ജീവിക്കാന്‍ മാര്‍ഗമില്ലെന്നും സഹായിക്കണമെന്നുമുള്ള മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു.
ഒരുകാലത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം ടീമിലെത്തുകയും അദ്ദേഹത്തിനോടൊപ്പം തന്നെ ഇന്ത്യയ്ക്കായി കളിക്കുകയും ചെയ്ത താരമായിരുന്നു വിനോദ് കാംബ്ലി. ഇന്ത്യന്‍ ടീമിലെത്തുന്നതിന് മുമ്പ് മുംബൈയില്‍ ക്രിക്കറ്റ് കളിച്ചിരുന്നപ്പോള്‍ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
എന്നാല്‍ തെറ്റായ ജീവിത ശൈലി കാംബ്ലിയുടെ കരിയര്‍ അവസാനിപ്പിച്ചപ്പോള്‍, ഒപ്പം നടന്ന സച്ചിന്‍ പ്രശസ്തിയുടെ കൊടുമുടി കയറുന്നത് നോക്കി നില്‍ക്കാനായിരുന്നു താരത്തിന്റെ വിധി.
താനിപ്പോള്‍ പ്രാരാബ്ധത്തിലാണെന്നും കുടുംബം നോക്കാന്‍ എന്തെങ്കിലും ജോലി ആവശ്യമാണെന്നും പറഞ്ഞുകൊണ്ട് കാംബ്ലി നേരത്തെ രംഗത്തെത്തിയിരുന്നു. ബി.സി.സി.ഐയില്‍ നിന്നും തനിക്ക് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് തന്റെയും കുടുംബത്തിന്റെയും ഏകവരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ താരത്തിന് പുതിയ ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് സഹ്യാദ്രി ഇന്‍ഡസ്ട്രി ഗ്രൂപ്പ്. കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തില്‍ മാസം ഒരു ലക്ഷം രൂപ ലഭിക്കുന്ന ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കാംബ്ലി തന്റെ അവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് സഹ്യാദ്രി ഇന്‍ഡസ്ട്രി ഗ്രൂപ്പ് ജോലി നല്‍കാമെന്നേറ്റിരിക്കുന്നത്.
ബി.സി.സി.ഐയില്‍ നിന്നും പെന്‍ഷനായി മാസം ലഭിക്കുന്ന 30,000 രൂപയായിരുന്നു കാംബ്ലിയുടെ വരുമാനം. 20 വര്‍ഷത്തിലേറെയായി കാംബ്ലി ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട്. ഉപജീവനത്തിനായി നിരവധി റിയാലിറ്റി ഷോകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
2019 ലെ മുംബൈ ടി-20 ലീഗില്‍ ഒരു ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയുടെ ഭാഗമായിട്ടും പ്രവര്‍ത്തിച്ചിരുന്നു.
‘ഞാന്‍ വാംഖഡെയിലോ ബി.കെ.സിയിലോ ജോലിക്കായി എം.സി.എയുമായി ബന്ധപ്പെട്ടിരുന്നു. എനിക്ക് ഒരു കുടുംബത്തെ നോക്കേണ്ടതുണ്ട്. സി.ഐ.സിയിലും ജോലി അന്വേഷിച്ച് പോയിരുന്നു. പക്ഷെ അവര്‍ എനിക്ക് ഒരു ഓണററി ജോലിയാണ് വാഗ്ദാനം ചെയ്തത്,’ എന്നായിരുന്നു തന്റെ അവസ്ഥയെ കുറിച്ച് കാംബ്ലി പറഞ്ഞത്.
മുംബൈ അമോല്‍ മുസുംദാറിനെ മുഖ്യ പരിശീലകനായി നിലനിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ എനിക്ക് ജോലി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സുഹൃത്തായ സച്ചിന്‍ തന്നെ ചിലപ്പോഴെല്ലാം സഹായിക്കാറുണ്ടെന്നും, സച്ചിനില്‍ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വന്നത്, സച്ചിന്‍ എപ്പോഴും ഒരു സുഹൃത്തായി എനിക്കൊപ്പം നിന്നിട്ടുണ്ട്. പക്ഷെ ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല,’ എന്നായിരുന്നു കാംബ്ലി പറഞ്ഞത്.
Content Highlight: A company Offers job to former Indian Star Vinod Kambli