തിരുവനന്തപുരം: കോഴ വാഗ്‌ദാനം മറച്ചുവെച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘപരിവാറിന് വിഷമമുണ്ടാക്കുന്നതൊന്നും തന്നെ മുഖ്യമന്ത്രി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ കേസ് ഭയന്നാണ് മുഖ്യമന്ത്രി ഒന്നിലും ഇടപെടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുഖ്യമന്ത്രി ഒരുമാസത്തിലേറെയായി കോഴ വാഗ്‌ദാനം മറച്ച് വെക്കുന്നു. ഇടതുപക്ഷ മുന്നണിയിലെ തന്നെ ഒരു എം.എൽ.എ മറ്റ് രണ്ട് എം.എൽ.എമാർക്ക് 50 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്ത് സംഘപരിവാർ മുന്നണിയിലേക്ക് കൊണ്ടുപോകാനായി ശ്രമിച്ചത് മുഖ്യമന്ത്രി മറച്ച് വെച്ചു. മുഖ്യമന്ത്രി എല്ലാം മറച്ച് വെക്കുകയായിരുന്നു. സ്വന്തം ആളുകളെ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സംഘപരിവാറിനെ ഭയന്നാണ് പിണറായി വിജയൻ ഭരണം നടത്തുന്നത്,’ വി.ഡി.സതീശൻ പറഞ്ഞു.
അതെ സമയം കോഴ വാഗ്‍ദാന വിവാദത്തിൽ ഇടത് മുന്നണിയിലെ എം.എൽ.എമാരെ സംശയിക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ആരോപണം പാർട്ടി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയത്തിൽ അഭിപ്രായം വേണ്ടെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി (എസ്.പി) എം.എല്‍.എ തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാന്‍ കാരണമായത് ഈ കോഴ ആരോപണമാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാര്‍ പക്ഷത്തേക്ക് 100 കോടി വാഗ്ദാനം ചെയ്ത് എല്‍.ഡി.എഫ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം നടത്തിയെന്നായിരുന്നു ആരോപണം. ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ ആന്റണി രാജുവിനെയും ആര്‍.എസ്.പി-ലെനിനിസ്റ്റ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെയുമാണ് തോമസ് കെ. തോമസ് കൂറുമാറ്റാന്‍ ശ്രമിച്ചത്.
50 കോടി വീതം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു നീക്കം. തുടര്‍ന്ന് വിവരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്ററില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചുകൊണ്ട് തീരുമാനമുണ്ടാകുന്നത്.
കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന് ആന്റണി രാജു സ്ഥിരീകരിച്ചപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ തനിക്ക് ഇക്കാര്യത്തെ കുറിച്ച് ഓര്‍മയൊന്നുമില്ലെന്നാണ് പ്രതികരിച്ചത്.
250 കോടിയുമായി അജിത് പവാര്‍ കേരളത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി കിട്ടുമെന്നും തോമസ് കെ. തോമസ് പറഞ്ഞതായാണ് ആന്റണി രാജു സ്ഥിരീകരിച്ചത്. മുന്‍ നിയമസഭാ സമ്മേളന സമയത്ത് എം.എല്‍.എമാരുടെ ലോബിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് തോമസ് കെ. തോമസ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തത്.
Content Highlight: A criminal case should be filed against the Chief Minister who concealed the offer of bribe: VD Satheesan