ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത് പശു. ചടങ്ങിലെ മുഖ്യാതിഥിയും ഈ പശുവായിരുന്നു. നഗരത്തിലെ ആദ്യത്തെ ഓര്‍ഗാനിക് ഹോട്ടലിന്റെ ഉദ്ഘാടനമാണ് പശു നിര്‍വ്വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുന്‍ ഡെപ്യൂട്ടി എസ്.പിയായിരുന്ന ശൈലേന്ദ്ര സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഗാനിക് ഒയാസിസ് എന്ന ഹോട്ടലാണ് പശു ഉദ്ഘാടനം ചെയ്തത്. ജൈവ കാര്‍ഷികോല്‍പ്പന്നങ്ങളാണ് ഹോട്ടലില്‍ ഭക്ഷണമൊരുക്കാന്‍ ഉപയോഗിക്കുക എന്നതാണ് റിപ്പോര്‍ട്ട്.
മഞ്ഞപ്പട്ടും മാലയും ധരിച്ച പശു ആളുകള്‍ക്കൊപ്പം ഹോട്ടലിലേക്ക് വരുന്നതിന്റെ വീഡിയോയും എ.എന്‍.ഐ പങ്ക് വെച്ചിട്ടുണ്ട്. ആളുകള്‍ പശുവിനെ കെട്ടിപ്പിടിക്കുന്നതും ഭക്ഷണം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
സുശാന്ത് ഗോള്‍ഫ് സിറ്റിയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ കൃഷിയും സമ്പദ് വ്യവസ്ഥയും പശുക്കളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും അതിനാലാണ് ‘ഗോമാത’യെ ചടങ്ങിന്റെ മുഖ്യാതിഥിയാക്കിയതെന്നും റസ്‌റ്റോറന്റ് മാനേജരായ ശൈലേന്ദ്ര സിങ് പറഞ്ഞു.
‘ആരോഗ്യമുള്ള ശരീരത്തിന് ഇപ്പോള്‍ ആളുകള്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിച്ച കാര്‍ഷികോല്‍പ്പന്നങ്ങളാണ് ഭക്ഷണമായി നമുക്ക് മുന്നിലെത്തുന്നത്. സ്വന്തമായി കാര്‍ഷികോല്‍പ്പാദനവും സംസ്‌കരണവും നടത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ റസ്റ്റോറന്റ് ആണ് ഓര്‍ഗാനിക് ഒയാസിസ് എന്നാണ് ഞാന്‍ കരുതുന്നത്,’ ശൈലേന്ദ്ര സിങ് എ.എന്‍.ഐയോട് പറഞ്ഞു.
Content Highlights: A cow inaugurated hotel in Uttarpradesh