണ്. []

സാധാരണ രാത്രി ഒന്‍പത് മണിവരെ തുറന്നിടുന്ന സാഹിത്യ അക്കാദമി ഗേറ്റ് അഞ്ച് മണിക്ക് അടക്കാന്‍ പ്രസിഡന്റിന്റെ പ്രത്യേക ഉത്തരവായിരുന്നത്രേ. അതിനൊപ്പം അക്കാദമി കാമ്പസ് കേന്ദ്രീകരിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നൊക്കെയായിരുന്നു സാഹിത്യ അക്കാദമിയുടെ വിശദീകരണം.

എന്നാല്‍ സാഹിത്യകാരന്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും നാടകക്കാരും, സ്ത്രീപക്ഷ വാദികളുമെല്ലാം ഒത്തുചേര്‍ന്ന് വൈകുന്നേരങ്ങളില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നു എന്നതാണ് സാഹിത്യ അക്കാദമിയുടെ മേലാളന്‍മാരില്‍ ഭീതി പരത്തിയത്. വൈകുന്നേരങ്ങളില്‍ നടക്കുന്ന ഈ സര്‍ഗാത്മക കൂട്ടായ്മ ഇല്ലാതാക്കുന്നതോട് കൂടി ഭരണകൂടം പേടിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളും ഇല്ലാതാകുന്നു.

കേരളത്തിലെ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ നടക്കുന്നത് ഇത്തരം മഹത്തായ സ്വപ്‌നങ്ങള്‍ക്ക് എതിരെയുള്ള വേട്ടയാണ്. സാഹിത്യകാരന്‍മാരില്ലാത്ത സാഹിത്യ അക്കാദമിയും നാടകക്കാരനില്ലാത്ത സംഗീത നാടക അക്കാദമിയും നാടന്‍കലാകാരന്‍മാര്‍ ഇല്ലാത്ത ഫോക്‌ലോര്‍ അക്കാദമിയും കച്ചവട ചലച്ചിത്രകാരന്‍മാര്‍ ഭരിക്കുന്ന ചലച്ചിത്ര അക്കാദമിയും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.

ഇതിന്റെ പ്രധാനകാരണക്കാരന്‍ സാംസ്‌ക്കാരിക ബോധമില്ലാത്ത നമ്മുടെ സാംസ്‌ക്കാരിക മന്ത്രി തന്നെയാണ്. ഉദ്യോഗസ്ഥന്‍മാര്‍ ഭരിക്കുന്ന ഈ അക്കാദമികളുടെ സ്വപ്‌നവേട്ട പലപ്പോഴും നമ്മുടെ ശക്തമായിരുന്ന സാംസ്‌ക്കാരിക മേഖലയെ തന്നെ മലിനീകരിക്കുന്നു. ഒരു വര്‍ഷത്തെ സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തവര്‍ തന്നെ വ്യക്തമാക്കുന്നതാണ്.

കേരള സംഗീത നാടക അക്കാദമിയുടെ സ്വപ്‌നവേട്ട

കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായ സൂര്യ കൃഷ്ണ മൂര്‍ത്തി നാടക പ്രവര്‍ത്തനം ആരംഭിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍ മാത്രമാണ് ആവുന്നത്. കൃഷ്ണ മൂര്‍ത്തി ദീപ വിധാനത്തിന് സാങ്കേതികതകള്‍ കൈകാര്യം ചെയ്യുന്ന ഒരു സാങ്കേതിക പ്രവര്‍ത്തകന്‍ ആയിരുന്നു അതിന് മുന്‍പ്.

സൂര്യ എന്ന ഇവന്റുകള്‍ സംഘടിപ്പിക്കുന്ന ഒരു സംഘടനയുടെ സ്ഥാപകന്‍ എന്നതിനപ്പുറം സൂര്യകൃഷ്ണമൂര്‍ത്തി കലാപ്രവര്‍ത്തനത്തില്‍ മറ്റൊരു തരത്തിലുള്ള പാരമ്പര്യം അവകാശപ്പെടാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഒരാള് എങ്ങിനെ സംഗീതനാടക അക്കാദമിയുടെ ചെയര്‍മാന്‍ ആയി എന്നുള്ളത് ഒരു നാടകക്കാരന് ഒരിക്കലും ഉത്തരം കിട്ടാത്ത പ്രഹേളിക ആയി തുടരുകയാണ്.

