കാണ്‍പൂര്‍: യു.പിയില്‍ പ്രായം കുറയ്ക്കാനുള്ള ടൈം മെഷിന്‍ എന്ന വ്യാജേന ബിസിനസ് നടത്തി ദമ്പതികള്‍ തട്ടിയത് കോടികള്‍. പ്രായം കുറയ്ക്കുമെന്ന് വിശ്വസിപ്പിച്ചാണ് ദമ്പതികള്‍ ടൈം മെഷിന്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തുവന്നതോടെ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രാജീവ് കുമാര്‍ ദുമ്പെ, പങ്കാളി രശ്മി ദുമ്പെ എന്നിവര്‍ക്കെതിരായണ് കേസെടുത്തത്. ഇരുവരും ചേര്‍ന്ന് 35 കോടിയാണ് തട്ടിയത്. 65 വയസുള്ള ഒരാളെ 25 വയസുള്ള ആളാക്കി മാറ്റുമെന്നായിരുന്നു ദമ്പതികള്‍ വാഗ്ദാനം നല്‍കിയിരുന്നത്. ഇതിനായി ഇസ്രാഈല്‍ നിര്‍മിത ടൈം മെഷിന്‍ ഉപയോഗിച്ചുള്ള ഓക്‌സിജന്‍ തെറാപ്പി ചെയ്യാമെന്നും ദമ്പതികള്‍ ഉറപ്പ് നല്‍കിയിരുന്നു.
കാണ്‍പൂരിലെ സാകേത് നഗറില്‍ സ്ഥാപിച്ച തെറാപ്പി സെന്ററിന്റെ മറവിലായിരുന്നു തട്ടിപ്പ്. പ്രായമായവരെ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പായതുകൊണ്ട് തന്നെ കോടിക്കണക്കിന് രൂപ ഇരുവരും ചേര്‍ന്ന് തട്ടിച്ചെന്നാണ് വിലയിരുത്തല്‍. തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി.
10 സെഷനുകള്‍ക്ക് 6000 രൂപ എന്ന കണക്കിലായിരുന്നു ഇവര്‍ തെറാപ്പി സെഷന്‍ നടത്തിയിരുന്നത്. മൂന്നുവര്‍ഷത്തേക്ക് 90,000 രൂപയും ഇവര്‍ ഡിസ്‌ക്കൗണ്ട് കണക്കില്‍ ഈടാക്കിയിരുന്നു.
തട്ടിപ്പ് മനസിലായതോടെ തെറാപ്പി സെന്ററിലെത്തിയിരുന്ന ഒരു സ്ത്രീയാണ് ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. പരാതിക്കാരിയില്‍ നിന്ന് 10.75 ലക്ഷം രൂപയാണ് ദമ്പതികള്‍ തട്ടിയത്.
തട്ടിപ്പിനിരയായ കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വായുമലിനീകരണം കാരണം സാകേത് നഗറിലെ ആളുകള്‍ക്കെല്ലാം വയസായെന്നും ഓക്‌സിജന്‍ തെറാപ്പി ചെയ്താല്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രായം കുറയ്ക്കാമെന്നുമാണ് ദമ്പതികള്‍ വ്യാജ പ്രചരണം നടത്തിയിരുന്നെതെന്നും പൊലീസ് പറഞ്ഞു.
Content Highlight: A couple raked in crores by running a business pretending to be a time machine to reduce age