| Thursday, 20th October 2022, 12:02 pm

ജോര്‍ജുകുട്ടിയും സീതയും; ദൃശ്യം തിരിച്ചിട്ട റോഷാക്ക്; ഒന്ന് മറ്റൊന്നിനേക്കാള്‍ ഗംഭീരമാകുന്നത് എന്തുകൊണ്ട്

കെ.വി മധു

എന്റെ കുടുംബം അതാണെനിക്ക് പ്രധാനം. അതിന് വേണ്ടി ഞാന്‍ എന്തുംചെയ്യും. മറ്റുള്ളവരുടെ മുന്നില്‍ എന്റെയും കുടുബത്തിന്റെയും മാനം, സുരക്ഷ. മറ്റൊന്നും എനിക്ക് പ്രശ്നമല്ല.

ജോര്‍ജ്ജുകുട്ടി (ദൃശ്യം) പറഞ്ഞ അതേ ഡയലോഗാണ് സീത (റോഷാര്‍ക്ക്)യുടെയും പ്രത്യയശാസ്ത്രം. മൂല്യവിചാരത്തില്‍ രണ്ടുധ്രുവങ്ങളിലെന്ന് മാത്രം. ഒന്ന് വിറ്റഴിയുന്ന മാര്‍ക്കറ്റുള്ള വരേണ്യകാലത്തേതും അടുത്തത് മൂല്യപരിണാമം വന്ന ചിന്തിക്കുന്ന പുതിയ കാലത്തിന്റെതും.

ദൃശ്യം ഗംഭീരസിനിയാണ്. റോഷാക്കും ഗംഭീരസിനിമയാണ്. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് സ്വയം തിരുത്താന്‍ തയാറുള്ള ഒരു സിനിമാക്കാലത്തിന്റെ അടയാളമാണ് എന്നതിനാല്‍ റോഷാക്ക് കുറച്ച് കടുതല്‍ ഗംഭീര സിനിമയാകുന്നു.
(ഒരു പടി കൂടി കടന്ന് വേണമെങ്കില്‍ ദൃശ്യം തിരിച്ചിട്ട സിനിമയാണ് റോഷാക്ക് എന്നു പറയാം)

അതിന്റെ നിര്‍മിതിയുടെ സാങ്കേതികതയ്ക്കൊപ്പം അന്തര്‍ധാരയായി ഉള്‍ക്കൊണ്ട മൂല്യവിചാരത്തിന്റെ കനം കൂടിനോക്കുമ്പോള്‍ റോഷാക്ക് അതിഗംഭീരസിനിമയാകുന്നു.

നിസാം ബഷീറും മമ്മൂട്ടിയും കൂട്ടരും നമ്മെ അതിശയിപ്പിക്കുന്നു. വെറും സിനിമാനിര്‍മിതിയുടെ മികവുറ്റ സാങ്കേതികതയാല്‍ മാത്രമല്ല, എല്ലാക്കാലത്തും കച്ചവടസിനിമകള്‍ പുറത്തേക്ക് വിട്ട എതിര്‍മൂല്യത്തെ തിരിച്ചറിഞ്ഞ് കസവ് നേര്യതിന്റെ പുറംവെണ്മയ്ക്കകത്തുള്ള
മലിനമനസുകളെയെടുത്ത് പുറത്തേക്കെറിഞ്ഞതിനാല്‍, ആള്‍ക്കൂട്ടമനസ്സിന്റെ ബുദ്ധിയില്ലായ്മയുടെ ചരടുകള്‍ പൊട്ടിച്ചുവിട്ടതിനാല്‍, കണ്ടകാഴ്ചകളെ അട്ടിമറിച്ചതിനാല്‍, പ്രതിഭകളുടെ വിളയാട്ടങ്ങള്‍ക്കൊപ്പം പ്രേക്ഷകനറിയാതെ ചിന്തയുടെ പുത്തന്‍ ലോകം തുറന്നുവിട്ടതിനാല്‍, വ്യാജ നിര്‍മിത സ്വത്വങ്ങളുടെ വേര് തേടിപ്പോയതിനാല്‍, സര്‍വ്വോപരി ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ ജനപ്രിയ നായകനായ ദിലീപ് എന്ന വ്യാജ നിര്‍മിതിയെ പുറംതോട് പൊളിച്ച് വലിച്ച് പുറത്തിട്ടതിനാല്‍, നന്ദി മികച്ച ഒരു സിനിമാനുഭവം തന്നതിന്…

Content Highlight: A comparison on Rorschach and Drishyam Movie, Georgekutty and seetha

കെ.വി മധു

We use cookies to give you the best possible experience. Learn more