ടി.എം എബ്രഹാം എന്ന നാടകക്കാരനെ മാറ്റി നിര്‍ത്തിയാല്‍ സംഗീത നാടക അക്കാദമിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും രാഷ്ട്രീയക്കാരുടെ വിളയാട്ടമാണ് നടക്കുന്നത്. 2011 ല്‍ നടന്ന ഇറ്റ്‌ഫോക്ക് (ITFOK) എന്ന കേരളത്തിന്റെ അന്തര്‍ദേശീയ നാടകോത്സവത്തിന്റെ നടത്തിപ്പിലായിരുന്നു കോര്‍പ്പറേറ്റ് നാടകങ്ങളുടെ ഇടമായി കേരളത്തെ മാറ്റാന്‍ ശക്തമായ ശ്രമവുമായി സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സംഗീത നാടക അക്കാദമി കച്ചകെട്ടി ഒരുങ്ങിയത്.

2010 ല്‍ നടന്ന ഇറ്റ്‌ഫോക്കില്‍ കേരള സംഗീത നാടക അക്കാദമി ബാദല്‍ സര്‍ക്കാരിന് സമ്മാനിച്ച അമ്മന്നൂര്‍ മാധവ ചാക്യാര്‍ പുരസ്‌ക്കാരം എന്നൊരു പുരസ്‌ക്കാരവും, ഇറ്റ്‌ഫോക്ക് എന്ന നാടകമേളയുടെ രാഷ്ട്രീയ ഇടവും ഒരുപോലെയാണ് സംഗീത നാടക അക്കാദമി ഇല്ലാതാക്കിയത്.
അടുത്തപേജില്‍ തുടരുന്നു

കേരള നാടക വേദയിലെ മഹത്തായ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി വിദേശികള്‍ക്ക് വിരുന്നൊരുക്കുന്ന ഇറ്റ്‌ഫോക്ക് ഈ വര്‍ഷമെങ്കിലും ജനകീയ നാടക പ്രവര്‍ത്തനങ്ങളുടെ ഇടമാകും എന്ന് പ്രത്യാശിക്കാം

2011 അന്തര്‍ദേശീയ നാടകോത്സവം(ITFOK) ഒരു അവലോകനം

ഭരത് മുരളി സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോഴാണ് അന്തര്‍ദേശീയ നാടകോത്സവം എന്ന സങ്കല്‍പം രൂപം കൊള്ളുന്നത്. കേരളത്തിന് ലോക നാടക വേദിയെ പരിചയപ്പെടുത്തുക എന്നതും ഇറ്റ്‌ഫോക്കിന്റെ ലക്ഷ്യങ്ങളില്‍ ഉണ്ടായിരുന്നു. ആദ്യ ഇറ്റ്‌ഫോക്കില്‍ നാടകങ്ങള്‍ തിരഞ്ഞെടുത്തതും ഇങ്ങനെ തന്നെയായിരുന്നു.[]

എന്നാല്‍ ഭരത് മുരളിയുടെ മരണത്തിന് ശേഷം മുകേഷ് ( ഇദ്ദേഹം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയതും ഒരു പ്രഹേളിക ആണ്) ചെയര്‍മാനായ സംഗീത നാടക അക്കാദമിക്ക് കോര്‍പ്പറേറ്റുകളുമായി ഒത്തൊരുമിച്ച് നാടകമേള സംഘടിപ്പിക്കാനേ കഴിഞ്ഞുള്ളു, എന്നൊക്കെ പറഞ്ഞാലും ഇടതുപക്ഷം ഭരിച്ചപ്പോള്‍ കേരള നാടക വേദിയെ തഴഞ്ഞ് ഇറ്റ്‌ഫോക് നടന്നില്ല എന്നത് ആശ്വാസകരമാണ്.

എന്നാല്‍ 2011 ല്‍ ആകെ മൂന്ന് നാടകങ്ങള്‍ സംവിധാനം ചെയ്ത സൂര്യകൃഷ്ണമൂര്‍ത്തി ഫെസ്റ്റിവല്‍ ഡയരക്ടര്‍ സംഗീതനാടക അക്കാദമി ഇറ്റ്‌ഫോക്കിനെ ഒരു കോര്‍പ്പറേറ്റ് മേള ആക്കി മാറ്റുകയായിരുന്നു. ഈ ഇറ്റ്‌ഫോക്കില്‍ കേരളത്തില്‍ നിന്നും ഒരു നാടകം പോലും ഉണ്ടായിരുന്നില്ല.( ഓക്‌സിജന്‍ എന്ന നാടകകമ്പനിയുടെ പിയര്‍ജിന്റ് എന്ന മലയാള നാടകം ഉണ്ടായിരുന്നു).

കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത നാടകം നോര്‍വ്വയിലെ ഇബ്‌സന്‍ ഫൗണ്ടേഷന്റെ ഫണ്ടിങ്ങില്‍ രൂപം കൊണ്ട ഒരു അന്തര്‍ദേശീയ നാടകം ആയിരുന്നു. ഈ നാടകത്തിനപ്പുറം സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിച്ച ” ബര്‍ത്ത് ഡേ പാര്‍ട്ടി ” എന്ന ഒരു വികല നാടകാവതരണത്തിനേയും മലയാള നാടകം എന്ന പേരില്‍ പ്രേക്ഷകര്‍ സഹിച്ചു.

പലപ്പോഴും കേരളതതിലെ ഗ്രാമങ്ങളില്‍ നടക്കുന്ന ശക്തമായ നാടകാവതരണങ്ങളെ തള്ളിമാറ്റി ആയിരുന്നു ഈ രണ്ട് നാടകങ്ങള്‍ ഇറ്റ്‌ഫോക്കില്‍ ഇടം നേടിയത്. അതിനപ്പുറം ചെയര്‍മാനും വൈസ് ചെയര്‍മാനും സെക്രട്ടറിയും അടങ്ങിയ ഒരു ഏകാധിപ സമിതി ആയിരുന്നു 2011ല്‍ ഇറ്റ്‌ഫോക്ക് സംഘടിപ്പിച്ചത്. ഒരു അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയരക്ടറായി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി കച്ചകെട്ടിയൊരുങ്ങുമ്പോള്‍ ഇയാള്‍ക്ക് നാടകോത്സവങ്ങള്‍ സംഘടിപ്പിച്ച് എന്ത് പരിചയം ആണ് എന്ന ചോദ്യം ഉന്നയിക്കാന്‍ സംഗീത നാടക അക്കാദമിക്ക് ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റി പോലും ആ സമയങ്ങളില്‍ ഉണ്ടായിരുന്നില്ല.

ഇതിനൊപ്പം 2012 ഇറ്റ്‌ഫോക്കിന്റെ ഫെസ്റ്റിവല്‍ ഡയരക്ടര്‍ ഈ സ്വയം പ്രഖ്യാപിത ഡയരക്ടര്‍ തന്നെയാണെന്നും കേള്‍ക്കുന്നത് കേരള നാടകവേദിക്ക് ഒട്ടും ആശ്വാസകരമല്ല. വരുന്ന ഇറ്റ്‌ഫോക്കും ഉപചാപകരുടെ നാടകോത്സവം ആയി തീരുമോ എന്ന് കേരളത്തിലെ ഓരോ നാടകപ്രവര്‍ത്തകരും പങ്കുവെക്കുന്നു.

അടുത്തിടെ കേരളത്തില്‍ നടന്ന ആര്‍ട്ട് ബിനാലെ വിവാദം കലയുടെ പേരില്‍ നടക്കുന്ന ദൂര്‍ത്ത് വെളിവാക്കുന്നതായിരുന്നു. ഒരു അത്താഴവിരുന്നില്‍ മാത്രം ബിനാലെ നടത്തിയ മദ്യസല്‍ക്കാരത്തിന് ചിലവ് 38000 രൂപയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഈയിടെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പുറത്ത് വിട്ടത്.

ഇത് പോലെ ഇറ്റ്‌ഫോക്കിലെ ചിലവ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എന്തൊക്കെ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് പുറത്ത് വരുന്നത് എന്നത് നമുക്ക് കാത്തിരുന്ന് കാണേണ്ടതാണ്. പൂര്‍ണമായും കേരളത്തിലെ അമേച്ചര്‍ നാടകങ്ങളെ പുറത്ത് നിര്‍ത്തി 2011 ല്‍ നടന്ന ഇറ്റ്‌ഫോക്ക് പോലെയാണ് 2012 ഇറ്റ്‌ഫോക്കും എങ്കില്‍ ഇതിനെ ജനകീയ പ്രതിരോധങ്ങള്‍ കൊണ്ട് തന്നെയാണ് നേരിടേണ്ടത്.

കേരള നാടക വേദയിലെ മഹത്തായ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി വിദേശികള്‍ക്ക് വിരുന്നൊരുക്കുന്ന ഇറ്റ്‌ഫോക്ക് ഈ വര്‍ഷമെങ്കിലും ജനകീയ നാടക പ്രവര്‍ത്തനങ്ങളുടെ ഇടമാകും എന്ന് പ്രത്യാശിക്കാം…

അത ഒരു ബ്രഹ്തിയന്‍ കവിത പോലെ ” ഇത് നല്ല കാലമല്ല..ഒരു മോശപ്പെട്ട കാലവുമല്ല.

We use cookies to give you the best possible experience. Learn more