ഹൈദരാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സെ ദേശസ്നേഹിയാണെന്ന് പറഞ്ഞ നടനും രാഷ്ട്രീയ നേതാവുമായ നാഗ ബാബുവിനെതിരെ പരാതി. കോണ്‍ഗ്രസ് നേതാവ് കെ. മാനവത റോയ് ആണ് പരാതി നല്‍കിയത്. ഗോഡ്സെയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി ട്വീറ്റുകളാണ് നാഗബാബു നടത്തിയത്.
ഗോഡ്സെ ഒരു ദേശീയ വാദിയാണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്താണെന്ന് പറയാതെ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ വാദമാണ് അവതരിപ്പിക്കുന്നതെന്ന് നാഗബാബു പറഞ്ഞു.
‘ഗോഡ്സെ ഒരു യഥാര്‍ത്ഥ ദേശസ്നേഹിയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷെ ഇന്നത്തെ ദിവസം അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുമാണ് അവതരിപ്പിക്കേണ്ടത്. അതിന് പകരം സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. അതിപ്പോഴും തുടരുകയാണ്, ഇന്നും’, നാഗബാബു പറഞ്ഞു.
ചെയ്യാന്‍ പോകുന്ന കാര്യത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന് ചിന്തിക്കാതെയാണ് ഗോഡ്സെ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നില്ല. ഈ ജന്മദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു എന്നും നാഗബാബു പറഞ്ഞു. നാഗബാബുവിന്റെ ഗോഡ്സെ സ്തുതിക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയര്‍ന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക