Advertisement
FB Notification
കുമ്മനത്തിന്റെ ഇല്ലായ്മകളെ ആഘോഷിക്കുന്നവരെ ചില സംഘപരിവാര്‍ ഇല്ലായ്മകള്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു
കെ. സഹദേവന്‍
2021 Mar 19, 10:44 am
Friday, 19th March 2021, 4:14 pm

‘ഇല്ലായ്മ’കളുടെ ആഘോഷമാണല്ലോ എങ്ങും. ആര്‍.എസ്.എസ് നേതാവ് കുമ്മനത്തിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ‘ഇല്ലായ്മ’കളുടെ സമൃദ്ധിയെക്കുറിച്ചാണ് മാധ്യമ ഘോഷം. വീടില്ല, പണമില്ല, കാറില്ല, കടമില്ല, അങ്ങിനെ പോകുന്നു ഇല്ലായ്മ പട്ടിക… വേറെയും ചില ‘ഇല്ലായ്മ’കളുണ്ട്. അത് കുമ്മനത്തിന്റെ മാത്രം ഇല്ലായ്മകളല്ല. സംഘപരിവാര്‍ ജനുസ്സില്‍പ്പെട്ട സകലരുടെയുമാണ്. അവ ഇവയാണ്;

ഭരണഘടനയോട് കൂറില്ലായ്മ, ജനാധിപത്യത്തില്‍ വിശ്വാസമില്ലായ്മ, മാനവികതയോട് ആദരവില്ലായ്മ, ഇതര മതങ്ങളോട് സഹിഷ്ണുതയില്ലായ്മ, മതനിരപേക്ഷതയെ അംഗീകരിക്കായ്ക, ഫെഡറല്‍ സംവിധാനങ്ങളെ അംഗീകരിക്കായ്ക, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളായ്ക…ഈ ഇല്ലായ്കകളാണ് രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നത്. സംഘപരിവാറിനെ തൂത്തെറിയേണ്ടതും ഇതുകൊണ്ടുതന്നെ….

വേറൊരു ‘ഇല്ലായ്മ’ക്കാരനെക്കുറിച്ച് പറയാം. പേര്, പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ നീലാന്‍ഗിരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ്. കേന്ദ്ര മന്ത്രിയാണ്. കുടിലില്‍ ആയിരുന്നു താമസം. സൈക്കിള്‍ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. കീറിയ ജുബ്ബയും മറ്റും. ഇല്ലായ്മകള്‍ പൂത്തു നിറഞ്ഞ മനുഷ്യന്‍.

കന്ധമാലില്‍ ക്രിസ്ത്യന്‍ സമൂഹത്തെ പച്ചയക്ക് വെട്ടിയരിഞ്ഞപ്പോഴും മാന്യ ദേഹത്തിന്റെ ‘ഇല്ലായ്മകള്‍’ പൂത്തുലഞ്ഞു. കന്ധമാല്‍ കലാപത്തിന് നേരിട്ട് നേതൃത്യം വഹിച്ച മഹാനില്‍ മനുഷ്യത്വത്തിന്റെയോ കാരുണ്യത്തിന്റെയോ കണിക പോലും ഇല്ലായിരുന്നു. ഈ ‘ഇല്ലായ്മ’യ്ക്ക് കിട്ടിയ പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവി.

കെ. സഹദേവന്‍
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.