| Friday, 14th June 2024, 7:40 pm

1000 പേര്‍ക്ക് ഫ്രീ ഹഗ്; ബി.ടി.എസ് ഗായകനെ ബലമായി ചുംബിച്ചവര്‍ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പരാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ഏറെ ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബി.ടി.എസ്. ഏഴ് അംഗങ്ങളുള്ള ഇവര്‍ രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ ബി.ടി.എസ് തങ്ങളുടെ രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന് പോയിരുന്നു. ഏഴ് പേരില്‍ ഏറ്റവും ആദ്യമായി സൈനിക സേവനത്തിന് പോയത് ബി.ടി.എസിലെ ഏറ്റവും പ്രായം കൂടിയ അംഗമായ ജിന്‍ ആയിരുന്നു. 2022 ഡിസംബറിലായിരുന്നു ഗായകന്‍ സൈനിക സേവനത്തിന് പോയത്.

ഒടുവില്‍ പതിനെട്ട് മാസത്തോളം നീണ്ട തന്റെ സൈനിക സേവനത്തിന് ശേഷം ജിന്‍ ജൂണ്‍ 12ന് തിരിച്ചെത്തി. കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജിന്‍ തിരിച്ചെത്തിയതോടെ ആരാധകരായ ആര്‍മി വലിയ സന്തോഷത്തിലായിരുന്നു.

ജിന്നിന് വേണ്ടി വലിയ വരവേല്‍പ്പായിരുന്നു ആര്‍മി നല്‍കിയത്. ഗായകനാകട്ടെ ആരാധകര്‍ക്കായി ജൂണ്‍ 13ന് ഒരു ഓഫ് ലൈന്‍ ഇവന്റ് സംഘടിപ്പിച്ചു. പരിപാടിയില്‍ 1000 ആരാധകരെ ജിന്‍ ഹഗ് ചെയ്യുമെന്നത് വലിയ വാര്‍ത്തായായിരുന്നു. ഹഗ് ആവശ്യമില്ലാത്തവര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സിയോളില്‍ വെച്ച് നടന്ന ബി.ടി.എസ് ഫെസ്റ്റ 2024ല്‍ ഗായകനെ കാണാന്‍ നിരവധി ആരാധകരായിരുന്നു എത്തിയത്. പരിപാടിയില്‍ വെച്ച് ജിന്നിനെ ഹഗ് ചെയ്ത ആരാധകരില്‍ രണ്ടുപേര്‍ അദ്ദേഹത്തെ ബലമായി കഴുത്തില്‍ ചുംബിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഗായകനെ ബലമായി ചുംബിച്ചവര്‍ക്കെതിരെ ഇപ്പോള്‍ പൊലീസില്‍ ലൈംഗികാതിക്രമം ആരോപിച്ച് പരാതി ലഭിച്ചതായി കൊറിയന്‍ ബൂ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 14നാണ് സോംഗ്പ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പരാതിയില്‍ അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. ജിന്നിനെ ബലമായി ചുംബിക്കുന്ന വീഡിയോ വൈറലായതോടെ നിരവധി ആരാധകരായിരുന്നു ഇതിനെതിരെ രംഗത്ത് വന്നത്.

Content Highlight: A Complaint Of Sexual Assault Against Those Who Forcibly Kissed BTS Jin

We use cookies to give you the best possible experience. Learn more