ബെംഗളൂരു: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ലോക ക്രിക്കറ്റിനെ ബോള്‍ ടാംപെറിങ്ങ് വിവാദം പിടിച്ചുലക്കുന്നത്. യുവ താരങ്ങളുമായി തങ്ങളുടെ പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചതിനു പിന്നാലെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും രാജസ്ഥാന്‍ റോയല്‍സിനും തങ്ങളുടെ നായകന്മാരെ നഷ്ടമാവുന്നതും.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഉണ്ടായ വിവാദങ്ങളൊന്നും ഐ.പി.എല്‍ പോലൊരു ടൂര്‍ണ്ണമെന്റിനെ ബാധിക്കില്ലെന്നാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്കറ്റ് കീപ്പിങ്ങ് ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേല്‍ പറയുന്നത്.
“ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. പക്ഷേ ഐ.പി.എല്‍ എന്നത് വളരെ വലിയൊരു ടൂര്‍ണ്ണമെന്റാണ്. ഒരുപാട് യുവതാരങ്ങളും സീനിയര്‍ താരങ്ങളും വര്‍ഷങ്ങളായി പങ്കെടുക്കുന്ന ലീഗ്. ഐ.പി.എല്ലിനു പുറത്ത് സംഭവിച്ച ചില കാര്യങ്ങള്‍ ഒരിക്കലും ടൂര്‍ണ്ണമെന്റിനെ ബാധിക്കുകയില്ല.” പട്ടേല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
“എന്താണ് സംഭവിച്ചതെന്ന പറയാന്‍ കഴിയുന്ന പൊസിഷനില്‍ ഇരിക്കുന്ന ആളാണ് ഞാനെന്ന് ഒരിക്കലും കരുതുന്നില്ല. ഐ.സി.സിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കട്ടേ. ഞാനിപ്പോള്‍ ചിന്തിക്കുന്നത് ആര്‍.സി.ബി കപ്പുയര്‍ത്തുന്നതിനെക്കുറിച്ചാണ്. അതിലേക്ക് എനിക്കെങ്ങിനെ സംഭാവന ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചാണ്. അല്ലാതെ പുറത്തെന്ത് സംഭവിക്കുന്നു എന്നതല്ല.” പട്ടേല്‍ പറയുന്നു.