ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എയെ കാണാനില്ലെന്ന് സുചന. യെദ്യുരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനു പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരത്തില്‍ ഒരംഗം പങ്കെടുത്തില്ല.
വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങാണ് വിധാന്‍ സൗധയ്ക്കുമുന്നില്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാത്തത്. ഇയാള്‍ ബി.ജെ.പിയുടെ പിടിയിലാണെന്ന് കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷ് പറഞ്ഞു. ഇയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ബി.ജെ.പി ക്യാംപിലാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, മറ്റൊരു എം.എല്‍.എയെ ഡല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തി. ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യം ഒന്നിക്കണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോകുന്നതില്‍ ബി.ജെ.പി വിദഗ്ദ്ധരാണെന്നും അദ്ദേഹം പ്രതികരിച്ചു.
രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ.
15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി.
Watch DoolNews: